മതിലകത്തെ കോവിഡ് ചികിത്സ കേന്ദ്രം സന്ദർശിച്ച നടൻ മമ്മൂട്ടി സി.പി ട്രസ്റ്റ് ചെയർമാൻ സി.പി. സാലിഹിൽനിന്ന് വിവരങ്ങൾ ചോദിച്ചറിയുന്നു
കൊടുങ്ങല്ലൂർ: മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ച സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള മതിലകം സി.പി ട്രസറ്റ് കോവിഡ് മുൻനിര ചികിത്സ കേന്ദ്രം നടൻ മമ്മൂട്ടി സന്ദർശിച്ചു. കോഴിക്കോട്ടുനിന്ന് നാട്ടിലേക്കുള്ള യാത്രാമധ്യേ സി.പി. മുഹമ്മദ് മെമ്മോറിയൽ ട്രസ്റ്റ് ചെയർമാൻ സി.പി. സാലിഹിനോടൊപ്പം ചൊവ്വാഴ്ച വൈകീട്ട് ഏഴിനാണ് മമ്മൂട്ടി ഇവിടെ എത്തിയത്. പഞ്ചായത്ത് പ്രസിഡൻറ് സീനത്ത് ബഷീർ, വൈസ് പ്രസിഡൻറ് വി.എസ്. രവീന്ദ്രൻ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, മതിലകം എസ്.എച്ച്.ഒ. ടി.കെ. ൈഷജു, പി.വി. അഹമ്മദ് കുട്ടി, എം.എ. നാസർ, ഇ.ഡി. ദീപക്, ഹിലാൽ കുരിക്കൾ, ഷെമീർ എളേടത്ത്, ജനപ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
സംസ്ഥാന സർക്കാറും വലപ്പാട് സി.പി. മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റും സഹകരിച്ചാണ് 400 ഓക്‌സിജൻ കിടക്കകളോട് കൂടിയ സെൻറർ ഒരുക്കിയത്. പുത്തൻകാട്ടിൽ വീരാൻ ഹാജി വഖഫ് ചെയ്ത സ്ഥലത്ത് സ്ഥിതിചെയ്യുന്ന 50,000 ചതുരശ്ര അടി വിസ്തീർണമുള്ള ട്രാൻസ്ഗ്ലോബൽ ഇൻലാൻറ് കെണ്ടയ്നർ സർവിസ് സെൻറർ കെട്ടിടമാണ് സി.എഫ്.എൽ.ടി.സിയാക്കുന്നത്. ആഗസ്റ്റ് 10ന് തുറന്നുപ്രവർത്തിക്കും.
മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയറും സി.പി ട്രസ്റ്റും ചേർന്ന് സി.എഫ്.എൽ.ടി.സിയിൽ 250 പേർക്ക് സൗജന്യ വാക്സിൻ നൽകും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ എന്നിവരും കഴിഞ്ഞ ദിവസങ്ങളിൽ ഇവിടം സന്ദർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.