മതിലകം: വെർച്വൽ അറസ്റ്റ് തട്ടിപ്പ് ശൃംഖലയിലെ പ്രതിയെ വയനാട്ടിൽ നിന്നും പിടികൂടി. വയനാട് സുൽത്താൻ ബത്തേരി മൈതാനിക്കുന്ന് സ്വദേശി മച്ചിങ്ങാതൊടിയിൽ വീട്ടിൽ മുഹമ്മദ് ഫസൽ ( 23) ആണ് അറസ്റ്റിലായത്. എസ്.എൻ.പുരം സ്വദേശിയെ വിഡിയോ കോളിൽ വന്ന് ഭീഷണിപ്പെടുത്തി 12,25,000 തട്ടിയെടുത്ത കേസിൽപ്പെട്ട സംഘത്തിലെ കണ്ണിയാണ് പ്രതി. തട്ടിപ്പ് പണത്തിൽ നിന്ന് 500000 മുഹമ്മദ് ഫസലിന്റെ അക്കൗണ്ടിലേക്കാണ് വാങ്ങിയത്. പ്രസ്തുത തുക ചെക്ക് മുഖേന പിൻവലിച്ച് പ്രധാന പ്രതിക്ക് നൽകി തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ടതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രിൽ ഏഴിനായിരുന്നു സംഭവം.
ഡൽഹി ക്രൈം ഡിപാർട്ട്മെന്റിൽ നിന്നാണെന്ന് പറഞ്ഞാണ് വിഡിയോ കോൾ വന്നത്. എസ്.എൻ.പുരം സ്വദേശിയുടെ ആധാർ കാർഡ് ഉപയോഗിച്ച് ഒരാൾ ഒരു കോടിയിലധികം രൂപ ലോൺ എടുത്തു എന്നും ഡൽഹി പൊലീസ് ഉടൻ അറസ്റ്റ് ചെയ്യുമെന്നുമാണ് പൊലീസ് യൂനിഫോമിൽ വിഡിയോ കോളിൽ വന്ന പ്രാധാനപ്രതി ഭീഷണിപ്പെടുത്തിയത്. ഇത് നാഷനൽ സീക്രട്ട് ആണെന്നും ആരോടും പറയരുത് എന്നും മറ്റും പറഞ്ഞ് വിശ്വസിപ്പിച്ച് വാട്സ് ആപ്പിലൂടെ സുപ്രീം കോടതിയുടെ വ്യാജ ലെറ്റർ പാഡിൽ ലെറ്റർ അയച്ചു. തുടർന്ന് പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ടിലുള്ള പണം വെരിഫൈ ചെയ്യുന്നതിനായി നോട്ടറി ഡിപ്പാർട്ട്മെന്റിന്റെ അക്കൗണ്ടിലേക്കാണെന്ന് ധരിപ്പിച്ചു.
ശേഷം പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഒാൺലൈനായി മൂന്ന് തവണകളായി 12,25,000 രൂപ അടുത്ത ദിവസം അക്കൗണ്ടിൽ തിരിച്ചുവരുമെന്ന് വിശ്വസിപ്പിച്ച് തട്ടിയെടുത്തുവെന്നാണ് കേസ്. തൃശ്ശൂർ റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ മതിലകം ഇൻസ്പെക്ടർ എം.കെ. ഷാജി, എസ്.ഐ. അശ്വിൻ റോയ്, എ.എസ്.ഐ. വഹാബ്, ജി.എസ്. സി.പി.ഒമാരായ ഷനിൽ, മുറാദ്, ബബീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.