കൈതോല പായ വിരിക്കാൻ...കൈത്താങ്ങ്​ കാത്ത്​ തഴപ്പായ വ്യവസായം

തൃശൂര്‍: കുടുംബശ്രീക്കും മുമ്പ് മുസ് രിസിലെ സ്ത്രീകളെ സ്വയംപര്യാപ്തരാക്കിയിരുന്ന കുടിൽ വ്യവസായമായിരുന്നു തഴപ്പായ നെയ്ത്ത്. എല്ലാ വീട്ടിലും സ്ത്രീകൾ ഏർപ്പെട്ട പരമ്പരാഗ വ്യവസായം. എന്നാൽ, അസംസ്കൃത വസ്തുവിന്റെ ക്ഷാമവും പുതുതലമുറയുടെ വിമുഖതയും മൂലം പായ നെയ്ത്ത് ഗൃഹാതുര ഓർമയാവുകയാണ്.

പായ നിർമാണത്തിനാവശ്യമായ കൈതോലയുടെ ക്ഷാമവും അധ്വാനത്തിന് അനുസരിച്ച കൂലി ലഭിക്കാത്തതുമാണ് പരമ്പരാഗത തൊഴിലിന് മേൽ കരിനിഴൽ വീഴ്ത്തുന്നത്. ആഗോളീകരണ കാലത്തെ പ്ലാസ്റ്റിക് പായകളുടെ കടന്നുകയറ്റം വിപണിയെ വല്ലാതെ ബാധിക്കുന്നുണ്ട്. അതേസമയം, പായക്ക് ആവശ്യക്കാർ ഏറെയുണ്ട്.

ഇതര രാജ്യങ്ങളിൽ നിന്നെത്തുന്ന വിനോദസഞ്ചാരികളെ വരെ ആകർഷിക്കുന്ന തഴപ്പായയുടെ ഡിമാന്റ് മനസ്സിലാക്കി അതിന് താങ്ങും തണലുമാവാൻ സർക്കാറോ അധികൃതരോ തയാറല്ല. ഒരുകാലത്ത് തഴപ്പായക്ക് മാത്രമായി ആഗോള ശ്രദ്ധനേടിയ മാർക്കറ്റ് എടവിലങ്ങ് ചന്തയിൽ ഉണ്ടായിരുന്നു.

നാട്ടിൻപുറങ്ങളിലെ തോട്ടിൻവക്കത്തും കുളത്തിനും മറ്റും ചുറ്റും കൈതകൾ സമൃദ്ധമായിരുന്നു. എന്നാൽ, നിലവിൽ കൈതക്കാടുകൾ അപൂർവ കാഴ്ചയാണ്. കൈതോല മുള്ള് കളഞ്ഞ് കീറിയെടുത്ത് ഉണക്കിയെടുക്കുന്ന തഴയാണ് പായ മെടയാൻ ഉപയോഗിക്കുന്നത്. തഴയുടെ ലഭ്യത കുറഞ്ഞതോടെ പായുടെ വില കൂടി.

മുമ്പ് 200 രൂപക്ക് ലഭിച്ചിരുന്ന പായക്ക് ഇപ്പോൾ 500 മുതൽ 700 രൂപ വരെയാണ് വില. കീറാത്ത തഴ ഉപയോഗിച്ച് നെല്ലുണക്കുന്നതിനുള്ള വിരിപ്പായകളും ഉണ്ടാക്കാറുണ്ട്. വീതി കുറച്ച് കീറിയെടുക്കുന്ന ചെറിയ തഴ പുഴുങ്ങി ഉണക്കിയാണ് മെത്തപ്പായകൾ നെയ്യുന്നത്.

ചെറിയ തഴയിട്ട് നെയ്യുന്ന മെത്തപ്പായകൾക്ക് ഇന്നും ആവശ്യക്കാരുണ്ട്. എന്നിട്ടും പുതിയ തലമുറയിലാരും തഴകൊണ്ടുള്ള നിർമാണം പഠിക്കാന്‍ മുതിരാത്തതും പ്രശ്നം സങ്കീർണമാക്കുന്നുണ്ട്.

തൃശൂരിലെ തീരപ്രദേശമായ കൊടുങ്ങല്ലൂര്‍, കയ്പമംഗലം മണ്ഡലങ്ങളില്‍ സജീവമായിരുന്ന ഈ പരമ്പരാഗത വ്യവസായത്തെ സംരക്ഷിക്കാന്‍ കയർ മാതൃകയിൽ തഴപ്പായ നെയ്ത്ത് യന്ത്രവത്കരിക്കുകയും കൈതോല കൃഷി വ്യാപനത്തിന് സർക്കാർ സബ്‌സിഡി നൽകുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

തഴപ്പായ വ്യവസായം തിരിച്ച് പിടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യയിൽ തന്നെ വലിയ തഴപ്പായ മാർക്കറ്റായിരുന്ന എടവിലങ്ങ് ചന്തയില്‍ തഴപ്പായ കലക്ഷൻ സെന്റർ തുറന്നിട്ടുണ്ടെങ്കിലും പഴയ പ്രതാപത്തിലേക്ക് എത്താനായിട്ടില്ല.

Tags:    
News Summary - palm mat industry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.