തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായ തൃശൂർ താലൂക്ക് സർവേ ഓഫിസിലെ സെക്കൻഡ് ഗ്രേഡ് സർവേയർ എൻ. രവീന്ദ്രനെതിരെ സർക്കാർ അച്ചടക്കനടപടി സ്വീകരിച്ചു. രവീന്ദ്രന്റെ ഒരു വർഷത്തെ വാർഷിക വേതനവർധന തടഞ്ഞ് റവന്യൂ വകുപ്പ് ഉത്തരവിറക്കി. അയ്യന്തോൾ വില്ലേജിലെ പുതൂർക്കര സ്വദേശി ഫ്രാൻസിസിന്റെ ഭൂമി അളന്നുനൽകുന്നതിനായി 2500 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് രവീന്ദ്രനെതിരെയുള്ള കേസ്.
2023 നവംബർ ഒമ്പതിന് വിജിലൻസ് നൽകിയ പണം കൈപ്പറ്റുന്നതിനിടെ ഓഫിസിൽവെച്ചാണ് ഇയാൾ പിടിയിലായത്. വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റവന്യൂ വകുപ്പ് ഔപചാരിക അന്വേഷണം പ്രഖ്യാപിച്ചിരുന്നു. തൃശൂർ റീസർവേ അസിസ്റ്റന്റ് ഡയറക്ടറെയാണ് അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചത്. അന്വേഷണവേളയിൽ, താൻ ബോധപൂർവം കൈക്കൂലി വാങ്ങിയിട്ടില്ലെന്നും പരാതിക്കാരൻ തന്നെ കുടുക്കിയതാണെന്നും രവീന്ദ്രൻ വാദിച്ചെങ്കിലും സർക്കാർ ഇത് പൂർണമായി അംഗീകരിച്ചില്ല.
വിജിലൻസ് പരിശോധനയിൽ പണം കണ്ടെത്തിയതും ഫിനോഫ്തലിൻ പരിശോധനയിൽ കൈവിരലുകൾ പിങ്ക് നിറമായതും ഇയാൾക്കെതിരെയുള്ള തെളിവായി. കൈക്കൂലി ആവശ്യപ്പെട്ടത് സംശയാതീതമായി തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിലും ഉദ്യോഗസ്ഥന്റെ പക്കൽനിന്ന് വിജിലൻസ് പണം കണ്ടെടുത്തത് സർക്കാറിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കിയതായി ഉത്തരവിൽ പറയുന്നു. വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടന്നുവരുകയാണ്. ഇതിന്റെ ഭാഗമായാണ് വകുപ്പുതല നടപടി സ്വീകരിച്ചത്. സർവിസിലിരിക്കെ അഴിമതി നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് റവന്യൂ വകുപ്പിന്റെ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.