TSR MURDER ഉള്ളുവിങ്ങി അവർ പൊതിച്ചോറുകളെത്തിച്ചു; തണുത്തുറഞ്ഞ ഫ്രീസറിൽ സനൂപ്​ കിടന്നു

tcg mg kavu dyfi food vitharanam തൃശൂർ മെഡിക്കൽ കോളജ് മുറ്റത്ത് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഡി.വൈ.എഫ്.ഐ പ്രവർത്തകർ പൊതിച്ചോർ വിതരണം ചെയ്യുന്നു ഭക്ഷണവിതരണ ചുമതല തീരുമാനിച്ച്​ മടങ്ങവെയാണ്​ സനൂപിനെ കൊലപ്പെടുത്തിയത് മുളങ്കുന്നത്തുകാവ്: മെഡിക്കൽ കോളജ് മുറ്റത്ത് രോഗികളും ബന്ധുക്കളും കൂട്ടിരിപ്പുകാരുമെല്ലാം കാത്തിരിക്കുന്നുണ്ടായിരുന്നു, ആ ഭക്ഷണപ്പൊതികൾക്കായി. പതിവുപോലെ തിങ്കളാഴ്​ചയും തൃശൂർ മെഡിക്കൽ കോളജിൽ 'ഹൃദയപൂർവം' കൗണ്ടർ സജീവമായി. ആരും വിശപ്പോടെ മടങ്ങിയില്ല. എന്നാൽ, മെഡിക്കൽ കോളജ്​ ആശുപത്രിയിലെ പോസ്​റ്റ്​മോർട്ടം ടേബിളിലും മോർച്ചറിയിലെ തണുത്തുറഞ്ഞ ഫ്രീസറിലുമായിരുന്നു അപ്പോൾ പ്രിയ സനൂപ്​. കണ്ണീർ തളംകെട്ടിയ മുഖം മറച്ച്, ഉള്ളിലെ വിങ്ങൽ പുറത്തുകാണിക്കാതെ നെഞ്ചുവിങ്ങി പ്രവർത്തകർ ആ പൊതിച്ചോറുകൾ വിതരണം ചെയ്തു. ഗവ. മെഡിക്കൽ കോളജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഡി.വൈ.എഫ്.ഐ പതിവായി നടത്തുന്ന ഭക്ഷണ വിതരണമാണ്​ തിങ്കളാഴ്ച ഹൃദയഭേദകമായത്​. കാറ്റായാലും മഴയായാലും അപകടമുണ്ടായാലും പ്രളയമായാലും ഒരുദിവസം പോലും മുടങ്ങാതെ മെഡിക്കൽ കോളജിൽ തുടരുന്നതാണ്​ ഡി.വൈ.എഫ്.ഐയുടെ ഉച്ചഭക്ഷണ വിതരണ പരിപാടി. തിങ്കളാഴ്ച ഭക്ഷണം വിതരണം ചെയ്യാനുള്ള ഉത്തരവാദിത്തം ചൊവ്വന്നൂർ മേഖലയിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കായിരുന്നു. വീടുകൾ കയറി പൊതിച്ചോറുകൾ ഉറപ്പിക്കുന്ന അവസാനവട്ട ശ്രമത്തിനിടയിൽ അതിന് നേതൃത്വം നൽകിയത് ഡി.വൈ.എഫ്.ഐ ചൊവ്വന്നൂർ മേഖല ജോയൻറ് സെക്രട്ടറികൂടിയായ സനൂപായിരുന്നു. കൂട്ടലിനും കിഴിക്കലിനുമിടയിൽ രാത്രിയിലും ഓരോ വീടുകളിൽനിന്നുമുള്ള ഭക്ഷണപ്പൊതി​ കണക്കുകളും എത്തിക്കേണ്ട വളൻറിയർമാരെയുമെല്ലാം തീരുമാനിച്ച് മടങ്ങുമ്പോഴായിരുന്നു സനൂപിനെ അക്രമിസംഘം കുത്തിക്കൊലപ്പെടുത്തിയത്. തങ്ങളുടെ പ്രിയപ്പെട്ടവനെ അരിഞ്ഞുവീഴ്ത്തിയ നെഞ്ചുപൊട്ടുന്ന ദുഃഖത്തിലും വിശന്നിരിക്കുന്നവരെക്കുറിച്ചുള്ള ആശങ്കയിലായിരുന്നു പ്രവർത്തകർ. സനൂപും സുഹൃത്തുക്കളും പറഞ്ഞുറപ്പിച്ച പൊതിച്ചോറുകൾ, ജീവനോടെ ബാക്കിയുള്ളവർ ശേഖരിച്ച്, വിശക്കുന്ന മനുഷ്യർക്ക് നൽകി. സനൂപി​ൻെറ ഫോ​ട്ടോയുള്ള ബാഡ്ജ് ധരിച്ച് കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു തിങ്കളാഴ്ച പ്രവർത്തകർ ഭക്ഷണം വിതരണം ചെയ്തത്. സംഭവമറിയാത്ത രോഗികൾ പലരും ഇത് അന്വേഷിച്ചെങ്കിലും ഉള്ളിലെ കരച്ചിലിൽ പ്രവർത്തകരിൽ​ പലർക്കും വാക്കുകൾ കിട്ടാതെ പൊട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.