തൃശൂർ: കേന്ദ്ര പരിസ്ഥിതി മന്ത്രാലയം സംഘടിപ്പിച്ച 'ഇന്ത്യ പ്ലാസ്റ്റിക് ചലഞ്ച് 2021' ദേശീയ ഹാക്കത്തണിൽ ഇന്ത്യയിലെ മികച്ച മൂന്നു ടീമുകളിലൊന്നായി തൃശൂർ ഗവ. എൻജിനീയറിങ് കോളജിലെ മൂന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥികളുടെ കൂട്ടായ്മ. പ്ലാസ്റ്റിക് നിർമാർജനത്തിന് 'സ്മാർട്ട് വേസ്റ്റ് ബിൻ' എന്ന ആശയത്തിൽ തയാറാക്കിയ ഇവരുടെ പ്രോജക്ടിന് ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക.
വലിച്ചെറിന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കാൻ പ്രേരിപ്പിക്കാൻ സ്മാർട്ട് വേസ്റ്റ് ബിന്നുകൾ തയാറാക്കുന്നതാണ് ആദ്യപടി. പ്ലാസ്റ്റിക് നിക്ഷേപിക്കുമ്പോൾ ബിന്നിലെ ക്യൂ.ആർ കോഡ് സ്കാൻ ചെയ്യുമ്പോഴാണ് ഓഫറുകൾക്കും റിവാർഡുകൾക്കും മുന്നിൽ പൊതുജനം എത്തുക. വിദ്യാർഥികൾ തയാറാക്കിയ 'മൈ പ്ലാസ്റ്റിക് പേയ്സ്' എന്ന ആപ്ലിക്കേഷന്റെ സഹായത്താൽ ക്യൂ.ആർ കോഡ് സ്കാൻ ചെയ്യുമ്പോൾ ഉപഭോക്താവ് അനവധി അവസരങ്ങളുടെ മുന്നിലെത്തും. അതിൽ ഉൽപന്നങ്ങളും സിനിമ ടിക്കറ്റ് ഉൾപ്പെടെയുള്ള ഓഫറുകളും ഉണ്ടാകും. മാർക്കറ്റിങ് വിഭാഗം സജീവമാകുമ്പോഴാണ് ഈ ആശയം സമ്പൂർണതയിലെത്തുക. വലിയ അളവിൽ പ്ലാസ്റ്റിക് ശേഖരിക്കാനും മാലിന്യ നിക്ഷേപം തടയാനും ഇതിലൂടെ സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് ടീം അംഗമായ ആദ്യ കെ. രാജ് 'മാധ്യമ'ത്തോട് പറഞ്ഞു.
തൃശൂർ ഗവ. എൻജിനീയറിങ് കോളജിലെ മൂന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥി ആദ്യക്ക് പുറമെ കെ.ടി. അഞ്ജന, എ. അമിത, ഇജാസ് അഹമ്മദ് എന്നിവരാണ് ടീമിലുള്ളത്. കമ്പ്യൂട്ടർ സയൻസ് വിഭാഗം അസി. പ്രഫ. അജയ് ജെയിംസിന് കീഴിൽ മത്സരിച്ച ടീം മൊത്തം അഞ്ഞൂറോളം ടീമുകളിൽനിന്നാണ് അവസാന മൂന്നു ടീമുകളിൽ എത്തി സുവർണ നേട്ടം കൈവരിച്ചത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ കൂടാതെ ക്ലൈമറ്റ് കലക്ടീവും ജർമൻ കമ്പനിയായ 'ജിസും' ഈ ഹാക്കത്തണിന്റെ സംഘാടകരാണ്. വനിതകളെ കേന്ദ്രീകരിച്ച് ഐ.ബി.എം നടത്തിയ അഞ്ഞൂറോളം ടീമുകൾ മാറ്റുരച്ച വിറ്റ്- എയ്സ് ഹാക്കത്തണിലും ആദ്യ 10 ടീമുകളിൽ എത്തി ഇതേ ടീം ശ്രദ്ധ നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.