അജിത്ത്
തൃശൂർ: കലക്ടറേറ്റിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ പൊലീസ് പിടികൂടി. റവന്യൂ വകുപ്പിൽ റീ-സർവേ ഓഫിസർ തസ്തികയിൽ താൽക്കാലിക ജോലി വാഗ്ദാനം ചെയ്ത് വരവൂർ സ്വദേശിനിയിൽ നിന്ന് 40,000 രൂപ വാങ്ങി തട്ടിപ്പുനടത്തിയ കേസിൽ ചേലക്കര തൊണ്ണൂർക്കര സ്വദേശി വടക്കേതിൽ വീട്ടിൽ അജിത്ത് (46) ആണ് പിടിയിലായത്.
2023 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ജോലി സംബന്ധമായ അന്വേഷണത്തിന് പോയ വരവൂർ സ്വദേശിനിയെ പ്രതി പരിചയപെടുകയും റവന്യൂ വകുപ്പിൽ താൽക്കാലികമായി നിയമിക്കുന്നുണ്ടെന്നും താൽപര്യമുണ്ടെങ്കിൽ വിളിക്കാമെന്നും പറഞ്ഞ് നമ്പർ കൊടുക്കുകയായിരുന്നു.
കേരള സർക്കാറിന്റെ ഐഡന്റിറ്റി കാർഡിന്റെ ടാഗ് അണിഞ്ഞ് കലക്ടറേറ്റിലെ ജീവനക്കാരനാണെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. വീട്ടുകാരുമായി സംസാരിച്ച് സ്വർണം പണയം വെച്ച് പണവുമായി ഓഫിസിലെത്തി പ്രതിക്ക് 35,000 രൂപ നൽകി. പിന്നീട് 5000 രൂപയും ആവശ്യപ്പെട്ടു. അത് വടക്കാഞ്ചേരിയിലെത്തി നൽകി. നവംബർ ഒന്നിന് ജോലി ശരിയാകുമെന്ന് പറഞ്ഞു.
പിന്നീട് ജോലി ഒന്നും ശരിയാകാതെ വന്നപ്പോൾ പ്രതിയെ ഫോണിൽ ബന്ധപെട്ടിട്ടും കിട്ടിയില്ല. കലക്ടറേറ്റിൽവന്ന് അന്വേഷിച്ചപ്പോൾ ഇത് തട്ടിപ്പാണെന്നും നിരവധിപേർ പറ്റിക്കപ്പെട്ടിട്ടുണ്ടെന്നും അഞ്ഞു. ഇതോടെ കലക്ടർക്കും വെസ്റ്റ് പൊലീസിലും പരാതി നൽകുകയായിരുന്നു. ഇയാളെ കോടതി റിമാൻഡ് ചെയ്തു.
തൃശൂർ സിറ്റി പൊലീസ് കമീഷണർ ഇളങ്കോയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിൽ അസിസ്റ്റന്റ് കമീഷണർ സലീഷ് എൻ. ശങ്കരൻ, തൃശൂർ വെസ്റ്റ് ഇൻസ്പെക്ടർ അബ്ദുൽ റഹ്മാൻ, സബ് ഇൻസ്പെക്ടർമാരായ സാബു തോമസ്, അനൂപ്, അസി. സബ് ഇൻസ്പെക്ടർ ജോസഫ്, സിവിൽ പൊലീസ് ഓഫിസർമാരായ ഹരീഷ് കുമാർ, ദീപക് എന്നിവരും ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.