തൃശൂർ: ലാലൂർ ലെഗസി വേസ്റ്റ് ബയോമൈനിങ് പദ്ധതിയിൽ ഒരു കോടിയിലേറെ രൂപ തൃശൂർ കോർപറേഷന് നഷ്ടമായെന്ന് റിപ്പോർട്ട്. പദ്ധതിക്കായി നൽകിയത് 5,11,22,498 രൂപയാണ്. എന്നാൽ കണക്കുകൾ പരിശോധിച്ചതിൽ ആകെ 3,99,72,775 രൂപയാണ് ചെലവായത്.
കോർപറേഷൻ ലാലൂർ ഡംപിങ് ഗ്രൗണ്ടിൽ കിഫ്ബി ഫണ്ട് വഴി നിർമാണം നടപ്പിലാക്കുന്ന ഐ.എം. വിജയൻ സ്പോർട്സ് കെട്ടിടത്തിന്റെ സമീപമായി ഉണ്ടായിരുന്ന ലെഗസി വേസ്റ്റ് മുഴുവനായി ബയോമൈനിങ് ചെയ്തത് നിർമാർജനം ചെയ്യുന്നതിന് തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായി എൻജിനീയറിങ് വിഭാഗം ടോട്ടൽ സ്റ്റേഷൻ രീതിയിലൂടെ വേസ്റ്റിന്റെ അളവ് 51,000 ക്യുബിക് മീറ്റർ ആയി കണക്കാക്കി. തുടർന്ന് ഇതിനായി 2021-22 ൽ ലാലൂർ ലെഗസി വേസ്റ്റ് ബയോ മൈനിങിന് അഞ്ച് കോടി അടങ്കൽ തുക കണക്കാക്കി പദ്ധതി ആവിഷ്കരിച്ചു. ഇതിനായി എസ്.ഇ.യു.എഫുമായി (സോഷ്യോ എക്കണോമിക് യൂനിറ്റ് ഫെഡറേഷൻ) കരാർ ഉറപ്പിച്ചു.
തുടർന്ന് 2022-23 ലും 2023-24 ലും 2024-25 ലുമായി വിവിധ പദ്ധതികൾ പ്രകാരം ആകെ 5.11 കോടി പദ്ധതി ചെലവിൽ പദ്ധതി പൂർത്തീകരിച്ചതായി ഫയലിൽ രേഖപ്പെടുത്തി. മാലിന്യ സംസ്കരണത്തിന്റെ ഭാഗമായ ഈ പദ്ധതിക്ക് കേന്ദ്രത്തിന്റെ നോട്ടിഫിക്കേഷൻ പ്രകാരം ജി.എസ്.ടി ഒഴിവാക്കിയിരുന്നു. കരാർ പ്രകാരം 51,000 എം.എൽ ലെഗസി മാലിന്യം ബയോമൈനിങിന് 867.5/എം3 നിരക്കിൽ പൂർത്തീകരിച്ചതായി എക്സിക്യൂട്ടിവ് എൻജിനിയർ സർട്ടിഫിക്കറ്റ് നൽകി.
ഇതനുസരിച്ച് കണക്കാക്കിയാൽ ബയോമൈനിങ് ജോലിക്ക് 867.5 രൂപ നിരക്കിൽ 51000 എം3 ക്ക് ആകെ 4,42,42,500 രൂപയാണ്. ഇതിൽ സർക്കാർ അനുശാസിക്കുന്ന ഇളവുകൾ കുറക്കണം. കമ്പോസ്റ്റ് വിറ്റ വകയിൽ എസ്.ഇ.യു.എഫിനു ലഭിച്ച തുകയും കുറച്ചാൽ ആകെ 3,99,72,775 രൂപയാണ്. എന്നാൽ പദ്ധതിയുടെ ആകെ ചെലവ് സുലേഖ സോഫ്റ്റ് വെയർ പദ്ധതി പ്രകാരം 5.11 കോടി ആണ്.
അതിനാൽ കോർപറേഷന്റെ സുലേഖ സോഫ്റ്റ് വെയറിലെ പദ്ധതി ചെലവ് കൃത്യമാണെന്ന് അനുമാനിക്കാൻ സാധിക്കില്ല. തെറ്റായ ഈ തുക ബാലൻസ് ഷീറ്റിൽ വരെ പ്രതിഫലിക്കുന്നു. 2025 മാർച്ച് 24ന് പരിശോധന സംഘം ലാലൂർ ഡംപിങ് ഗ്രൗണ്ടിൽ നടത്തിയ സംയുക്ത പരിശോധന നടത്തി. 2000 എം.എല്ലിന് മുകളിൽ വരുന്ന ലെഗസി മാലിന്യം ഇനിയും പ്രോസസ് ചെയ്യാതെ കുന്നുകൂടി കിടക്കുകയാണ്. അതിനാൽ പൂർണമായി ലെഗസി മാലിന്യം ബയോമൈനിങ് ചെയ്തതായി ഉറപ്പാക്കാൻ സാധിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.