സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിൽ ‘തീവണ്ടി, സാഹിത്യം,
കേരളം’ എന്ന പാനൽ ചർച്ചയിൽ അനുഭവങ്ങൾ പങ്കുവെക്കുന്ന വൈശാഖൻ. ഷിനിലാൽ,
ടി.ഡി. രാമകൃഷ്ണൻ, മിനി പ്രസാദ് എന്നിവർ സമീപം
തൃശൂർ: ജീവിതത്തിൽ ആദ്യമായും അവസാനമായും വാങ്ങിയ കൈക്കൂലിയുടെ രഹസ്യം വെളിപ്പെടുത്തി എഴുത്തുകാരൻ വൈശാഖൻ. കേരള സാഹിത്യ അക്കാദമി സാർവദേശീയ സാഹിത്യോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘തീവണ്ടി, സാഹിത്യം, കേരളം’ എന്ന വിഷയത്തിലെ പാനൽ ചർച്ചയിലാണ് അദ്ദേഹം അനുഭവം വെളിപ്പെടുത്തിയത്.
റെയിൽവേയിൽ ജോലി ചെയ്യുന്ന 1970കളിൽ ആന്ധ്രപ്രദേശിലെ ഒരു റെയിൽവേ സ്റ്റേഷനിൽ തനിക്കുണ്ടായ അനുഭവമാണ് അദ്ദേഹം ശ്രോതാക്കളുമായി പങ്കുവെച്ചത്. ചരക്കുതീവണ്ടികൾ വ്യാപകമായി കൊള്ളചെയ്യപ്പെടുന്ന കാലമായിരുന്നു അത്.
കൽക്കരിയുമായി പോകുന്ന ട്രെയിനുകൾ നിർത്തിയിടുമ്പോൾ അതിൽനിന്നും കാളവണ്ടികളിൽ എത്തുന്ന സംഘം കൽക്കരി മോഷ്ടിക്കും. ഇതിന് നേതൃത്വം നൽകുന്നയാൾ തന്നെ സമീപിച്ച് 300 രൂപ കൈക്കൂലി മേശപ്പുറത്തുവെച്ചു. അത് തിരികെയെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ കഴുത്തിന് മുകളിൽ തല വേണമെങ്കിൽ പണംവാങ്ങി മിണ്ടാതിരിക്കാൻ ആവശ്യപ്പെട്ടു. ജീവൻ പ്രധാനമായതിനാൽ അന്ന് എതിർത്തില്ല. 200 രൂപ റെയിൽവേ പോർട്ടർമാർക്കു വീതിച്ചു നൽകി. നൂറ് രൂപ കയ്യിൽവെച്ചു. അന്ന് 115 രൂപയായിരുന്നു ശമ്പളം. ജീവിതത്തിൽ താൻ ആദ്യവും അവസാനവും വാങ്ങിയ കൈക്കൂലി അതായിരുന്നുവെന്നും അദ്ദേഹം ഓർമിപ്പിച്ചു.
റെയിൽവേ ജീവിതം ഒരുപാട് കഥകൾക്കും നോവലുകൾക്കും സഹായകമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചരക്കുതീവണ്ടിയിൽ ഗാർഡ് ആയി സേവനം അനുഷ്ഠിക്കുന്ന കാലത്ത് ഉൾപ്രദേശങ്ങളിൽ ഗുഡ്സ് ട്രെയിനുകൾ നിർത്തിയിടുമ്പോൾ പാവപ്പെട്ട ഗ്രാമവാസികൾ വാഗണുകളിൽനിന്ന് അരി മോഷ്ടിക്കുന്നത് നിസഹായതയോടെ നോക്കിനിന്നിട്ടുണ്ടെന്ന് തുടർന്ന് സംസാരിച്ച നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണൻ പറഞ്ഞു.
‘പച്ച മഞ്ഞ ചുവപ്പ്’ എന്ന തന്റെ നോവൽ റെയിൽവേ തൊഴിൽ ജീവിത കാലത്ത് നടന്ന സംഭവമാണെന്നും അദ്ദേഹം പറഞ്ഞു. റെയിൽവേ കായികമേഖലയിലുള്ള ജീവനക്കാർക്ക് നൽകുന്ന പ്രോത്സാഹനം സാഹിത്യമേഖലയിൽ ഉള്ളവർക്ക് നൽകാറില്ലെന്ന് വൈശാഖനും ടി.ഡി. രാമകൃഷ്ണനും പറഞ്ഞു. എന്നാൽ, നിലവിൽ മാറ്റമുണ്ടെന്നും പുതിയകാലത്ത് എഴുത്തിന് റെയിൽവേ മേലധികാരികളിൽനിന്ന് പിന്തുണ ലഭിക്കാറുണ്ടെന്നും എഴുത്തുകാരൻ ഷിനിലാൽ പറഞ്ഞു. മിനി പ്രസാദ് അധ്യക്ഷത വഹിച്ചു.
‘കവിതയിലെ പുതുപ്രവണതകൾ’ എന്ന വിഷയത്തിൽ നേപ്പാൾ കവികളായ ഭുവൻ തപാലിയ, അമർ ആകാശ്, ടിബറ്റൻ കവിയും ആക്ടിവിസ്റ്റുമായ ടെൻസിങ് സ്യുണ്ടു എന്നിവർ സംസാരിച്ചു. ശ്യം സുധാകർ അധ്യക്ഷത വഹിച്ചു. ‘സത്യാനന്തര കാലത്തെ നിരൂപകദൃഷ്ടി’ വിഷയത്തിൽ നടന്ന ചർച്ചയിൽ കെ.സി. നാരായണൻ, പി.കെ. രാജശേഖരൻ, ഒ.കെ. സന്തോഷ് എന്നിവർ സംസാരിച്ചു. രജേന്ദ്രൻ എടത്തുംകര അധ്യക്ഷത വഹിച്ചു.
‘സാംസ്കാരിക പത്രപ്രവർത്തനം തുടക്കവും തുടർച്ചകളും’ വിഷയത്തിൽ ജമാൽ കൊച്ചങ്ങാടി, എസ്. സുന്ദർദാസ്, ഷിബു മുഹമ്മദ്, ഷബിത എന്നിവർ സംസാരിച്ചു. എം.പി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ടി.എം. തോമസ് ഐസക്, സുനിൽ പി. ഇളയിടം, സുഭാഷ് ചന്ദ്രൻ എന്നിവരുടെ പ്രഭാഷങ്ങളും അരങ്ങേറി. സാഹിത്യോത്സവം വ്യാഴാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.