പുതുക്കാട്ടെ സിഗ്‌നല്‍ തകരാര്‍; വാക്കുപാലിക്കാതെ ദേശീയപാത അധികൃതർ

ആമ്പല്ലൂര്‍: പുതുക്കാട് ജങ്ഷനിലെ സിഗ്‌നലില്‍ യാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ സമയം ദീര്‍ഘിപ്പിക്കാമെന്ന് എം.എല്‍.എ കെ.കെ. രാമചന്ദ്രന് നല്‍കിയ ഉറപ്പ് പാലിക്കാതെ ദേശീയപാത അധികൃതരും ടോള്‍ കമ്പനിയും.

രണ്ടാഴ്ച മുമ്പാണ് സിഗ്‌നലില്‍ പരിഷ്‌കാരങ്ങള്‍ നടത്തി ടോള്‍ കമ്പനി യാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാനുള്ള സമയം കുറച്ചത്. റോഡ് മുറിച്ചുകടക്കാന്‍ കഴിയാതെ ബുദ്ധിമുട്ടനുഭവിച്ച യാത്രക്കാരുടെയും നാട്ടുകാരുടെയും പരാതിയെ തുടര്‍ന്നാണ് എം.എല്‍.എ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത്.

രണ്ട് ദിവസത്തിനുള്ളില്‍ പഴയതുപോലെ സിഗ്‌നലില്‍ സമയം ദീര്‍ഘിപ്പിക്കാമെന്ന് അധികൃതര്‍ എം.എല്‍.എക്ക് ഉറപ്പുനല്‍കിയിരുന്നു.

എന്നാല്‍ ആഴ്ച പിന്നിട്ടിട്ടും ദേശീയപാത അതോറിറ്റിയും ടോള്‍ കമ്പനിയും വാക്കുപാലിച്ചില്ല. അഞ്ച് റോഡുകള്‍ വന്നുചേരുന്ന സിഗ്‌നല്‍ ജങ്ഷനില്‍ വിദ്യാര്‍ഥികള്‍ ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാരാണ് ദിനേന ദേശീയപാത മുറിച്ചുകടക്കുന്നത്. അപകടം പതിവായ ഇവിടെ ജീവന്‍ പണയപ്പെടുത്തിയാണ് റോഡ് മുറിച്ചു കടക്കുന്നത്.

ആദ്യം 30 സെക്കൻഡായിരുന്നു യാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാനുള്ള സമയം. എന്നാല്‍ ഇപ്പോഴത്ത് 16 സെക്കൻഡാക്കി കുറച്ചിരിക്കുകയാണ്. ഇതിനിടയില്‍ സിഗ്‌നല്‍ തെറ്റിച്ചെത്തുന്ന വാഹനങ്ങള്‍ക്കിടയിലൂടെയാണ് റോഡ് മുറിച്ചുകടക്കുന്നത്.

വയോധികരും ഭിന്നശേഷിക്കാരും ഇതോടെ ഏറെ ബുദ്ധിമുട്ടാണ് നേരിടുന്നത്.

പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഭിന്നശേഷിക്കാരനും സര്‍ക്കാര്‍ ജീവനക്കാരനുമായ പുതുക്കാട് സ്വദേശി വര്‍ഗീസ് തേക്കേത്തല സിഗ്‌നല്‍ ജങ്ഷനില്‍ ഒറ്റയാള്‍ സമരം നടത്തിയിരുന്നു.

ഭിന്നശേഷിക്കാര്‍ റോഡ് മുറിച്ച് കടക്കുമ്പോഴേക്കും റോഡിന്റെ ഇരുഭാഗത്തുനിന്നും വാഹനങ്ങള്‍ വരുന്ന അപകടകരമായ സ്ഥിതിയാണെന്ന് ഡിഫറെന്‍റലി എബിള്‍ഡ് പീപ്പിള്‍സ് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. ചന്ദ്രന്‍ പറഞ്ഞു.

ഭിന്നശേഷിക്കാര്‍ നേരിടുന്ന ഈ പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ജില്ല കലക്ടര്‍ക്ക് നിവേദനം നല്‍കിയതായും അദ്ദേഹം അറിയിച്ചു.

പുതുക്കാട് സെന്ററില്‍ അടക്കം സിഗ്നല്‍ തകരാറുള്ള എല്ലായിടങ്ങളിലും ഇതേ പ്രശ്നം ഭിന്നശേഷിക്കാര്‍ നേരിടുന്നുണ്ടെന്നും നിവേദനത്തില്‍ പറയുന്നു.

Tags:    
News Summary - puthukkad signal failure; National highway authorities do not keep their word

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.