തൃശൂർ: റെയിൽവേ പാർക്കിങ് ഫീസിലെ അനധികൃത കൊള്ളക്ക് തൽക്കാലം അറുതിയായി. ഒരുദിവസത്തെ ഇരുചക്രവാഹനങ്ങളുടെ പ്രീമിയം പാർക്കിങ്ങിന് 345 രൂപ എന്ന വിചിത്ര ഉത്തരവ് റെയിൽവേ പിൻവലിച്ചു. ഇരുചക്രവാഹനങ്ങൾക്ക് പഴയ നിരക്കായ ദിവസം 30 രൂപ എന്നത് തുടരും. അതേസമയം, കാറുകൾക്ക് മാറ്റമില്ല. 24 മണിക്കൂറിന് 700 രൂപ ക്രമത്തിൽ കാറുകൾക്ക് നൽകേണ്ടിവരും.
തൃശൂർ റെയിൽവേ സ്റ്റേഷനിൽ അനധികൃതമായി റെയിൽവേ പാർക്കിങ് ചാർജ് കുത്തനെ വർധിപ്പിച്ചത് സംബന്ധിച്ച് ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. തുടർന്ന് റെയിൽവേ വിജിലൻസ് സംഘം ഇടപെട്ടാണ് ടൂ വീലറുകളുടെ ഒരിക്കലും നീതീകരിക്കാനാവാത്ത പാർക്കിങ് നിരക്കുവർധന പിൻവലിച്ചത്.
തൃശൂർ റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടത്തിന് എതിർവശത്തുണ്ടായിരുന്ന മുഴുവൻ പാർക്കിങ് ഏരിയയും കൂടുതലായി ഒരു സൗകര്യവും വർധിപ്പിക്കാതെ കഴിഞ്ഞ ജൂൺ മുതൽ പ്രീമിയം പാർക്കിങ് ഏരിയ എന്ന് ബോർഡ് സ്ഥാപിച്ച് ബൈക്കുകൾക്ക് 24 മണിക്കൂർ പാർക്കിങ്ങിന് 345 രൂപ ഈടാക്കുകയായിരുന്നു.
കാറിന് ഒരു ദിവസത്തേക്ക് 700 രൂപയുമായിരുന്നു ഫീസ്. നീതിരഹിതമായ ഈ നടപടിക്കെതിരെ ‘ടു വീലർ യൂസേഴ്സ് അസോസിയേഷൻ’ രംഗത്തെത്തിയിരുന്നു. ഇതുസംബന്ധിച്ച് ‘മാധ്യമ’വും വിശദമായ വാർത്ത നൽകി. വാർത്ത ശ്രദ്ധയിൽപെട്ട റെയിൽവേ വിജിലൻസ് വിഷയത്തിൽ ഇടപെട്ടത്തോടെയാണ് ഇരുചക്ര വാഹന പാർക്കിങ്ങിനു പ്രീമിയം നിരക്ക് ഈടാക്കുന്നത് കരാറുകാരൻ വേണ്ടെന്നു വെച്ചത്.
പ്രീമിയം പാർക്കിങ് ഏരിയയിൽ ആഗസ്റ്റ് ഒന്നുമുതൽ 24 മണിക്കൂറിന് സാധാരണ നിരക്കായ 30 രൂപ മാത്രമേ ഇരുചക്രവാഹനങ്ങളിൽനിന്ന് ഇപ്പോൾ വാങ്ങുന്നുള്ളൂ. തൃശൂർ റെയിൽവേ സ്റ്റേഷന്റെ പ്രധാന കാവടത്തിന് എതിർവശമുള്ള പാർക്കിങ് സ്ഥലം, സാമ്പത്തിക നേട്ടം മാത്രം നോക്കാതെ മുതിർന്ന പൗരന്മാർക്കായി സാധാരണ നിരക്കിൽ നീക്കിവെക്കണമെന്ന് ടൂ വീലർ അസോസിയേഷൻ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.