ചിറങ്ങരയിൽ വനംവകുപ്പ് സ്ഥാപിച്ച കാമറ ട്രാപ്
കൊരട്ടി: പഞ്ചായത്തിൽ പുലി സാന്നിധ്യമുണ്ടോയെന്ന് നിരീക്ഷിച്ചറിയാൻ രണ്ട് വാർഡുകളിൽ വനംവകുപ്പ് കാമറ ട്രാപ്പ് സ്ഥാപിച്ചു. വഴിച്ചാൽ, മംഗലശ്ശേരി, ചെറ്റാരിക്കൽ വാർഡുകളിലായി അഞ്ചിടത്താണ് കാമറകൾ വെച്ചത്. ഇതിൽ രണ്ട് കാമറകൾ പുലി നായെ പിടികൂടിയ വീടിന്റെ പരിസരത്താണ് സ്ഥാപിച്ചത്. ഇതുവഴി പുലിയുടെ സഞ്ചാരപഥം മനസ്സിലാക്കാമെന്നാണ് കരുതപ്പെടുന്നത്. അത് തിരിച്ചറിഞ്ഞാൽ ഫലപ്രദമായി കൂട് സ്ഥാപിക്കാൻ കഴിയും.
പുലിയെ പിടികൂടാൻ കൂടുവെക്കുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചിരുന്നു. അതേസമയം, കൂടുവെക്കുന്ന കാര്യത്തിൽ തീരുമാനമൊന്നും ആയിട്ടില്ല. ഇക്കാര്യത്തിൽ സി.സി.എഫിന്റെ അനുമതി ലഭിച്ചിട്ടില്ലെന്നാണ് സൂചന. ചാലക്കുടി, വാഴച്ചാൽ ഡി.എഫ്.ഒമാർ പ്രദേശത്ത് സന്ദർശനം നടത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം ഉണ്ടായാൽ നേരിടാൻ ആർ.ആർ.ടി അംഗങ്ങളും രംഗത്തുണ്ട്.
കൊരട്ടി പ്രദേശത്തുനിന്ന് പോകാതെ പുലി തമ്പടിച്ചു നിൽക്കുന്നുവെന്നതിന് കാര്യമായ തെളിവുകളൊന്നുമില്ല. എങ്കിലും ജനങ്ങളുടെ പുലിപ്പേടി മാറിയില്ല. രാത്രിയിലും പുലർച്ചയും ജനങ്ങൾ ജാഗ്രതയിലാണ്. അതിരാവിലെയുള്ള വിദ്യാർഥികളുടെ സ്വകാര്യ ട്യൂഷൻ ഏതാനും നാളത്തേക്ക് മാറ്റിയിട്ടുണ്ട്. 11, 12, 13 വാർഡുകളിലെ ഈ കാടുകൾ വെട്ടിത്തെളിക്കാൻ നിർദേശമുണ്ട്.
വർഷങ്ങളായി പൂട്ടിയിട്ട കൊരട്ടി ഭാരത സർക്കാർ പ്രസ്സിന്റെ 100 ഏക്കറോളം വരുന്ന വളപ്പാണ് പ്രദേശത്തെ കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങളിലൊന്ന്. കുറുനരി തുടങ്ങിയ കാട്ടുജീവികൾ ഇവിടെയുണ്ട്. ഏതാനും വർഷം മുമ്പ് കാട്ടിൽ നിന്നെത്തിയ കാട്ടുപോത്ത് ഇവിടെ തമ്പടിച്ചിരുന്നു. ഡ്രോൺ പറത്തി ഇവിടെ പുലിയുടെ സാന്നിധ്യമുണ്ടോയെന്ന് നിരീക്ഷിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.