പാലിയേക്കരയിൽ മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധന
തൃശൂർ/ആമ്പല്ലൂർ: വടക്കഞ്ചേരിയിലെ ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ സജീവമായി മോട്ടോർവാഹന വകുപ്പിന്റെ പരിശോധന. പാലിയേക്കരയിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ പരിശോധന നടന്നു. ഐ.എസ്.എൽ മത്സരം കാണാനായി പോയവരുടെ ബസുകളിലും വിനോദയാത്രക്ക് പോകുന്ന ടൂറിസ്റ്റ് ബസുകളിലുമടക്കം പരിശോധന നടത്തി. അഞ്ച് യൂനിറ്റുകളുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വിനോദസഞ്ചാര വാഹനങ്ങൾക്ക് പുറമെ ലോറികളും സംഘം പരിശോധിച്ചു. ടൂറിസ്റ്റ് ബസുകൾ, വാനുകൾ തുടങ്ങിയവയിലെ എയർഹോണുകൾ, അധികമായി ഘടിപ്പിച്ച ലൈറ്റുകൾ, എൽ.ഇ.ഡി, കാഴ്ച മറക്കുന്ന രീതിയിലുള്ള സ്റ്റിക്കറുകൾ എന്നിവ അഴിച്ചുമാറ്റിച്ചു.
വാഹനത്തിനുള്ളിൽ ഘടിപ്പിച്ച സൗണ്ട് സിസ്റ്റങ്ങൾ നീക്കംചെയ്യാൻ നിർദേശം നൽകി. വാഹനങ്ങളിൽനിന്ന് പിഴ ചുമത്തി. ആഡംബരത്തിനായി ഘടിപ്പിച്ച വസ്തുക്കളെല്ലാം നീക്കംചെയ്ത് ഒരാഴ്ചക്കുള്ളിൽ അതത് ആർ.ടി.ഒ ഓഫിസുകളിൽ വാഹനം എത്തിക്കണമെന്ന നിർദേശത്തോടെയാണ് വാഹനങ്ങൾ അധികൃതർ വിട്ടയച്ചത്.
വിനോദയാത്രക്ക് പോകുന്ന വാഹനങ്ങൾ രണ്ടുദിവസം മുമ്പ് ആർ.ടി.ഒ കേന്ദ്രങ്ങളിൽ എത്തിച്ച് പരിശോധനക്ക് വിധേയമാക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് ഇൻസ്പെക്ടർ സജി തോമസ് നിർദേശം നൽകി.
യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിലായിരുന്നു പരിശോധന. ഒല്ലൂർ കുരിയച്ചിറ സെന്റ് ജോസഫ്സ് സ്കൂളിൽ നിന്നുള്ള വിദ്യാർഥികൾ വിനോദയാത്രക്ക് പോയ ബസ് തിരുവനന്തപുരത്ത് അപകടത്തിൽപെട്ടു. ബൈക്ക് യാത്രക്കാരനെ ഇടിക്കുകയായിരുന്നു.
അപകടത്തിൽ ബൈക്ക് യാത്രികന്റെ കാലൊടിഞ്ഞു. കൊടുങ്ങല്ലൂരിൽ കോട്ടപ്പുറത്തുനിന്ന് വിനോദയാത്രക്കായി ഏൽപിച്ച വാഹനത്തിൽ നിയമലംഘനങ്ങൾ കണ്ടെത്തിയതിനാൽ മോട്ടോർ വാഹന വകുപ്പ് യാത്ര തടഞ്ഞു.
15 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇത് പരിഹരിച്ച് യാത്ര തുടരാമെന്ന് അറിയിച്ചെങ്കിലും അതിനുള്ള സമയമില്ലാത്തതിനാൽ യാത്ര ഉപേക്ഷിച്ചു. ഓണക്കാലത്ത് രാപ്പകൽ ഭേദമില്ലാതെ പരിശോധനകൾ നടത്തിയിരുന്നുവെങ്കിലും ടൂറിസ്റ്റ് ബസുകളിൽ ഉണ്ടായിരുന്നില്ല.
വടക്കഞ്ചേരി അപകട സാഹചര്യത്തിൽ മന്ത്രി നേരിട്ട് നിർദേശം നൽകിയതും ഹൈകോടതിയുടെ മുന്നറിയിപ്പും വന്നതോടെയാണ് വകുപ്പ് ഉണർന്നത്.
പരിശോധനയുണ്ടാവുമെന്ന നിർദേശം വന്നതോടെ ഏറെ വണ്ടികളും അനധികൃതമായി ഘടിപ്പിച്ചവ അഴിച്ചുമാറ്റി. എന്നാൽ ലൈറ്റ്, മ്യൂസിക് സിസ്റ്റം അടക്കമുള്ള അഴിച്ചുമാറ്റിയാൽ ആരും വിളിക്കാതാവുമെന്ന പരിഭവമാണ് വാഹന ഉടമകൾ പറയുന്നത്.
എന്നാൽ, കോടതി കൂടി കടുത്ത നിലപാട് സ്വീകരിച്ച സാഹചര്യത്തിൽ കർശന നടപടികൾക്കാണ് വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. വരുംദിവസങ്ങളിൽ പരിശോധന തുടരുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.
തൃശൂർ: ജില്ലയിലെ ടൂറിസ്റ്റ് ബസുകളിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ ആദ്യദിനത്തിൽ കണ്ടെത്തിയത് 99 നിയമ ലംഘനങ്ങൾ. 150 വാഹനങ്ങളിലാണ് പരിശോധന നടത്തിയത്. 98,000 രൂപയും പിഴ ഈടാക്കി.
അനധികൃത രൂപമാറ്റത്തിൽ എട്ട് വാഹനങ്ങൾ, അമിത ശബ്ദ സംവിധാനത്തോടെ 20, ഫ്ലാഷ് ലൈറ്റുകളുടെ ഉപയോഗം 15, സ്പീഡ് ഗവർണർ ഘടിപ്പിക്കാതിരിക്കുക തുടങ്ങി ലംഘനങ്ങളാണ് പ്രധാനമായും കണ്ടെത്തിയത്. ട്രാൻസ്പോർട്ട് കമീഷണർ ശ്രീജിത്തിന്റെ നിർദേശപ്രകാരമാണ് ജില്ലയിൽ കർശനമായ പരിശോധനകൾ നടത്തുന്നത്. വരും ദിവസങ്ങളിലും പരിശോധന തുടരും.
തൃശൂർ: സ്കൂളുകൾക്കും കോളജുകൾക്കും ഇതരവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വിനോദയാത്ര കാലമാണിത്. ടൂറിസ്റ്റ് ബസുകൾക്ക് ചാകരക്കാലവും. സ്കൂൾ അധികൃതരും പി.ടി.എയും ചേർന്ന് വിനോദയാത്ര പ്ലാൻ ചെയ്യുന്ന കാലം മാറി. വിവിധ ടൂറിസ്റ്റ് സ്ഥാപനങ്ങൾ നൽകുന്ന ട്രിപ്പുകൾക്കാണ് ഇപ്പോൾ മുൻഗണന.
സ്കൂളിൽനിന്ന് വിനോദയാത്ര ഷെഡ്യൂൾ രക്ഷിതാക്കളെ അറിയിക്കുന്നത് പോലും വിവിധ വാഹന കമ്പനികളുടെ പേരിലാണ്. അത്ര സ്വാധീനമാണ് വമ്പൻ കമ്പനികൾക്ക് സ്കൂളുകളിലുള്ളത്. വാഹന അധികൃതർ നിശ്ചയിക്കുന്ന റൂട്ടിൽ ഏൽപ്പിക്കുന്ന താമസസ്ഥലങ്ങളിൽ ഏർപ്പാടാക്കുന്ന ഹോട്ടലുകളിൽ ഭക്ഷണം കഴിച്ച് കുട്ടികളിൽനിന്ന് പണം ഈടാക്കി യാത്ര പോകുന്ന ഏർപ്പാട് എല്ലായിടത്തും.
വാഹനങ്ങൾക്ക് അനുസരിച്ച് കുട്ടികൾ വരുന്ന പ്രവണതയാണ് ഇങ്ങനെ ഒരുമാറ്റത്തിന് പ്രധാന കാരണമായി അധ്യാപകർ നിരത്തുന്നത്.അതുകൊണ്ടുതന്നെ വിനോദയാത്ര കമ്പോളത്തിൽ കൊമ്പന്മാർക്കും വമ്പമാർക്കുമാണ് വലിയ മാർക്കറ്റ്.
ഈ വിപണി കൈപിടിയിലാക്കാൻ വമ്പൻ നിയമലംഘനങ്ങളാണ് നടക്കുന്നത്. നിയമലംഘനങ്ങൾക്ക് കൂട്ടുമായി ഉദ്യോഗസ്ഥ ലോബിയുമുണ്ട്.അതുകൊണ്ടുതന്നെ വർഷങ്ങളായി നടക്കുന്ന നിയമലംഘനം ഇടർച്ചയിലല്ലാതെ തുടരുകയാണ്.
ഡ്രൈവർമാർക്ക് ഉറക്കമില്ലാക്കാലം
തൃശൂർ: സ്കൂളുകളും സ്ഥാപനങ്ങളും വിനോദസഞ്ചാരത്തിൽ ഏർപ്പെടുമ്പോൾ ഡ്രൈവർമാർക്കാണ് കലികാലം. ഒന്നിന് പുറകേ ഒന്നായി ട്രിപ്പുകൾ വരുന്നത് സർവിസ് നടത്തുന്നവർക്ക് ചാകരയാണ്.
അതിന്റെ ഗുണം ഡ്രൈവർമാർക്കും ലഭിക്കും. പക്ഷേ, ശരിക്ക് ഉറക്കം പോലും ഇല്ലാതെ ക്ഷീണിതരായി ബസ് ഓടിക്കേണ്ടിവരുന്നത് കാര്യങ്ങൾ കുഴപ്പിക്കുന്നതാണ്.
ശരിയായ വിശ്രമം നൽകാതെ അമിത ജോലി ചെയ്യിപ്പിക്കുന്നത് ഏറെ ജീവനുകൾ വെച്ചുകൊണ്ടുള്ള പന്താട്ടമാണ്. അമിതവേഗത്തിൽ രാത്രിയിൽ ഉറക്കച്ചടവുമായുള്ള ഡ്രൈവിങ് നിയന്ത്രിക്കേണ്ടതുണ്ട്.
ഒപ്പം ഒരുയാത്ര കഴിഞ്ഞ് ബസുകളുടെ അറ്റകുറ്റപ്പണികൾക്ക് പോലും സമയം കണ്ടെത്താതെ അടുത്ത ട്രിപ്പ് കൂടിയാവുന്ന സാഹചര്യവും ഏറെയുണ്ട്. കഴിഞ്ഞദിവസം വൈകിവന്ന് കുതിച്ചുപാഞ്ഞ ബസാണ് വടക്കഞ്ചേരിയിൽ അപകടമുണ്ടാക്കിയത്.
അനുമതിയില്ലാ യാത്രകൾ
തൃശൂർ: സ്കൂളുകളിൽനിന്നും വിനോദയാത്രക്ക് വിദ്യാഭ്യാസ വകുപ്പിൽനിന്നും അനുമതി ആവശ്യമാണ്. ഹൈസ്കൂളുകളിൽനിന്നുമുള്ള വിനോദയാത്രക്ക് ജില്ല വിദ്യാഭ്യാസ ഓഫിസിൽനിന്നുള്ള അനുമതിയാണ് ആവശ്യം. യു.പി, എൽ.പി ക്ലാസുകൾക്ക് ഉപജില്ല ഓഫിസുകളിൽ നിന്നുള്ള അനുമതി പത്രവും വേണ്ടതുണ്ട്. എന്നാലിത് അധിക സ്കൂളുകളും വാങ്ങുക പതിവില്ല.
അനുമതി പത്രം വാങ്ങുന്ന സ്കൂളുകൾ തന്നെ രാത്രി യാത്രയുള്ളവ ഉച്ചക്കോ വൈകുന്നേരമോ പുറപ്പെടുമെന്ന് അപേക്ഷ നൽകി രാത്രി യാത്ര നടത്തുകയാണ് പതിവ്. കർശന പരിശോധന നടത്താൻ അധികൃതരും തയാറാവുകയില്ല.
രക്ഷിതാക്കൾ കൂടെ പോകാറില്ല
തൃശൂർ: പി.ടി.എ തീരുമാനപ്രകാരം പോകുന്ന വിനോദയാത്രകളിൽ രക്ഷിതാക്കളുടെ പങ്കാളിത്തം തുലോം കുറവാണ്.യു.പി, എൽ.പി ക്ലാസുകളിൽ രക്ഷിതാക്കൾ യാത്രക്കൊപ്പം കൂടുമെങ്കിലും ഹയർ സെക്കൻഡറി, ഹൈസ്കൂൾ ക്ലാസുകളിലെ കുട്ടികളുടെ രക്ഷിതാക്കൾ യാത്രക്കൊപ്പം പോകാറില്ല.
ഏതെങ്കിലും രക്ഷിതാവ് അതിന് തുനിഞ്ഞാൽ കുട്ടികൾ സമ്മതിക്കുകയുമില്ല. കുട്ടികൾക്ക് കൂടുതൽ സുരക്ഷിതത്വം ഒരുക്കാൻ ഇത് സഹായകമാണേലും അങ്ങനെ ഒരു സാഹചര്യം നിലവിലില്ല. രക്ഷിതാവ് കൂടി വിനോദയാത്രയിൽ പങ്കാളിയാവണമെന്ന നിർദേശം പാലിക്കപ്പെടാതെ പോവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.