തൃശൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന്റെ ഒരുഭാഗം പൊളിച്ചുമാറ്റുന്നു
തൃശൂർ: മധ്യ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനായ തൃശൂരിൽ പുതിയ സംവിധാനം നിർമിക്കാനായി സ്റ്റാൻഡ് പൊളിക്കൽ തുടങ്ങി. സ്റ്റാൻഡിലെ ഒരു ഭാഗത്തെ നിർമിതികൾ ജെ.സി.ബി അടക്കം ഉപയോഗിച്ച് പൊളിച്ചുകഴിഞ്ഞു. ആകെ തകർന്ന സ്റ്റാൻഡും കെട്ടിടവും പൊളിക്കൽ അനിവാര്യമാണെങ്കിലും ബദൽ സംവിധാനം സംബന്ധിച്ച് അടിമുടി ആശയക്കുഴപ്പം തുടരുകയാണ്. ദിനേന 1200ഓളം സർവിസുകൾ കടന്നുപോകുന്ന സ്റ്റേഷനിലാണ് ഈ അവസ്ഥ.
നിലവിലെ സ്റ്റാൻഡിലെ സ്ഥലവും പഴയ വടക്കേ സ്റ്റാൻഡും ശക്തൻ സ്റ്റാൻഡിലെ കെട്ടിടവും ഉപയോഗപ്പെടുത്തി സർവിസുകൾ തുടരുകയാണ് ലക്ഷ്യമിടുന്നത്. ശക്തൻ സ്റ്റാൻഡിലെ കെട്ടിടത്തിൽ ഓഫിസും നിലവിലെ സ്റ്റാൻഡിലും പഴയ വടക്കേ സ്റ്റാൻഡിലുമായി ബസുകളും സർവിസുകളും നടത്തും. ഇതുസംബന്ധിച്ചും വ്യക്തമായ തീരുമാനമായിട്ടില്ല. പഴയ വടക്കേ സ്റ്റാൻഡ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോർപറേഷന് കെ.എസ്.ആർ.ടി.സി കത്ത് നൽകിയിട്ടുണ്ട്.
അടുത്ത കൗൺസിലിൽ ആയിരിക്കും ഇതിന്റെ തീരുമാനമുണ്ടാകുക. അതേസമയം, ഓഫിസ് അടുത്തയാഴ്ചയോടെ ശക്തൻ സ്റ്റാൻഡിലെ കെട്ടിടത്തിലേക്ക് മാറും. സർവിസുകൾ നിലവിലെ സ്റ്റാൻഡിൽ നിന്ന് തന്നെ ആരംഭിക്കും. വർക് ഷോപ്പ് പ്രവർത്തനവും ഇപ്പോഴുള്ള സ്ഥലത്ത് തുടരും.
സ്റ്റാൻഡ് പൊളിക്കലും സർവിസ് മാറ്റലും അടക്കം വിഷയങ്ങളിൽ യാത്രക്കാരുടെ ദുരിതം കുറക്കാനാണ് ഉദ്യോഗസ്ഥരുടെ ശ്രമം. തെക്കൻ ജില്ലകളിൽനിന്നും വടക്കൻ ജില്ലകളിൽനിന്നും തൃശൂരിലൂടെ നടത്തുന്ന സർവിസുകളും തൃശൂരിൽനിന്ന് ഓപറേറ്റ് ചെയ്യുന്നവയും തൃശൂരിലേക്ക് വരികയും ചെയ്യുന്ന സർവിസുകളും അടക്കമുള്ളവ ക്രമീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.