ടോളിൽ ഒളിച്ചുകളിക്കുന്നത് ആര്?

തൃശൂർ: ദേശീയപാതയിൽ 60 കിലോമീറ്ററിനുള്ളിലെ ഒരു ടോൾ പ്ലാസ നിർത്തലാക്കുമെന്ന കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ലോക്സഭയിൽ പ്രഖ്യാപിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും പാലിയേക്കര ടോൾ നിർത്തലാക്കുന്നതിൽ ഇനിയും തീരുമാനമായില്ല.

പ്രഖ്യാപനത്തിന് പിന്നാലെ ടി.എൻ. പ്രതാപൻ എം.പി നേരിട്ട് മന്ത്രിയെ കണ്ട് അഭ്യർഥന നടത്തിയതിൽ പരിഗണിക്കുമെന്ന് ഉറപ്പുനൽകിയെങ്കിലും ഇക്കാര്യത്തിൽ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര -സംസ്ഥാന സർക്കാറുകളുടെ മറുപടികൾതന്നെ വ്യക്തമാക്കുന്നു.

ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന കബളിപ്പിക്കൽ രാഷ്ട്രീയമാണ് ഇതിന് പിന്നിലെന്ന ആക്ഷേപവും ശക്തമായിട്ടുണ്ട്.

നഗ്നമായ കരാർ ലംഘനം ഹൈകോടതി നിയോഗിച്ച അഭിഭാഷക കമീഷൻതന്നെ കണ്ടെത്തിയതാണ് പാലിയേക്കര ടോൾ പ്ലസ ഉൾപ്പെടുന്ന മണ്ണുത്തി -ഇടപ്പള്ളി ദേശീയപാത. 2012 ഫെബ്രുവരിയിലാണ് പാലിയേക്കര ടോൾ പ്ലാസയിൽ ടോൾ പിരിവ് ആരംഭിക്കുന്നത്.

10 വർഷത്തിനുള്ളിൽ ആയിരം കോടിയോളം ഇതിനകം ടോൾ പിരിച്ചെടുത്തുവെന്നാണ് ഔദ്യോഗിക കണക്ക്.

2028 വരെ ടോൾ പിരിക്കാൻ കാലാവധിയുണ്ട്. അപ്പോഴേക്കും നാലായിരം കോടിയിലേറെ കരാർ കമ്പനിക്ക് പിരിച്ചെടുക്കാൻ കഴിയും. 825 കോടി മാത്രം ചെലവിട്ട ദേശീയപാത നിർമാണത്തിന് കരാർ കമ്പനി പോക്കറ്റിലാക്കുക അതിന്‍റെ നാലിരട്ടി തുക.

ടോൾ പ്ലാസയിൽ കൊള്ളയും പിടിച്ചുപറിയുമാണ് നടക്കുന്നതെന്ന് ടോൾ ആരംഭിച്ചത് മുതലുള്ള ആക്ഷേപമാണ്.

ഇല്ലാത്ത കാറിനും, വീട്ടിൽ കിടന്ന വാഹനത്തിന്‍റെയും പേരിൽ വരെ അക്കൗണ്ടിൽ നിന്ന് പണം ചോർത്തുന്നത് നിത്യ പരാതികളാണ്. 10 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശവാസികൾക്ക് സൗജന്യ പാസ് അനുവദിക്കണമെന്ന കരാർ വ്യവസ്ഥയും അട്ടിമറിക്കാൻ ശ്രമമുണ്ടായെങ്കിലും കടുത്ത പ്രതിഷേധ തുടർന്ന് മാറ്റേണ്ടി വന്നു.

ദേശീയപാത നിർമാണത്തിലെ അപാകതകളും ക്രമക്കേട് ആക്ഷേപങ്ങളും നേരിടുമ്പോഴാണ് ടോൾ കൊള്ളയും തുടരുന്നത്. ടോൾ പ്ലാസകൾ നിർത്തലാക്കുമെന്ന പ്രഖ്യാപനം ഏറെ സന്തോഷത്തോടെയായിരുന്നു ആളുകൾ ഏറ്റെടുത്തത്.

ഇതിന് പിന്നാലെയായിരുന്നു ടി.എൻ. പ്രതാപൻ എം.പി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയെ നേരിട്ട് കണ്ട് പാലിയേക്കര ടോൾ പ്ലാസ നിർത്തുന്നത് പരിഗണിക്കുമെന്ന് ഉറപ്പ് നൽകിയത്. എന്നാൽ, മാസങ്ങൾ പിന്നിട്ടിട്ടും ഇതിൽ ഒരു തുടർനടപടിയുമുണ്ടായിട്ടില്ലെന്നത് സംശയത്തിലാക്കുന്നതാണ്.

Tags:    
News Summary - Paliyekkara Toll Plaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.