തൃശൂർ: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിർമാണം പൂർത്തിയായ എച്ച്.ഡി.എസ് ലാബിന്റെ ട്രയൽ റൺ ജൂലൈ 15 മുതൽ നടക്കും. ഇതിന് ശേഷം ലാബ് പൊതുജനങ്ങൾക്കായി തുറന്നുനൽകും. മറ്റ് മെഡിക്കൽ കോളജുകളിലും ആശുപത്രികളിലുമുള്ള എച്ച്.ഡി.എസ് ലാബുകളുടെ നിരക്ക് പഠിച്ച ശേഷം സമാന രീതിയിൽ തന്നെയായിരിക്കും തൃശൂരിലും നിരക്ക് നിശ്ചയിക്കുകയെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. രാധിക ‘മാധ്യമ’ത്തോട് പറഞ്ഞു.
എച്ച്.ഡി.എസ് ലാബിലേക്കുള്ള നിയമനങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്. ഇനി മാനേജരൈ കൂടി നിയമിച്ചാൽ മതിയാകും. എച്ച്.ഡി.എസ് വഴി പുതിയ ഡയാലിസിസ് യൂനിറ്റ് ആരംഭിക്കാനും സി.ടി സ്കാൻ പ്രവർത്തനം ഉടൻ തുടങ്ങും. കഴിഞ്ഞ ദിവസം ചേർന്ന ആശുപത്രി വികസന സൊസൈറ്റി (എച്ച്.ഡി.എസ് ) എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഇക്കാര്യത്തിൽ അനുമതി നൽകിയിട്ടുണ്ട്.
എമർജൻസി മെഡിസിൽ വിഭാഗത്തിലെ പ്രതിസന്ധി പരിഹരിക്കാൻ ട്രോമ കെയർ ഓപറേഷൻ തിയറ്ററിലേക്ക് മൂന്ന് അനസ്തിസ്റ്റുകളെയും നിയമിക്കും. ഇതോടെ അടിയന്തര ശസ്ത്രക്രിയകൾ പ്രയാസം കൂടാതെ നടത്താൻ സാധിക്കും. വിവിധ വിഭാഗങ്ങളിലേക്ക് അഞ്ച് ഡയാലിസിസ് ടെക്നീഷ്യൻമാരെയും നിയമിക്കും. ഒഴിവുള്ള മൂന്ന് സെക്യൂരിറ്റി സൂപ്പർ വൈസർ തസ്തികകളും നികത്തും.
രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം കഴിക്കാൻ നിർമിച്ച പൊതു ഇടം തുറന്നുകൊടുക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഇവിടെ പ്ലംബിങ് ജോലികൾ പൂർത്തിയാകാനുണ്ട്. ഇതിന് ശേഷം തുറന്നുകൊടുക്കും.ഇതോടൊപ്പം ഒ.പി ബ്ലോക്കിലും അത്യാഹിത വിഭാഗത്തിലും ഫുഡ് വെൻഡിങ് മെഷീനുകൾ സ്ഥാപിക്കാനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാനും യോഗം തീരുമാനിച്ചു.
താൽക്കാലിക ജീവനക്കാരുടെ വേതനം വർധിപ്പിക്കുന്നത് സംബന്ധിച്ച് പഠിക്കാൻ പ്രത്യേക സമിതിയെയും നിയോഗിച്ചു. കഴിഞ്ഞ യോഗതീരുമാനപ്രകാരം മെഡിക്കൽ കോളജിലെ ഗസ്റ്റ് ഹൗസും ആശ്വാസ് വാടകവീടും പ്രവർത്തനം ആരംഭിച്ചതായും പേ വാർഡുകളിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ വാങ്ങിയതായും സൂപ്രണ്ട് അറിയിച്ചു. കലക്ടർ അർജുൻ പാണ്ഡ്യൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. കെ. രാധാകൃഷ്ണൻ എം.പി, സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എൻ. അശോകൻ, സൂപ്രണ്ട് ഡോ. രാധിക, എ.ആർ.എം.ഒ ഡോ. ഷിജി ടി.ജി തുടങ്ങിയവർ പങ്കെടുത്തു.
തൃശൂർ: ഒരു മാസത്തിലധികമായി മുടങ്ങിയ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ പുനരാംഭിക്കുന്നത് സംബന്ധിച്ച റിപ്പോർട്ട് ഡി.എം.ഇക്ക് മുന്നിൽ. കഴിഞ്ഞ ശനിയാഴ്ച വിദഗ്ധ സംഘം മെഡിക്കൽ കോളജിലെത്തി പഠിച്ച ശേഷമാണ് റിപ്പോർട്ട് കൈമാറിയത്. ഈ റിപ്പോർട്ടിലെ തീരുമാന പ്രകാരമായിരിക്കും ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ തീരുമാനിക്കുക.
ശസ്ത്രക്രിയക്ക് സഹായിക്കുന്ന സാങ്കേതിക വിദഗ്ധർക്ക് വേണ്ടത്ര കാര്യക്ഷമതയും പരിചയവുമില്ലെന്ന് ഡോക്ടർ റിപ്പോർട്ട് നൽകിയതോടെയാണ് ആദ്യം മെഡിക്കൽ കോളജും തുടർന്ന് ഡി.എം.ഇയും അന്വേഷണ സമിതിയെ നിയോഗിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നുള്ള ഹൃദയ ശസ്ത്രക്രിയ വിദഗ്ധൻ അടക്കമുള്ളവരാണ് പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.