ദേശീയപാത 544 നിർമാണ സമയത്ത് മണ്ണിടിഞ്ഞ തമ്പുരാട്ടിപ്പടി ഭാഗം (ഫയൽ)
തൃശൂർ: ദേശീയപാത 544ൽ പട്ടിക്കാട് മുതൽ കുതിരാൻ വരെയുള്ള അഞ്ച് കിലോമീറ്ററോളം മേഖല മണ്ണിടിച്ചിൽ ഭീഷണിയിൽ. ദുർബല പരിസ്ഥിതി മേഖലയും നിർമാണത്തിലെ അശാസ്ത്രീയതയും ചേർന്നതാണ് അപകടാവസ്ഥക്ക് കാരണം. നിർമാണ സമയത്തുതന്നെ ഈ ഭാഗങ്ങളിലെ സുരക്ഷ സംബന്ധിച്ച് സംശയമുയർന്നിരുന്നു. കഴിഞ്ഞദിവസം റോഡിൽ വിള്ളൽ വീണ വഴുക്കുംപാറ ഭാഗത്ത് ഉൾപ്പെടെ നിർമാണ സമയത്ത് മലയിൽനിന്ന് മണ്ണ് ഇടിഞ്ഞ് വീണിരുന്നു. ഈ സമയത്ത് നാട്ടുകാരുൾപ്പെടെ ഇവിടെ ഗതാഗതത്തിന് തുറക്കുമ്പോഴുണ്ടാകുന്ന അപകടാവസ്ഥ ചൂണ്ടിക്കാട്ടിയതാണ്.
മണ്ണ് കോരിമാറ്റി ഇടിഞ്ഞ ഭാഗത്ത് കോൺക്രീറ്റ് മിശ്രിതം പിടിപ്പിച്ചാണ് റോഡ് നിർമിച്ചത്. ഇതേ അവസ്ഥതന്നെയാണ് പട്ടിക്കാടിന് അടുത്ത് തുമ്പുരാട്ടി മൂലയിലും. മൂന്ന് ട്രാക്കിൽ ഗതാഗതം വേണ്ടിടത്ത് ഇവിടെ രണ്ട് വരിയായാണ് നടത്തുന്നത്. സർവിസ് റോഡിനോട് ചേർന്ന് മലയിൽനിന്ന് ഏതുസമയത്തും മണ്ണിടിഞ്ഞ് വീഴാവുന്ന സ്ഥിതിയാണ്. മഴക്കാലത്ത് അപകടകരമായ അവസ്ഥയുണ്ട്. 100 മീറ്ററോളം ഇവിടെ സർവിസ് റോഡും നിർമിച്ചിട്ടില്ല. വഴിവിളക്കുകൾ ഉണ്ടെങ്കിലും തെളിയുന്നില്ല.
മണ്ണുത്തി-വടക്കഞ്ചേരി പാതയിൽ വനത്തിനരികിലൂടെ കടന്നുപോകുന്ന ഭാഗമാണ് കുതിരാൻ ഉൾപ്പെടുന്ന അഞ്ച് കിലോമീറ്റർ ദൂരം. ഇവിടെ നിർമാണം ശാസ്ത്രീയമല്ലെന്നാണ് ആരോപണം. നിലവിൽ റോഡിൽ വിള്ളൽ വീണഭാഗം ഒമ്പത് മീറ്ററോളം ഉയരത്തിലാണ് നിർമിച്ചിരിക്കുന്നത്. കുതിരാൻ തുരങ്കം കഴിഞ്ഞ് വഴുക്കുംപാറയിലേക്ക് സർവിസ് റോഡിനായി സ്ഥലം വിട്ടതിനാലാണ് ഇവിടെ കോൺക്രീറ്റ് ഭിത്തി സാധ്യമാകാതിരുന്നതെന്നാണ് ദേശീയപാത അതോറിറ്റി പറയുന്നത്.
ഈ സ്ഥലത്ത് ഇതുവരെ സർവിസ് റോഡ് പൂർത്തിയാക്കിയിട്ടില്ല. ആറ് വരി പാതയിൽ പലയിടങ്ങളിലും സർവിസ് റോഡുകൾ പൂർത്തിയാകാത്ത സ്ഥിതിയുണ്ട്. മണ്ണിടിഞ്ഞ് വീഴുന്ന ഭാഗങ്ങൾ വനംവകുപ്പിന്റെ കൈവശമായതിനാൽ ഇവിടെ മറ്റൊന്നും ചെയ്യാനാവാത്ത സ്ഥിതിയാണ്. തുരങ്കം പൂർത്തീകരിച്ച് എത്രയും വേഗം ടോൾപിരിവ് തുടങ്ങാനുള്ള ധൃതിക്കിടെ വെള്ളക്കെട്ടുൾപ്പെടെ ന്യൂനതകൾ പോലും പരിഹരിച്ചിട്ടില്ല. മഴ പെയ്താൽ ഇത് ഏറ്റവുമധികം അപകടമുണ്ടാക്കുക ഇരുചക്ര വാഹന യാത്രികരെയാണ്.
ദേശീയപാത 544ലെ മണ്ണുത്തി-വടക്കഞ്ചേരി റീച്ചിൽ ശനിയാഴ്ച മുതൽ ഒമ്പത് സീറ്റ് വരെയുള്ള ചെറുയാത്ര വാഹനങ്ങൾക്ക് അതിവേഗം സഞ്ചരിക്കാം. 110 കിലോ മീറ്ററാണ് ഇവിടെ വേഗപരിധിയായി പുനഃക്രമീകരിച്ചത്. സംസ്ഥാനത്ത് ദേശീയപാതയിൽ നിലവിൽ ആറ് വരിയായി നിർമിച്ച ഏകഭാഗം 544ലെ മണ്ണുത്തി - വടക്കഞ്ചേരി റീച്ചാണ്. ഇരുഭാഗത്തുമായി മൂന്ന് വീതം ട്രാക്കിലാണ് ഗതാഗതം. അതിനാൽ സംസ്ഥാനത്ത് പുതുക്കിയ വേഗപരിധിയനുസരിച്ച് ഏറ്റവും വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ഭാഗമാണ് ഈ 35 കിലോ മീറ്റർ. മണ്ണുത്തി-അങ്കമാലി, വടക്കഞ്ചേരി-വാളയാർ എന്നിങ്ങനെ കേരളത്തിലൂടെ കടന്നുപോകുന്ന ഈ ദേശീയപാതയിലെ മറ്റ് രണ്ട് റീച്ചുകളും നാലുവരിപാതയാണ് (സർവിസ് റോഡ് കൂടാതെ രണ്ട് വീതം ട്രാക്കുകൾ).
മണ്ണുത്തി-വടക്കഞ്ചേരി ആറ് വരിയിൽ ഒമ്പത് സീറ്റിന് മുകളിലുള്ള യാത്രാ വാഹനങ്ങൾക്ക് 95 കിലോ മീറ്ററും ലൈറ്റ്, മീഡിയം, ഹെവി വാഹനങ്ങൾക്ക് 80 കിലോ മീറ്ററും വേഗത്തിൽ സഞ്ചരിക്കാം. ബൈക്കുകൾക്ക് 60 കിലോ മീറ്ററാണ് വേഗപിരിധി. മണ്ണുത്തി-അങ്കമാലി, വടക്കഞ്ചേരി-വാളയാർ റീച്ചിൽ ചെറുയാത്ര വാഹനങ്ങൾക്ക് 100ഉം വലിയ യാത്രാവാഹനങ്ങൾക്ക് 90ഉം ലൈറ്റ്, മീഡിയം, ഹെവി വാഹനങ്ങൾക്ക് 70ഉം കിലോ മീറ്റർ വേഗത്തിൽ സഞ്ചരിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.