തൃശൂർ: കോർപറേഷനിലെ സി.പി.എം കൗൺസിലർമാരായ അനൂപ് ഡേവിസ് കാട, വർഗീസ് കണ്ടംകുളത്തി എന്നിവർ വൻതുകകളുടെ ഡീലുകളാണ് നടത്തുന്നത് എന്ന ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി ശരത് പ്രസാദിന്റെ ഫോൺ വെളിപ്പെടുത്തലിൽ കുടുങ്ങി ഇടതു കൗൺസിലർമാരും.
സ്വതന്ത്ര മേയറെ മുൻനിർത്തി വലിയ അഴിമതികൾ സി.പി.എം കൗൺസിലർമാർ നടത്തുന്നുവെന്ന ആരോപണം പ്രതിപക്ഷവും കോൺഗ്രസും നിരന്തരം ഉയർത്തുന്നതിനിടെയാണ് പാർട്ടിയിൽനിന്നുതന്നെയുള്ള യുവനേതാവിന്റെ വെളിപ്പെടുത്തൽ ചർച്ചയാകുന്നത്. കോർപറേഷനിലെ കോടിക്കണക്കിന് തുകയുടെ വികസന പ്രവർത്തനങ്ങൾ മേയറെ മുൻനിർത്തി ചില കൗൺസിലർമാർ ചേർന്നാണ് നടപ്പിൽ വരുത്തുന്നതെന്ന് ഭരണപക്ഷത്തുനിന്നുതന്നെ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.
സി.പി.ഐ നേതൃത്വത്തിന്റെയും സി.പി.ഐ കൗൺസിലർമാരുടെയും ശക്തമായ എതിർപ്പിനെ മറികടന്നാണ് മേയർ സ്ഥാനത്ത് തുടരുന്നത്. ഇത് സി.പി.എം പ്രതിനിധികളുടെയും പാർട്ടിയുടെയും പിന്തുണയുള്ളതുകൊണ്ടാണെന്ന് സി.പി.ഐ നേതൃത്വം പറയുന്നു. പല വൻപദ്ധതികളും നടപ്പാക്കുന്നതിന് കൗൺസിലിൽ മാന്യമായ ചർച്ച പോലും നടക്കാറില്ല. പലപ്പോഴും ഇത് വിവാദങ്ങൾക്കു വഴിവെക്കാറുമുണ്ട്.
കോർപറേഷൻ കേന്ദ്രീകരിച്ച് ചിലർ നടത്തുന്ന വൻഡീലുകൾ സംബന്ധിച്ച ചർച്ചക്കാണ് ഡി.വൈ.എഫ്.ഐ നേതാവിന്റെ ഫോൺ സന്ദേശം വഴിവെക്കുക. എന്തുവില കൊടുത്തും അടുത്ത തദ്ദേശ തെരഞ്ഞെടുപ്പിൽ തൃശൂർ കോർപറേഷൻ ഭരണം പിടിച്ചെടുക്കും എന്നാണ് കഴിഞ്ഞ ദിവസം ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചത്.
കൂടുതൽ വികസനത്തിന് തൃശൂർ കോർപറേഷൻ കൂടിയും നൽകണം എന്നാണ് കേന്ദ്ര സഹമന്ത്രിയും തൃശൂർ എം.പിയുമായ സുരേഷ് ഗോപി ആവശ്യപ്പെട്ടിരിക്കുന്നത്. കരുവന്നൂർ ബാങ്ക് തട്ടിപ്പിന് പിന്നാലെ നേതാക്കളുടെ സാമ്പത്തിക ഡീലുകൾ കൂടി പുറത്തുവന്നതോടെ തദ്ദേശതെരഞ്ഞെടുപ്പിൽ ഇടതുപക്ഷം കൂടുതൽ പ്രതിരോധത്തിലാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.