റേഷൻ വാഹനങ്ങളിൽ അമിത ഭാരം: ഉത്തരവ് അഞ്ചാം തവണ; നടപടി കടലാസിൽ മാത്രം

തൃശൂർ: റേഷൻ ശേഖരണ-വിതരണ വാഹനങ്ങളിൽ അമിതഭാരം കയറ്റരുതെന്ന ഉത്തരവ് അഞ്ചാം തവണയും ഇറക്കി സിവിൽ സപ്ലൈസ് കോർപറേഷൻ (സപ്ലൈകോ). 2017ൽ ദേശീയ ഭക്ഷ്യ ഭദ്രത നിയമം (എൻ.എഫ്.എസ്.എ) കേരളത്തിൽ നടപ്പാക്കിയതിന് പിന്നാലെ വിവിധ ഘട്ടങ്ങളിൽ നാലുതവണ ഇറക്കിയ ഉത്തരവ് പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് വീണ്ടും ഉത്തരവ് ഇറക്കേണ്ട ഗതികേടുണ്ടായത്. ഉദ്യോഗസ്ഥരും വാഹന കരാറുകാരും തമ്മിലെ ഒത്തുകളിയിൽ ഇക്കാര്യം നിരന്തരം ലംഘിക്കപ്പെടുകയാണ്.

ഹൈകോടതി ഉത്തരവു പോലും കാറ്റിൽ പറത്തിയാണ് വാഹനങ്ങളിൽ അമിതഭാരം കയറ്റുന്നത്. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രന്‍റെ ഉത്തരവിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ സപ്ലൈകോക്ക് ഇത് സംബന്ധിച്ച് നിർദേശം നൽകിയെങ്കിലും തുടർ നടപടി സ്വീകരിച്ചിരുന്നില്ല. വാഹനങ്ങളിൽ അമിതഭാരം കയറ്റിയ 1500 രേഖകൾ ഹരജിക്കാരൻ ഹൈകോടതിയിൽ ഹാജരാക്കിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിൽ മോട്ടോർ വാഹന വകുപ്പ് കർശന നിർദേശം നൽകിയതോടെയാണ് സപ്ലൈകോക്ക് വീണ്ടും ഉത്തരവ് ഇറക്കേണ്ടി വന്നത്. നേരത്തെ ഇറക്കിയവയിൽ നിന്നും ഭിന്നമായി കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവിൽ അമിത ഭാരം കയറ്റിനൽകരുതെന്ന് ഉേദ്യാഗസ്ഥർക്ക് കർശന നിർദേശമുണ്ട്. വാഹനങ്ങളിൽ അനുവദിക്കപ്പെട്ടതിൽ അധികം ഭക്ഷ്യധാന്യങ്ങൾ കയറ്റി അയക്കുന്ന എൻ.എഫ്.എസ്.എ ഗോഡൗൺ ഓഫിസ് ഇൻചാർജുമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. എഫ്.സി.ഐകളിൽ നിന്നും സ്വകാര്യ മില്ലുകളിൽ നിന്നും റേഷൻ വസ്തുക്കൾ ഗോഡൗണുകളിൽ എത്തിക്കുകയും റേഷൻകടകളിലേക്ക് വിതരണം ചെയ്യുകയും ചെയ്യുന്ന വാഹനങ്ങളിൽ ഇരട്ടിയിൽ അധികം ലോഡ് കയറ്റുന്നതായാണ് പരാതി.

10 ടണിന് പകരം 20ൽ അധികം ടൺ കയറ്റുന്നതിന് ഉദ്യോഗസ്ഥ ഒത്താശയുമുണ്ട്. അമിതഭാരത്തിൽ ട്രിപ്പുകൾ കുറക്കുകയും അതേസമയം കരാർ അനുസരിച്ച് അനുവദനീയമായ ട്രിപ്പിന് തുക ഈടാക്കുകയുമാണ് കരാറുകാർ ചെയ്യുന്നത്. ഇതിന് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർക്ക് മാസപ്പടി കൃത്യമായി ലഭിക്കുന്നതായും ആക്ഷേപം ഉയർന്നിരുന്നു. അതുകൊണ്ട് തന്നെ ഫിറ്റ്നസ് ഇല്ലാത്ത വാഹനങ്ങളിൽ പോലും ഭക്ഷ്യധാന്യ വിതരണത്തിന് അനുമതി നൽകുന്ന പ്രവണതയാണ് ഉദ്യോഗസ്ഥർക്കുള്ളത്.

Tags:    
News Summary - Overweight in ration vehicles; Action only on paper

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.