തൃശൂർ: പൂരനഗരിയെ ആവേശത്തിലാഴ്ത്തി നടന്ന സാമ്പിൾ വെടിക്കെട്ട് വർണക്കാഴ്ചയുടെയും ശബ്ദഘോഷത്തിന്റെയും അവിസ്മരണീയ അനുഭവമായി. ഞായറാഴ്ച നടന്ന സാമ്പിൾ വെടിക്കെട്ട് കാണാൻ പതിനായിരങ്ങളാണ് നഗരത്തിലേക്ക് ഒഴുകിയെത്തിയത്. കാഴ്ചക്കാരുടെ പ്രതീക്ഷകൾക്കപ്പുറം നിറങ്ങളാലും ശബ്ദത്താലും തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ ആകാശവിസ്മയം തീർത്തു.
ഞായറാഴ്ചയായതിനാൽ ഉച്ചയോടെ തന്നെ നഗരം ജനസാഗരമായി മാറി. ഉച്ച കഴിഞ്ഞതോടെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. നഗരത്തിന് പുറത്ത് വാഹനങ്ങൾ നിർത്തിയിട്ട് കാൽനടയായാണ് ജനക്കൂട്ടം സ്വരാജ് റൗണ്ടിലേക്ക് പ്രവേശിച്ചത്. രാത്രി 7.30 ഓടെ തിരുവമ്പാടി വിഭാഗമാണ് ആദ്യം തിരികൊളുത്തിയത്.
നഗരത്തെ പ്രകമ്പനം കൊള്ളിച്ച കുഴിമിന്നലോടെയായിരുന്നു തുടക്കം. തിരുവമ്പാടിയുടെ വെടിക്കെട്ട് അവസാനിച്ച് പുകയടങ്ങിയതോടെ, 8.30 ഓടെ പാറമേക്കാവ് വിഭാഗം തിരികൊളുത്തി. ഗംഭീര ശബ്ദത്തോടെ തുടങ്ങിയ വെടിക്കെട്ട് പിന്നീട് പൂർണമായ ശബ്ദ-വർണവിസ്മയമായി മാറി. തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിൽ നിന്ന് ആഹ്ലാദാരവങ്ങൾ ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.