2003ലെ ഗുരുവായൂര്‍ ക്ഷേത്രോത്സവ ആനയോട്ടത്തില്‍ ഗോകുല്‍ ജേതാവായപ്പോള്‍ (ഫയൽ)
ഗുരുവായൂര്‍: ഗുരുവായൂര്‍ ആനത്താവളത്തിലെ കൊമ്പന് ഗോകുല്‍ ചെരിഞ്ഞു. തിങ്കളാഴ്ച ഉച്ചക്ക് 12.30ഓടെയായിരുന്നു അന്ത്യം. കഴിഞ്ഞ ഫെബ്രുവരി 13ന് കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തില്‍ ഇടഞ്ഞോടി മൂന്നു പേരുടെ മരണത്തിനിടയാക്കിയ രണ്ട് ആനകളില്‍ ഒന്നാണ് ഗോകുല്‍. പീതാംബരന് എന്ന കൊമ്പന് ഗോകുലിനെ കുത്തിയതിനെ തുടര്‍ന്നാണ് അനിഷ്ടസംഭവങ്ങള്‍ ഉണ്ടായത്. പരിക്കേറ്റ ഗോകുല്‍ ആനത്താവളത്തില്‍ ചികിത്സയിലായിരുന്നു. ചെരിഞ്ഞ ആനക്ക് 33 വയസ്സാണ് കണക്കാക്കുന്നത്.
ഗോകുല്‍ ചെരിഞ്ഞതോടെ ആനത്താവളത്തിലെ ആനകളുടെ എണ്ണം 35 ആയി കുറഞ്ഞു. 2009ല്‍ ഗുരുവായൂരില്‍ 66 ആനകളുണ്ടായിരുന്നു. 2011 ഡിസംബര്‍ 21ന് അയ്യപ്പന്‍കുട്ടി എന്ന കൊമ്പനെ നടയിരുത്തിയശേഷം ആനത്താവളത്തില്‍ ആനകളെ നടയിരുത്തിയിട്ടില്ല.
ഗുരുവായൂര്‍: ഗുരുവായൂരില്‍ തീവണ്ടിയുടെ ചൂളംവിളിയും ഗോകുലിന്റെ ചങ്ങലക്കിലുക്കവും കേള്‍ക്കാന്‍ തുടങ്ങിയത് ഒരേ ദിവസം. 1994 ജനുവരി ഒമ്പതിനാണ് ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷന് നാടിന് സമര്‍പ്പിച്ചത്. അന്നുതന്നെയാണ് കൊച്ചി സ്വദേശി അറക്കല്‍ രഘുനന്ദന് രണ്ടു വയസ്സുള്ള ഗോകുലിനെ ഗുരുവായൂരില്‍ നടയിരുത്തിയതും. കര്‍ണാടകയില്‍ നിന്നാണ് ഗോകുല്‍ എത്തിയത്.
2009ല്‍ തെക്കേനടയിലെ ശീവേലി പറമ്പിലെ തെങ്ങു വീണ് ഗോകുലിന്റെ കൊമ്പിന് ഇളക്കംതട്ടിയിരുന്നു. പിന്നീട് ആ കൊമ്പ് കൊഴിഞ്ഞു. ഫൈബര്‍ കൊമ്പ് ഘടിപ്പിച്ച് സുന്ദരനായാണ് ഈ കൊമ്പന് പിന്നീട് എഴുന്നള്ളിപ്പുകളില്‍ തിളങ്ങിയത്. കൃത്യമായ ചിട്ടവട്ടങ്ങളുള്ള ഗോകുലിന് ചട്ടക്കാരനെ നല്ല അനുസരണയായിരുന്നു. എന്നാല്‍, അല്പം പേടി കൂടുതലുള്ള ആളായിരുന്നു ഗോകുല്‍. കൂട്ടാനകളെ കുത്തുന്ന ദുഃശീലവും ഉണ്ടായിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയില്‍ കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തില്‍ എഴുന്നള്ളിപ്പിനിടെ ആനയിടഞ്ഞ് മൂന്നുപേര്‍ മരിക്കാനിടയായ സംഭവത്തിലെ ആനകളിലൊന്നാണ് ഗോകുല്‍. മറ്റൊരു കൊമ്പനായ പീതാംബരന്റെ കുത്തേറ്റ് ഗോകുലിന്റെ വലത്തെ അടിവയറ്റില്‍ ആഴത്തില്‍ മുറിവുണ്ടായിരുന്നു. ഇടത്തേ മുന്‍കാലിനു പിറകിലും മുന്‍കാലിന്റെ മുന്‍വശത്തും മുറിവുണ്ടായിരുന്നു. ഈ സംഭവത്തിനുശേഷം ആനത്താവളത്തില്‍ ചികിത്സയിലായിരുന്നു.
2011ല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എഴുന്നള്ളിപ്പിനിടെ കുട്ടിശങ്കരനെന്ന കൊമ്പനെ കുത്തിമറിച്ചിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. നാകേരിമന കേശവനും ഇവന്റെ കൊമ്പിന്റെ മൂര്ച്ചയറിയേണ്ടിവന്നു. 2007, 2011, 2023 വര്‍ഷങ്ങളിലാണ് ഗോകുല്‍ ആനയോട്ടത്തില്‍ ജേതാവായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.