കടലോരജാഗ്രത സമിതി, മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികൾ എന്നിവരുടെ
യോഗത്തിൽ ഫിഷറീസ് സ്റ്റേഷൻ അസി. ഡയറക്ടർ ഡോ. സി. സീമ സംസാരിക്കുന്നു
തൃപ്രയാർ: ജില്ലയുടെ തീരക്കടലിൽ രാത്രികാല ട്രോളിങും കരവലിയും നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ വലപ്പാട് കൊടിയമ്പുഴ ദേവസ്വം ഹാളിൽ ഫിഷറീസ് വകുപ്പ് വിളിച്ചുകൂട്ടിയ കടലോരജാഗ്രത സമിതി, മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികൾ എന്നിവരുടെ യോഗം തീരുമാനിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഏർപ്പെടുത്തിയിട്ടുള്ള കളർ കോഡിങ് ഇല്ലാത്ത യാനങ്ങളുടെ രജിസ്ട്രേഷൻ തടയുമെന്ന് ഫിഷറീസ് സ്റ്റേഷൻ അസി. ഡയറക്ടർ ഡോ. സി. സീമ പറഞ്ഞു.
പരമ്പരാഗത മത്സ്യത്തൊഴിലാളികളും തീരത്തോട് ചേർന്ന് സ്ഥിരമായി കരവലി നടത്തുന്ന ബോട്ടുകാരും തമ്മിൽ കടലിൽ നിലവിലുള്ള തർക്കങ്ങളും സംഘർഷവസ്ഥയും നിലനിൽക്കുന്നു. സുസ്ഥിര മത്സ്യബന്ധന രീതികൾ അവലംബിക്കുന്നതിനും അതുവഴി മത്സ്യത്തൊഴിലാളികളുടെ തൊഴിൽ സുരക്ഷിത്വം ഉറപ്പ് വരുത്തുന്നതിനും മത്സ്യബന്ധന യാനങ്ങൾക്ക് ഏകീകൃത കളർ കോഡിങ് ഉറപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2016ൽ ഉത്തരവ് ഇറക്കിയത്.
കൂടാതെ കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം അനുസരിച്ചും രാജ്യസുരക്ഷയും തീര സുരക്ഷയും വർധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് കളർ കോഡിങ് നിർബന്ധമാക്കിയത്. മാർഗ നിർദേശം പാലിക്കാത്ത മത്സ്യ ബന്ധന യാനങ്ങളുടെ ലൈസൻസോ രജിസ്ട്രേഷനോ പുതുക്കരുതെന്ന് സംസ്ഥാന ഫിഷറീസ് വകുപ്പ് ഉത്തരവ് നൽകിയിട്ടുണ്ട്. കളർകോഡ് ഇല്ലാത്ത യാനങ്ങൾ ഉടനെ കേന്ദ്ര സംസ്ഥാന സർക്കാറുകൾ നിഷ്കർഷിച്ചിട്ടുള്ള കളർകോഡ് 'അടിക്കണമെന്നും ഡോ. സി. സീമ പറഞ്ഞു. കടലിൽ ക്രമസമാധനം കർശനമായി പാലിക്കണമെന്നും കടലിൽ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് അപകടകരമായ രീതിയിൽ മത്സബന്ധനം നടത്താൻ പാടില്ലെന്നും ഇത്തരം മത്സ്യബന്ധന രീതികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അധ്യക്ഷത വഹിച്ച അഴിക്കോട് കോസ്റ്റൽ എസ്.ഐ പി.പി. ബാബു അറിയിച്ചു. നാട്ടിക എഫ്.ഇ.ഒ അശ്വിൻ രാജ് സംസാരിച്ചു. മറൈൻ എൻഫോഴ്സ്മെൻറ് ആൻഡ് വിജിലൻസ് വിങ് ഓഫിസർ വി.എൻ. പ്രശാന്ത് കുമാർ സ്വാഗതവും ഫിഷറീസ് സ്റ്റേഷൻ മെക്കാനിക് ടി. ജയചന്ദ്രൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.