വിദ്യാർഥിക്ക് പാമ്പുകടിയേറ്റ ആനപ്പറമ്പ് എൽ.പി സ്കൂൾ ജില്ല കലക്ടർ ഹരിത വി. കുമാർ സന്ദർശിക്കുന്നു

മുഴുവന്‍ സ്‌കൂളുകളിലും നാളെ രണ്ടാംഘട്ട ശുചീകരണം

തൃശൂർ: ജില്ലയിലെ മുഴുവന്‍ സ്കൂളുകളിലും ഞായറാഴ്ച രണ്ടാംഘട്ട ശുചീകരണ പ്രവര്‍ത്തനം നടത്താന്‍ കലക്ടര്‍ ഹരിത വി. കുമാര്‍ നിർദേശിച്ചു. തദ്ദേശസ്ഥാപന അധ്യക്ഷരുടെയും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് നിർദേശം. പരിസ്ഥിതി ദിനത്തിൽ നടക്കുന്ന ശുചീകരണ യജ്ഞ ഭാഗമായി ജില്ലയിലെ വിദ്യാലയങ്ങളും ശുചീകരിക്കാനാണ് കലക്ടറുടെ നിർദേശം.

വടക്കാഞ്ചേരി ആനപ്പറമ്പ് എല്‍.പി സ്കൂളിന്‍റെ ഒരേക്കര്‍ ഭൂമിയില്‍ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങള്‍ ഉപയോഗയോഗ്യമാക്കാന്‍ കലക്ടര്‍ സ്കൂള്‍ അധികൃതര്‍ക്ക് നിർദേശം നല്‍കി. വിദ്യാര്‍ഥിക്ക് പാമ്പുകടിയേറ്റ സംഭവവുമായി ബന്ധപ്പെട്ട് സ്കൂള്‍ സന്ദര്‍ശിച്ച ശേഷം ചേര്‍ന്ന അധികൃതരുടെ യോഗത്തിലാണ് കലക്ടര്‍ നിർദേശം നല്‍കിയത്. സ്കൂള്‍ തുറക്കുന്നതിന് മുമ്പ് പൂര്‍ണമായി ശുചീകരിക്കണം. ഒരു ഏക്കർ വരുന്ന സ്കൂള്‍ ഭൂമിയിലെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങള്‍ പരമാവധി ഉപയോഗിക്കണം. വെറുതെ കിടക്കുന്ന സ്ഥലത്ത് കുട്ടികളും മാതാപിതാക്കളും അധ്യാപകരും ചേര്‍ന്ന് അടുക്കളത്തോട്ടം ഒരുക്കണം. വടക്കാഞ്ചേരി നഗരസഭയുടെ സഹായത്തോടെ കളിയുപകരണങ്ങള്‍ സ്ഥാപിച്ച് കളിസ്ഥലം ഒരുക്കണമെന്നും കലക്ടര്‍ പറഞ്ഞു. സ്കൂള്‍ പരിസരത്ത് കൂട്ടിയിട്ട മരങ്ങളും ഉപേക്ഷിച്ച പലകകളും കമ്പികളും മറ്റും ഉടന്‍ മാറ്റണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. പാമ്പുകടിയേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നാലാം ക്ലാസ് വിദ്യാർഥിയെ സന്ദര്‍ശിച്ച ശേഷമാണ് കലക്ടര്‍ സ്കൂളിലെത്തിയത്.

യോഗത്തില്‍ വടക്കാഞ്ചേരി നഗരസഭ ചെയര്‍മാന്‍ പി.എന്‍. സുരേന്ദ്രന്‍, കൗണ്‍സിലര്‍ സന്ധ്യ കോടങ്ങാടന്‍, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ടി.വി. മദനമോഹന്‍, പ്രധാനാധ്യാപകരായ എം. ലിസി പോള്‍, രാജി മോള്‍, ജനകീയാസൂത്രണം ജില്ല ഫെസിലിറ്റേറ്റര്‍ അനൂപ് കിഷേര്‍, അധ്യാപകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    
News Summary - The second step cleaning in whole school tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.