തൃശൂർ: താൻ ഇപ്പോഴും ജീവിച്ചിരിക്കുന്നതിന്റെ കാരണം മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെന്ന് മുരിയാട് സമരനേതാവ് വർഗീസ് തൊടുപറമ്പിൽ. സമരം നടക്കുന്ന കാലത്ത് ഭൂമാഫിയ ഗുണ്ടകൾ പാടശേഖരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. സമരത്തിന്റെ ദിശ മാറിയത് വി.എസ്. സമരപ്പന്തലിൽ എത്തിയതോടെയാണെന്ന് വർഗീസ് ‘മാധ്യമ’ത്തോട് പറഞ്ഞു.
വി.എസ് എന്ന ഒറ്റയാളാണ് മുരിയാട് സമരത്തെ വിജയിപ്പിച്ചത്. 2006 ഡിസംബർ 10ന് സമരം പ്രഖ്യാപിക്കുമ്പോൾ സി.പി.എമ്മിലെ ഔദ്യോഗിക ഗ്രൂപ്പിന്റെ പിന്തുണ ലഭിച്ചിരുന്നു. പോഷകസംഘടനകളും സമരത്തോടൊപ്പം ഉറച്ചുനിന്നു. ഇതിനിടയിൽ കൃഷിമന്ത്രി മുല്ലക്കര രത്നാകരനും റവന്യൂ മന്ത്രി കെ.പി. രാജേന്ദ്രൻ എത്തി ഒത്തുതീർപ്പ് ചർച്ച നടത്തിയെങ്കിലും കാര്യമായ പ്രയോജനം ഉണ്ടായില്ല. എന്നാൽ, സമരം നെൽവയൽ സംരക്ഷണ നിയമത്തിന്റെ ഭാഗമായി മാറുന്നത് കണ്ടതോടെ 2007ൽ സി.പി.എം സമരത്തിനെതിരായി. അവർ സമരപ്പന്തൽ രണ്ടുതവണ കത്തിച്ചു. കത്തിച്ച പന്തലിൽ വീണ്ടും സമരം തുടങ്ങി. 2007 ജൂൺ നാലിനാണ് വി.എസ് പുതിയ സമരപ്പന്തലിൽ എത്തുന്നത്. അന്ന് വർഗീസിനെ വിമോചനസമരത്തിന്റെ വക്താവെന്നും ഭൂപരിഷ്കരണം അട്ടിമറിക്കാൻ സമരം നടത്തുന്നയാളെന്നും സി.പി.എം ആരോപിച്ചു. ഇടതുപക്ഷം വാർത്തസമ്മേളനം നടത്തിയാണ് സമരത്തെ വി.എസ് തള്ളിക്കളയുമെന്ന് പ്രഖ്യാപിച്ചത്.
ഗ്രാമപഞ്ചായത്ത് ഓഫിസിന്റെ മുകളിലത്തെ നില ഉദ്ഘാടനം ചെയ്യുന്നതിന് വി.എസ് എത്തുമെന്ന് അറിയിച്ചിരുന്നു. ആ ദിവസം തൃശൂർ രാമനിലയത്തിലാണ് തന്നെ ചർച്ചക്കു വിളിച്ചത്. 15 മിനിറ്റോളം വ്യക്തിപരമായി ചർച്ച നടത്തി. രഹസ്യചർച്ച കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ കോടിയേരി ബാലകൃഷ്ണൻ കാത്തുനിന്നു. എന്താണ് തീരുമാനമെന്ന് അന്വേഷിച്ചപ്പോൾ സർക്കാറാണ് തീരുമാനമെടുക്കുകയെന്ന് വി.എസ് പറഞ്ഞു. സമരം ശക്തമാക്കുമെന്ന് വർഗീസും കോടിയേരിയോട് പറഞ്ഞു. വെള്ളം കുടിക്കും, സമരം കത്തില്ല എന്നായിരുന്നു കോടിയേരിയുടെ മറുപടി.
വി.എസ് കാറിലേക്ക് കയറുമ്പോൾ പറഞ്ഞു-ആമ്പല്ലൂർ ഹൈവേ വഴിയല്ല പോകേണ്ടത്. ഹൈവേയിൽ തിരക്കാണ്. ഊരകം വഴി പോകാം. അപ്പോഴാണ് വി.എസിന്റെ ലക്ഷ്യം സമരവേദിയാണെന്ന് തിരിച്ചറിഞ്ഞത്. കാറിലിരുന്ന് വി.എസ് ഫോൺ കാളുകൾ എടുത്തില്ല. ഇക്കാലത്ത് പാടശേഖരത്തിലെ 4000 ഏക്കർ ഭൂമി മാഫിയ മുൻകൂർ തുക നൽകി വാങ്ങാൻ കരാറുറപ്പിച്ചിരുന്നു. വി.എസ് സമരപ്പന്തലിൽ എത്തിയതോടെ സമരം വിജയംകാണുമെന്ന പ്രതീക്ഷയുണ്ടായി. സമരം പിൻവലിച്ചാലോയെന്നും ആലോചിച്ചു. യഥാർഥ പോരാട്ടം വിജയംവരെ തുടരണമെന്നായിരുന്നു വി.എസിന്റെ നിർദേശം.
വി.എസിന് ഈ സമരത്തിൽ ശക്തമായ ലക്ഷ്യം ഉണ്ടായിരുന്നു. നെൽവയലുകൾ സംരക്ഷിക്കാൻ നിയമം പാസാക്കാൻ 2008ൽ നിയമസഭയിൽ ബിൽ അവതരിപ്പിക്കുമ്പോൾ അവസാനദിവസം ഗാലറിയിൽ വർഗീസുണ്ട്. രാത്രിയും ചർച്ച തുടർന്നു. ഇടക്ക് പുറത്തിറങ്ങിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതിപക്ഷം ബഹിഷ്കരിക്കുമെന്നും ഭരണപക്ഷം ചിലപ്പോൾ ബിൽ മാറ്റിവെക്കാൻ സാധ്യതയുണ്ടെന്നും സൂചിപ്പിച്ചു.
വർഗീസ് അപ്പോൾതന്നെ ചീഫ് വിപ്പ് ആനത്തലവട്ടം ആനന്ദന്റെ മുറിയിലേക്കു ചെന്നു. വിവരം അദ്ദേഹത്തെ അറിയിച്ചു. അദ്ദേഹം കേൾക്കാൻ മനസ്സുകാണിച്ചില്ല. മുഖ്യമന്ത്രിയെ പാടത്ത് കൊണ്ടുപോയാൽ സമരം വിജയിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. പിന്നീട് വർഗീസ് മുഖ്യമന്ത്രിയുടെ ചേംബറിലെത്തി വി.എസിനെ കണ്ടു. ഒറ്റ ശ്വാസത്തിൽ വിവരം പറഞ്ഞു.
നിയമം പാസാക്കിയില്ലെങ്കിൽ മുഖ്യമന്ത്രിയുടെ വസതിക്കു മുന്നിൽ ആത്മാഹുതി ചെയ്യുമെന്നും വർഗീസ് പറഞ്ഞു. ചീഫ് വിപ്പ് അല്ല നിയമം പാസാക്കുന്നതെന്നായിരുന്നു വി.എസിന്റെ മറുപടി. പാർട്ടി കർശന നിർദേശം നൽകി. വി.എസിന്റെ നിശ്ചയദാർഢ്യമാണ് നിയമം പാസാക്കിയത്. അതുകൊണ്ട് അദ്ദേഹം മലമ്പുഴയിൽ മത്സരിച്ചപ്പോൾ പ്രവർത്തിക്കാൻ വർഗീസ് പോയി. മുരിയാട് സമരത്തിന്റെ അജണ്ട മാറ്റിയത് വി.എസാണ്. അദ്ദേഹത്തിന്റെ പ്രേരണ ഇല്ലായിരുന്നെങ്കിൽ സമരം ഇത്രകാലം മുന്നോട്ടു കൊണ്ടുപോകാൻ കഴിയുമായിരുന്നില്ലെന്നും വർഗീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.