അതിരപ്പിള്ളി: തുടർച്ചയായ കാട്ടാന ആക്രമണത്തിൽ പൊറുതിമുട്ടി മലയോര മേഖല. അതിരപ്പിള്ളിയിലെ ചിക്ലായി പ്രദേശത്തുതന്നെ കഴിഞ്ഞദിവസം 10 കർഷകരുടെ കൃഷിയിടങ്ങളിലാണ് കാട്ടാന നാശം സൃഷ്ടിച്ചത്.
ഉറക്കമൊഴിച്ച് പാട്ട കെട്ടിയാലും പടക്കം പൊട്ടിച്ചാലും അൽപസമയം കഴിഞ്ഞാൽ അതേ സ്ഥലത്തുതന്നെ തിരിച്ചുവരുന്ന കാട്ടാനക്കൂട്ടത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുകയാണ് മലയോരവാസികൾ. കാട്ടാനകളെ ഭയപ്പെടുത്താൻ പറമ്പിൽ തീ കത്തിക്കുകയെന്ന മറ്റൊരു മാർഗമുണ്ട്. കാട്ടാനയെ ഓടിക്കാൻ പടക്കം പൊട്ടിച്ചതിനെ തുടർന്നാണെന്ന് പറയുന്നു, കഴിഞ്ഞദിവസം രാത്രി ഏഴാറ്റുമുഖത്ത് എണ്ണപ്പനത്തോട്ടത്തിൽ തീപിടിത്തമുണ്ടായി.
ചാലക്കുടിയിൽനിന്ന് അഗ്നിരക്ഷ സേനയെത്തിയാണ് ആളിപ്പടർന്ന തീ അണച്ചത്. രണ്ടാഴ്ചയിൽ ഏറെയായി വെറ്റിലപ്പാറ പ്രദേശത്ത് ജനങ്ങൾ ദുരിതത്തിലാണ്. രാത്രികളിൽ സ്ഥിരമായി ആനകൾ കാട്ടിൽനിന്നും പുഴ കടന്നും വന്നെത്തുകയാണ്. കഴിഞ്ഞ ദിവസം ചിക്ലായിയിൽ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി കാർഷിക വിളകൾ നശിപ്പിച്ചു. ഇളംകുളം ജോഷി, അത്തിക്കൽ എബ്രഹാം എന്നിവരുടെ പറമ്പുകളിൽ വലിയതോതിൽ കൃഷിനാശം സംഭവിച്ചു. ജോഷിയുടെ 50 ഓളം നേന്ത്രവാഴകളാണ് ആനക്കൂട്ടം ചവിട്ടിമെതിച്ചത്.
പത്ത് കമുങ്ങ്, നാലു തെങ്ങ്, നിരവധി ജാതിമരം, മറ്റു ചെറുകിട വിളകൾ എന്നിവ നശിപ്പിച്ചു. എബ്രഹാമിന്റെ 20ഓളം വാഴകളും അഞ്ചുകമുങ്ങും ഏഴു ജാതി മരങ്ങളും തകർത്തു. ബിജു വാഴക്കാലയുടെ 10 നേന്ത്രവാഴകൾ മറിച്ചിട്ടു. തൊട്ടടുത്ത പറമ്പിലെ ആൾത്താമസം ഇല്ലാത്ത ഷെഡ് ആനക്കൂട്ടം തകർത്തു. സമീപത്തെ മറ്റു പറമ്പുകളിലും നാശം സൃഷ്ടിച്ചു. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലർച്ചയും ആയിട്ടാണ് കാട്ടാനകൾ രൂക്ഷമായ ആക്രമണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.