മാള വലിയപറമ്പ് പുതുകുളം കൽപടവില്ലാത്ത നിലയിൽ
മാള: വലിയപറമ്പ് വാർഡ് 10ലെ പുതുകുളം നവീകരണം പാതിവഴിയിലായതോടെ നാട്ടുകാർ ദുരിതത്തിൽ. പത്ത് ലക്ഷം രൂപ വകയിരുത്തി നവീകരിച്ച കുളത്തിൽ കൽപടവുകൾ നിർമിക്കാത്തതാണ് പ്രധാന പ്രശ്നം. രണ്ടേക്കർ വിസ്തീർണമുള്ള ജലാശയം ശുചീകരിച്ച് ഭിത്തി നിർമാണം പൂർത്തിയാക്കിയെങ്കിലും വെള്ളത്തിലിറങ്ങാൻ സുരക്ഷിത സംവിധാനം ഇല്ലാത്തതിനാൽ കുളം ഉപയോഗശൂന്യമാണ്.
നേരത്തെ കുളിക്കാനും വസ്ത്രങ്ങൾ കഴുകാനും നാട്ടുകാർ ആശ്രയിച്ചിരുന്ന കുളം, ഇറങ്ങാനുള്ള സംവിധാനം തകർന്നതോടെയാണ് ഉപേക്ഷിക്കപ്പെട്ടത്. ഇതിന് പരിഹാരമായാണ് ഫണ്ട് വകയിരുത്തി നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. കടുത്ത വേനലിലും വറ്റാത്ത നീരുറവയുള്ള പുതുകുളം, കുടിവെള്ള ക്ഷാമം നേരിടുന്ന ഈ മേഖലയിൽ കിണറുകൾ റീചാർജ് ചെയ്യാനും കാർഷിക ജലസേചനത്തിനും ഏറെ പ്രയോജനകരമാകുമായിരുന്നു.
കുളം ഇപ്പോൾ വെള്ളം നിറഞ്ഞ് കിടക്കുകയാണെങ്കിലും കൽപടവുകൾ ഇല്ലാത്തതിനാൽ ആർക്കും ഉപയോഗിക്കാൻ കഴിയുന്നില്ല. കൽപടവുകൾ ആര് നിർമിക്കുമെന്ന ചോദ്യത്തിന് അധികൃതർക്ക് ഉത്തരമില്ലെന്നാണ് നാട്ടുകാരുടെ പരാതി. അതേസമയം, അടുത്ത ഘട്ടത്തിൽ തുക അനുവദിക്കുമെന്നും കൽപടവുകൾ നിർമിക്കുമെന്നും വാർഡ് അംഗം സിനി ബെന്നി അറിയിച്ചു. എന്നാൽ, അടിയന്തരമായി കൽപടവുകൾ കെട്ടി സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.