തൃശൂർ: പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടനത്തിന് ഒരുങ്ങിയതായി മന്ത്രി കെ. രാജന്. ഒക്ടോബര്‍ 28ന് മുഖ്യമന്ത്രി പിണറായി വിജയന് പാര്‍ക്ക് നാടിന് സമര്‍പ്പിക്കും. ഓസ്ട്രേലിയന്‍ മൃഗശാല ഡിസൈനറായ ജോണ്‍ കോ യുടെ ഡിസൈനിലുള്ള നിർമാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. പാര്ക്കിന്റെന്നിർമാണത്തിനായി പ്ലാന്‍ ഫണ്ടില്‍നിന്ന് 40 കോടിയും കിഫ്ബിയില്‍നിന്ന് രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 122 കോടിയും മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 208.5 കോടിയുമടക്കം 370.5 കോടി രൂപയാണ് അനുവദിച്ചത്. 23 ആവാസ ഇടങ്ങളാണ് പാര്‍ക്കിനുള്ളില്‍ ഒരുക്കിയിരിക്കുന്നത്.
ആഫ്രിക്കന്‍ സുളു ലാന്‍ഡ് സോണ്‍, കന്ഹ സോണ്‍, സൈലന്റ് വാലി സോണ്‍, ഇരവിപുരം സോണ്‍ തുടങ്ങി ഓരോ ഇനങ്ങള്‍ക്കും അനുയോജ്യമായ വിധം ആവാസ വ്യവസ്ഥകള്‍ ഒരുക്കിയാണ് മൃഗശാല രൂപകല്പന ചെയ്തിരിക്കുന്നത്. ഒന്നിനെയും ഇടുങ്ങിയ കൂടുകളില്‍ അടച്ചിടാതെ സ്വതന്ത്രമായി വിഹരിക്കാന്‍ കഴിയുന്ന തരത്തിലാണ് ഓരോ സോണുകളും. സഞ്ചാരികളില്‍നിന്ന് കൃത്യമായ അകലം പാലിക്കാനും സുരക്ഷ ഉറപ്പുവരുത്താനും പറ്റുന്ന കിടങ്ങുകളുണ്ട്. രാത്രികാലങ്ങളില്‍ മാത്രം പുറത്തിറങ്ങുന്ന പക്ഷികള്‍, ഉരുക്കള്‍ എന്നിവക്കും പ്രത്യേക സോണ്‍ തയാറാക്കുന്നുണ്ട്. തൃശൂര്‍ മൃഗശാലയില്‍നിന്ന് മൃഗങ്ങളെയും പക്ഷികളെയും സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനം അന്തിമ ഘട്ടത്തിലാണ്.
കേരളത്തിനു പുറത്തു നിന്നുമുള്ള മൃഗശാലകളില്‍നിന്ന് വെള്ളക്കടുവകള്‍ ഉള്‍പ്പെടെയുള്ളവയെ പാര്‍ക്കില്‍ എത്തിക്കും. എല്ലാ ഭൂഖണ്ഡങ്ങളിലേയും മൃഗങ്ങളെ കണ്ട് ആസ്വദിക്കാന്‍ കഴിയുന്ന ഹോളോഗ്രാം മൃഗശാല കൂടി പാര്‍ക്കിൽ ഒരുക്കും. അതോടൊപ്പം പാര്‍ക്കിനോട് ചേര്‍ന്ന് വളർത്തു മൃഗശാല കൂടി ആരംഭിക്കുന്നതിനുള്ള പ്രാഥമിക നടപടികളായിട്ടുണ്ട്. പാര്‍ക്ക് തുറക്കുന്നതോടെ ഒല്ലൂരിലെ ടൂറിസം കോറിഡോറിന്റെ പ്രധാനപ്പെട്ട ഇടമായി പുത്തൂര്‍ മാറുമെന്നും മന്ത്രി കെ. രാജന് പറഞ്ഞു. വിപുലമായ സംഘാടക സമിതി യോഗം സെപ്റ്റംബര്‍ 26 ന് വൈകീട്ട് 4.30ന് പാര്‍ക്കില്‍ ചേരുമെന്ന് മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.