പഴുവിൽ: ഇഞ്ചമുടി വില്ലേജ് ഓഫിസ് സ്മാർട്ടാണ്. എന്നാൽ, ഈ വില്ലേജിന് കീഴിൽ കാലവർഷമായാൽ വെള്ളത്തിൽ മുങ്ങി ജനജീവിതം ദുഃസഹവുമാണ്. ചാഴൂർ പഞ്ചായത്തിലെ ഇഞ്ചമുടിയാണ് മഴക്കാലത്ത് വെള്ളത്തിൽ മുങ്ങുന്നത്. ഇക്കഴിഞ്ഞ മാസം പെയ്ത കനത്ത മഴയിൽ പൊങ്ങിയ വെള്ളം ഇതുവരെയും താഴ്ന്നുപോയില്ല.
നൂറോളം വീടുകളിലാണ് വെള്ളം കെട്ടിനിൽക്കുന്നത്. ചിറക്കലുള്ള ഗവ. എൽ.പി സ്കൂളിലെ റിലീഫ് ക്യാമ്പിൽ നിരവധി കുടുംബങ്ങൾ കഴിയുന്നുണ്ട്. സ്കൂളിനുനീണ്ട അവധി നൽകേണ്ടി വന്നതിനാൽ സമീപത്തെ മദ്റസയിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. തോടുകൾ കനാലുകൾ എന്നിവയിലൂടെ വെള്ളം ഒഴുകി പോകാത്തതാണ് മുഖ്യമായും വെള്ളപ്പൊക്കത്തിനു കാരണം.
കരുവന്നൂർ പുഴയോടുചേർന്ന സ്ഥലമായതിനാൽ പുഴയിൽ ജലനിരപ്പുയരുമ്പോൾ ഇഞ്ചമുടിയുടെ പലഭാഗങ്ങളിലും വീടുകളിൽ വെള്ളം കയറുക പതിവാണ്. രണ്ടുവർഷം മുമ്പ് വെള്ളത്തിന്റെ ഒഴുക്ക് വേഗത കൂട്ടാൻ കനാലുകളിലെ ചണ്ടിയും കുളവാഴയും മാറ്റി ചളി വാരി ആഴം കൂട്ടുകയും ചെയ്തിരുന്നു. അതിനാൽ ആ വർഷം കൂടുതൽ ദിവസം വെള്ളപ്പൊക്കക്കെടുതി അനുഭവിക്കേണ്ടി വന്നില്ല. പുഴ കവിഞ്ഞൊഴുകി നാശനഷ്ടങ്ങളുണ്ടാകാതിരിക്കാൻ മുൻകരുതലായി ഒമ്പതാം വാർഡിൽ നടപ്പാക്കിയ പുഴയോര സംരക്ഷണ ഭിത്തി നിർമാണം തുടങ്ങിയേടത്തു തന്നെ നിർത്തിയിരിക്കുകയാണ്.
ഹെർബർട്ട് കനാൽ കരുവന്നൂർ പുഴയിൽ ചേരുന്നിടത്തുനിന്ന് പടിഞ്ഞാറോട്ട് 55 മീറ്റർ മാത്രം ഭിത്തി കെട്ടി പണമില്ലെന്നു പറഞ്ഞ് നിർത്തിവെച്ചിരിക്കുകയാണ്. കൂടാതെ കനാൽ പുഴയിൽ ചേരുന്നിടത്ത് റെഗുലേറ്റർ കം സ്ലൂയിസ് നിർമിക്കാനുള്ള തീരുമാനവും കടലാസിൽ തന്നെയാണ്. അടിയന്തരമായി റെഗുലേറ്റർ നിർമിക്കാതെ ലക്ഷങ്ങൾ ചെലവഴിച്ച് താൽക്കാലിക മണൽ ബണ്ട് നിർമിക്കുകയാണ് ചെയ്യുന്നത്. ഇതാകട്ടെ പുഴയിൽ വെള്ളം പൊങ്ങുന്നതോടെ പൊട്ടി പോകുകയും വെള്ളം ഇരച്ചുകയറി നിരവധി വീടുകൾ വെള്ളത്തിലാവുകയും ചെയ്തു.
വീടുകളിൽ വെള്ളം കയറുന്ന പക്ഷം ജനപ്രതിനിധികളും മന്ത്രിമാരുമൊക്കെ പുഴയോരത്തേക്കെത്തുമെങ്കിലും ശാശ്വത പരിഹാര നടപടികൾക്ക് ആരും മെനക്കെടാറില്ലെന്നതാണ്. വില്ലേജിലെ റോഡുകൾ തകർന്ന് സഞ്ചാരയോഗ്യമല്ലാതായിരിക്കുകയാണ്. ജലമിഷൻ പൈപ്പുകളിടുവാൻ റോഡുകളുടെ പൊളിച്ച ഭാഗം ടാറിങ് നടത്തിയെങ്കിലും രണ്ടുമാസം കഴിഞ്ഞപ്പോഴേക്കും തകരുകയും ചെയ്തു. യാത്ര സൗകര്യവും താമസവും ക്ലേശകരമായ സ്ഥിതിയാണിവിടെ.
വെള്ളപ്പൊക്ക ദുരിതാശ്വാസ കേന്ദ്രമായി ചിറക്കലുള്ള ഗവ. എൽ.പി സ്കൂളാണ് ഉപയോഗിക്കുക. ഇവിടെയാകട്ടെ വർഷത്തിൽ രണ്ടുമാസമെങ്കിലും വിദ്യാർഥികൾക്ക് അധ്യയനം നഷ്ടപ്പെടുകയും ചെയ്യും. സ്ഥിരമായി വെള്ളപ്പൊക്ക ദുരിതമനുഭവിക്കുന്ന പ്രദേശമായിട്ടും ഒരു റിലീഫ് ക്രേന്ദ്രം നിർമിക്കുന്നതിന് സർക്കാർ ഭാഗത്തുനിന്ന് ഒരു ആലോചനയും നടന്നിട്ടില്ല. മഴക്കാലത്ത് ഇഞ്ചമുടിക്കാർ തടാക ജീവിതമാണ് കഴിച്ചുകൂട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.