മൂന്നു മുന്നണിയും പോരാട്ടച്ചൂടിൽ; കോർപറേഷൻ ആരു കൊണ്ടുപോകും?

തൃശൂർ: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന കോർപറേഷനുകളിൽ ഒന്നാണ് തൃശൂർ. കയ്യാലപ്പുറത്തെ തേങ്ങപോലെ ഒരു സ്വതന്ത്രനെ മേയറാക്കി കഴിഞ്ഞ വർഷം ഭരണം തികച്ച ആത്മസംതൃപ്തിയിൽ എൽ.ഡി.എഫും വിരൽതുമ്പിൽ നഷ്ടപ്പെട്ട കോർപറേഷൻ ഭരണം എങ്ങനെയും തിരികെ പിടിക്കണം എന്ന ലക്ഷ്യത്തിൽ യു.ഡി.എഫും തൃശൂർ എം.പിയും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപിയുടെ കലുങ്ക് ചർച്ചകളിലൂടെ ഇക്കുറി ഭരണം പിടിക്കുമെന്ന വാശിയിൽ എൻ.ഡി.എയും മുന്നിട്ടിറങ്ങിയ കടുത്ത മത്സരമാണ് തൃശൂർ കോർപറേഷനിൽ അരങ്ങേറുന്നത്.

ഇക്കുറി ഒരെണ്ണം വർധിച്ച് ഡിവിഷനുകളുടെ എണ്ണം 56 ആണ്. മൂന്നു മുന്നണികളും എല്ലാ ഡിവിഷനുകളിലും മത്സരരംഗത്തുണ്ട്. പ്രചാരണവും കൊടുമ്പിരികൊള്ളുന്നു. കഴിഞ്ഞ രണ്ടു തദ്ദേശതെരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിനായിരുന്നു ജില്ലയിൽ മുൻതൂക്കം.

കോർപറേഷൻ രണ്ടു ടേമായി ഭരിക്കുന്നത് എൽ.ഡി.എഫ് തന്നെ. ഇത്തവണയും ഭരണത്തുടർച്ച ഉണ്ടാകുമെന്ന് അവർ ഉറച്ചുവിശ്വസിക്കുന്നു. ഒന്നുരണ്ട് വിമത സ്വരങ്ങൾ ഉയർന്നു എന്നതൊഴിച്ചാൽ കാര്യമായ അസ്വാരസ്യങ്ങൾ ഒന്നും എൽ.ഡി.എഫിൽ ഇല്ല. അതേസമയം, കഴിഞ്ഞ അഞ്ചു വർഷവും കൂടെനിന്ന സ്വതന്ത്ര മേയർ എം.കെ. വർഗീസ് ബി.ജെ.പി ചായ്‍വ് കാട്ടുന്നതും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽനിന്ന് വിട്ടുനിൽക്കുന്നതും ക്ഷീണം ചെയ്യും.

കരുവന്നൂർ തട്ടിപ്പ്, ഭരണവിരുദ്ധ വികാരം അടക്കമുള്ള വിഷയങ്ങളും ചർച്ചയാകുന്നുണ്ട്. 24 സീറ്റ് നേടി വലിയ ഒറ്റക്കക്ഷിയായിട്ടും കപ്പിനും ചുണ്ടിനുമിടയിലാണ് യു.ഡി.എഫിന് കഴിഞ്ഞ ടേം ഭരണം നഷ്ടമായത്. എങ്ങനെയും തിരികെ പിടിക്കും എന്ന നിലക്കുള്ള പോരാട്ടമാണ് അവർ നയിക്കുന്നത്. ഒല്ലൂർ, മിഷൻ ക്വാർട്ടേഴ്സ്, കുര്യച്ചിറ എന്നീ മൂന്നു ഡിവിഷനുകളിൽ വിമതരുണ്ട് എന്നതൊഴിച്ചാൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ യു.ഡി.എഫ് മുന്നിൽതന്നെയാണ്. മുൻമേയറും നിലവിലെ പ്രതിപക്ഷനേതാവുമായ രാജൻ പല്ലനാണ് തെരഞ്ഞെടുപ്പ് പ്രചാരണ ചുമതല.

കുന്നോളം പ്രതീക്ഷയാണ് ബി.ജെ.പി കോർപറേഷനിൽ വെച്ചുപുലർത്തുന്നത്. അവിണിശ്ശേരി പഞ്ചായത്തും ലോക്സഭ മണ്ഡലവും തങ്ങളുടേതായതുപോലെ തൃശൂർ കോർപറേഷൻ ഭരണം എന്തുവില കൊടുത്തും പിടിച്ചെടുക്കുക എന്നതാണ് ബി.ജെ.പി ലക്ഷ്യംവെക്കുന്നത്.

മേയർ സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയ വനിതക്കെതിരെ പാർട്ടിയിൽനിന്നുതന്നെ ഉയർന്ന രൂക്ഷ എതിർപ്പും പിന്നീട് പിൻവലിക്കലും ഒക്കെ ക്ഷീണംചെയ്തെങ്കിലും വർഗീയ മുതലെടുപ്പിലൂടെ അതിനെയെല്ലാം മറികടക്കാം എന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. ഹിന്ദുത്വ പരീക്ഷണത്തിന്റെ വിളവെടുപ്പ് കേന്ദ്രമായ തൃശൂരിൽ ഇടതുവലതുമുന്നണികൾ എൻ.ഡി.എ ഉയർത്തുന്ന ഭീഷണിക്ക് വലിയ ചെവികൊടുക്കുന്നില്ല. ചെറുപാർട്ടികളായ എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി, ആം ആദ്മി എന്നിവ ബി.ജെ.പിയെ തടുക്കുവാനുള്ള അടവുകളാകും കോർപറേഷനിൽ പയറ്റുക എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    
News Summary - Thrissur Corporation local body election news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.