ഒ.എസ്.എസ്.എ ലോഗോ പ്രകാശനം കവി സച്ചിദാനന്ദൻ നിർവഹിക്കുന്നു

ജന്മനാടിന്‍റെ സ്നേഹവായ്പ് ഹൃദയത്തിലേറ്റുവാങ്ങി കെ. സച്ചിദാനന്ദൻ

കൊടുങ്ങല്ലൂർ: കേരളസാഹിത്യ അക്കാദമി ചെയർമാൻ കെ. സച്ചിദാനന്ദനെ കാണാൻ ജന്മനാടായ പുല്ലൂറ്റ് ഗ്രാമത്തിൽനിന്ന് ഒരുസംഘം അക്കാദമിയിലെത്തി. ജന്മനാടിന്റെയും അദ്ദേഹം പഠിച്ച ടി.ഡി.പി യു.പി സ്കൂളിന്റെയും അനുമോദനങ്ങൾ അർപ്പിക്കാനാണ് അവർ എത്തിയത്.

പുല്ലൂറ്റ് ടി.ഡി.പി യു.പി സ്കൂൾ പൂർവ വിദ്യാർഥി-അധ്യാപക കൂട്ടായ്മയുടെയും സ്കൂൾ അങ്കണത്തിൽ തന്നെയുള്ള ആശാൻ സ്മാരക വായനശാലയുടെയും പ്രവർത്തകരുമാണ് സന്ദർശക സംഘത്തിലുണ്ടായിരുന്നത്. പുല്ലൂറ്റിലെ ആശാൻ സ്മാരക വായനശാലയാണ് തന്നിൽ വായന ശീലവും സാഹിത്യവാസനയും പ്രചോദിപ്പിച്ചത് എന്ന് അദ്ദേഹം തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ആറാം ക്ലാസിലെ മലയാള പാഠ പുസ്തകത്തിലുൾപ്പട്ട, സച്ചിദാനന്ദൻ എഴുതിയ കവിതയായ 'വേഗമുറങ്ങൂ' സംഘത്തിലൊരാൾ ആലപിച്ചു. 2019ൽ അദ്ദേഹം സ്കൂൾ സന്ദർശിച്ചതിന്റെ ഓർമചിത്രങ്ങൾ സംഘം ഉപഹാരമായി സമർപ്പിച്ചു.

കവിയുടെ അന്തരിച്ച സഹോദരി ലളിത നന്ദകുമാറിനെക്കുറിച്ച് അദ്ദേഹം എഴുതിയ കവിത സംഘത്തിലൊരാൾ ആലപിച്ചത് ചടങ്ങിൽ വൈകാരിക നിമിഷങ്ങൾ സൃഷ്ടിച്ചു. വിദ്യാലയത്തിന്റെ പ്രഥമ പൂർവ വിദ്യാർഥി അധ്യാപക സംഘടനയുടെ (ഒ.എസ്.എസ്.എ) പ്രഥമ അംഗമായി സച്ചിദാനന്ദനെ ചേർത്തു. കൂട്ടായ്മയുടെ ലോഗോ അദ്ദേഹം പ്രകാശനം ചെയ്തു. പൂർവ വിദ്യാർഥി അധ്യാപക സംഘടന പ്രസിഡന്റ്‌ വി.എൻ. സജീവൻ, ജനറൽ സെക്രട്ടറി കെ.കെ. ശ്രീതാജ്, വൈസ് പ്രസിഡന്റ്‌ ടി.എ. നൗഷാദ്, സ്കൂൾ മാനേജർ സി.കെ. രാമനാഥൻ, വി. കരുണാകരൻ, രവി പണിക്കശ്ശേരി, മുൻ അധ്യാപകരായ രമ ശ്രീതാജ്, ലളിത എന്നിവർ സംഘത്തിലുണ്ടായിരുന്നു.


Tags:    
News Summary - Reception for Satchidanandan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.