തൃശൂർ റെയിൽവേ സ്റ്റേഷനിൽ നായ്ക്കൾ ആക്രമിച്ചത് മൂന്നുപേരെ

തൃശൂർ: റെയിൽവേ സ്റ്റേഷൻ വിശ്രമകേന്ദ്രമാക്കിയ നായ്ക്കൾ ഭീഷണിയാകുന്നു. കഴിഞ്ഞമാസങ്ങളിൽ മൂന്നുപേരെയാണ് ഇവിടെ തമ്പടിച്ച നായ്ക്കൾ ഉപദ്രവിച്ചത്. രണ്ടു റെയിൽവേ ജീവനക്കാർക്കും ഒരു യാത്രക്കാരനുമാണ് ഉപദ്രവമേറ്റത്. കടിക്കാനെത്തിയ നായ്ക്കളിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇവ മാന്തുകയായിരുന്നു.

മൂന്നുപേർക്കും പേവിഷ പ്രതിരോധ മരുന്നായ റാബീസ് വാക്സിൻ എടുക്കേണ്ടിവന്നു. അതിനിടെ, കഴിഞ്ഞദിവസം 'മാധ്യമം' നൽകിയ വാർത്തയുടെ അടിസ്ഥാനത്തിൽ നായ്ക്കളെ തുരത്താൻ വീണ്ടും കോർപറേഷനെ സമീപിച്ചിരിക്കുകയാണ് റെയിൽവേ ആരോഗ്യ വിഭാഗം. കോർപറേഷൻ പരിധിയിൽ നായ്ക്കളെ പിടികൂടാൻ റെയിൽവേക്ക് അധികാരമില്ലാത്തതിനാലാണ് കോർപറേഷനിൽ നിവേദനം നൽകിയത്. നായ്ശല്യം രൂക്ഷമായതോടെ നേരത്തേ കോർപറേഷൻ അധികാരികൾക്ക് നടപടി ആവശ്യപ്പെട്ട് കത്തയച്ചെങ്കിലും ഒരു ഫലവുമുണ്ടായില്ലെന്ന് അധികൃതർ കുറ്റപ്പെടുത്തി.

അലഞ്ഞുതിരിയുന്ന നായ്ക്കളുടെ വന്ധീകരണത്തിനുള്ള എ.ബി.സി പദ്ധതി അടക്കം കോർപറേഷന് ഇക്കാര്യത്തിൽ ഇടപെടൽ നടത്താനാവും. എന്നാൽ, റെയിൽവേ അധികൃതർ നൽകിയ കത്തിന് കൃത്യമായ മറുപടി പോലും കോർപറേഷൻ നൽകിയില്ല. പറവട്ടാനിയിലെ നായ് വന്ധീകരണ കേന്ദ്രവുമായി ബന്ധപ്പെടാനായിരുന്നു അധികൃതർ നൽകിയ മറുപടി. ഇതനുസരിച്ച് അവരുമായി ബന്ധപ്പെട്ടപ്പോൾ എ.ബി.സി പദ്ധതി പ്രകാരം വന്ധീകരണം നടത്തിയ നായ്ക്കളുടെ ചെവിയിൽ മുദ്രയുണ്ടാവുമെന്ന് അറിയിച്ചു.

അവ കടിക്കില്ലെന്നുമാണ് ആരോഗ്യ വിഭാഗം പറഞ്ഞത്. ഇതനുസരിച്ച് പരിശോധന നടത്തിയപ്പോൾ റെയിൽവേയിലെ നായ്ക്കൾക്ക് ചെവിയിൽ മുദ്രയുണ്ട്. അതേസമയം, ഇവ കടിക്കുകയില്ലെന്ന വാദം തെറ്റുകയും ചെയ്തു. മാത്രമല്ല, ഇവയെ സുരക്ഷിത താവളങ്ങളിലേക്ക് മാറ്റാനും കോർപറേഷന് പദ്ധതികളില്ല.

അതേസമയം, വിവിധ ഭാഗങ്ങളിൽ പൊതുജനം നായ്ക്കൾക്ക് ഭക്ഷണം നൽകുന്നുണ്ട്. ഈ ഭക്ഷണം കഴിച്ച് അവ കൊഴുത്തുവളരുകയാണെന്നാണ് റെയിൽവേയുടെ നിലപാട്. തുടർന്ന് വിശ്രമത്തിനായി സ്റ്റേഷൻ ഉപയോഗിക്കുന്നു. പൊതുജനം ഭക്ഷണം നൽകുന്നത് പരിശോധിക്കാൻ റെയിൽവേ നടപടി സ്വീകരിച്ചുകഴിഞ്ഞു. ഇങ്ങനെ ഭക്ഷണം നൽകുന്നവരോട് ഇവയുടെ സംരക്ഷണ ചുമതലകൂടി ഏറ്റെടുക്കാൻ ആവശ്യപ്പെടും.

Tags:    
News Summary - The dogs attacked three people at the Thrissur railway station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.