മാള: മടത്തുംപടി സ്മാർട്ട് വില്ലേജ് കാര്യാലയം തുറക്കാൻ ആറുമാസം സമയം തേടി റവന്യൂ വകുപ്പ്. മൂന്നുമാസത്തിനുള്ളിൽ കാര്യാലയം തുറക്കണമെന്ന് ഹൈകോടതി വിധി വന്നിരുന്നു. ഇതിനെതിരെ സർക്കാർ അപ്പീൽ നൽകാൻ തീരുമാനിച്ചതായും അപ്പീൽ നിലനിൽക്കില്ലെന്ന് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തെ തുടർന്നാണ് ആറുമാസത്തെ സമയം ആവശ്യപ്പെട്ട് വകുപ്പ് ഹൈകോടതിയെ സമീപിക്കാൻ തീരുമാനിച്ചതെന്നും പരാതിക്കാരൻ പറയുന്നു.
പൊതുപ്രവർത്തകൻ ഷാൻറി ജോസഫ് തട്ടകത്ത് നൽകിയ ഹരജിയിൽ സംസ്ഥാന ചീഫ് സെക്രട്ടറി, അഡി. ചീഫ് സെക്രട്ടറി എന്നിവരോടാണ് ഉത്തരവ് നടപ്പാക്കാൻ കോടതി ആവശ്യപ്പെട്ടത്. ഉദ്ഘാടനം കഴിഞ്ഞു രണ്ട് വർഷമായിട്ടും മഠത്തുംപടി സ്മാർട്ട് വില്ലേജിന്റെ പ്രവർത്തനം ആരംഭിക്കുന്നില്ലെന്ന് ചൂണ്ടി കാണിച്ച് ഷാൻറി ജോസഫ് സർക്കാറിന് പരാതി നൽകി. സർക്കാർ നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് ഇദ്ദേഹം ഹൈകോടതിയിൽ ഹരജി നൽകിയത്.
മതിയായ ജീവനക്കാരെ നിയമിക്കാൻ കഴിയാത്തതാണ് കാരണം പൊതുപ്രവർത്തകൻ വീണ്ടും ഹൈകോടതിൽ ഫയൽ ചെയ്ത ഹരജിയിലാണ് അനുകൂല വിധി. 2020ൽ അന്നത്തെ മന്ത്രി ഇ. ചന്ദ്രശേഖരനാണ് മഠത്തുംപടി സ്മാർട്ട് വില്ലേജ് കാര്യാലയം ഉദ്ഘാടനം ചെയ്തത്. പൊയ്യ, മടത്തുംപടി, പള്ളിപ്പുറം എന്നീ മൂന്ന് വില്ലേജുകൾ ചേർന്ന പൊയ്യ ഗ്രൂപ് വില്ലേജിൽനിന്ന് മടത്തുംപടി അടർത്തി മാറ്റിയാണ് സ്മാർട്ട് വില്ലേജ് ഓഫിസ് കെട്ടിടം യാഥാർഥ്യമായത്. 44 ലക്ഷം രൂപ ചെലവഴിച്ച് നിർമിതി കേന്ദ്രമാണ് വില്ലേജ് ഓഫിസിന്റെ നിർമാണം പൂർത്തീകരിച്ചത്.
മഠത്തുംപടി ജോൺസൺ തോമസ് എന്നയാൾ വിട്ടുനൽകിയ 10 സെന്റ് സ്ഥലത്താണ് സ്മാർട്ട് വില്ലേജ് നിർമിച്ചത്. 1861 സ്ക്വയർഫീറ്റിൽ സ്വീകരണ വരാന്ത, വില്ലേജ് ഓഫിസറുടെ മുറി, റെക്കോഡ് റൂം, ഫ്രണ്ട് ഓഫിസ്, ശുചിമുറി, അംഗപരിമിതർക്കായി പ്രത്യേക പ്രവേശന കവാടവും ശുചിമുറിയും തുടങ്ങിയ സൗകര്യങ്ങളാണ് സ്മാർട്ട് വില്ലേജിൽ സജ്ജീകരിച്ചിട്ടുള്ളത്. വില്ലേജ് സേവനങ്ങൾ ഇനി മുതൽ ഡിജിറ്റൽ ഫോർമാറ്റിലേക്ക് മാറ്റുമെന്നും വില്ലേജ് ഓഫിസിൽ എത്തുന്നവർക്ക് കാല താമസമില്ലാതെ കാര്യങ്ങൾ ചെയ്തു മടങ്ങാമെന്ന വാഗ്ദാനത്തോടെയാണ് ഉദ്ഘാടനം നടത്തിയത്. സർക്കാർ കാലാവധി ചോദിച്ചതിനെ കോടതിയിൽ എതിർക്കില്ലെന്നും ഷാൻറി ജോസഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.