കനത്ത മഴയിൽ നിറഞ്ഞ ചാലക്കുടിപ്പുഴ
അതിരപ്പിള്ളി: വനമേഖലയിൽ മഴ ശക്തിപ്പെട്ടതിനെത്തുടർന്ന് പെരിങ്ങൽക്കുത്ത് ഡാമിന്‍റെ ആറ് ഷട്ടറുകൾ തുറന്നു. രണ്ടെണ്ണം നേരത്തേ തുറന്നിരുന്നു. മഴ കനത്തതിനാൽ രണ്ട് ഷട്ടറുകൾ തിങ്കളാഴ്ച വൈകീട്ടാണ് തുറന്നത്. തുടർന്ന് രണ്ട് ഷട്ടറുകൾകൂടി ചൊവ്വാഴ്ച തുറക്കുകയായിരുന്നു. പറമ്പിക്കുളം ഡാമിൽനിന്ന് വെള്ളമെത്തിയതോടെയാണ് രണ്ട് ഷട്ടറുകൾകൂടി തുറന്നത്. ഉച്ചയോടെ പറമ്പിക്കുളത്ത് മൂന്ന് ഷട്ടറുകൾ 50 സെ.മീ. വീതം തുറന്ന് 6000 ക്യുസെക്സ് വെള്ളമാണ് എത്തുന്നത്.
കൂടാതെ, ഷോളയാർ ഡാമിൽനിന്ന് തുറന്നുവിടുന്ന വെള്ളവും പെരിങ്ങൽക്കുത്തിലേക്ക് വരുന്നുണ്ട്. ചൊവ്വാഴ്ച രാത്രി ഇനിയും കൂടുതൽ വെള്ളം പറമ്പിക്കുളത്തുനിന്ന് എത്താൻ സാധ്യതയുണ്ട്.
കഴിഞ്ഞ ദിവസം അതിരപ്പിള്ളിയിൽ കനത്ത മഴ പെയ്തിരുന്നു. 173 എം.എം മഴയാണ് ചൊവ്വാഴ്ച രാവിലെ വരെ രേഖപ്പെടുത്തപ്പെട്ടത്. ആനമല റോഡിൽ പലയിടത്തും മലവെള്ളപ്പാച്ചിൽ പ്രത്യക്ഷപ്പെട്ടതിനാൽ ഗതാഗതം തടസ്സപ്പെട്ടിരുന്നു.
എന്നാൽ, ചൊവ്വാഴ്ച പകൽ കനത്ത മഴ പെയ്തില്ലെന്നത് ആശ്വാസമായി. ചാലക്കുടിയിലെ മറ്റ് പഞ്ചായത്തുകളിലും തിങ്കളാഴ്ച രാത്രി കനത്ത മഴ പെയ്തിരുന്നു. പരിയാരത്ത് 116 എം.എം, ചാലക്കുടിയിൽ 152 എം.എം, മേലൂരിൽ 104 എം.എം, കടുകുറ്റിയിൽ 87.2 എം.എം എന്നിങ്ങനെയാണ് പെയ്ത മഴയുടെ തോത്.
നാട്ടിൻപുറത്ത് മഴ ചൊവ്വാഴ്ച പകൽ കുറവാണ്.
ചിമ്മിനി ഡാം ഷട്ടറുകൾ ഉയർത്തി
ആമ്പല്ലൂർ: കനത്ത മഴയെത്തുടർന്ന് സംഭരണിയിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ചിമ്മിനി ഡാമിന്‍റെ നാല് സ്പിൽവേ ഷട്ടറുകൾ ചൊവ്വാഴ്ച 2.5 സെ.മീ. വീതം ഉയർത്തിയതായി എ.ഇ ആർ. ജ്യോതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.