വിപ്ലവ സ്മരണകളിലേക്ക് പിൻതലമുറയുടെ കൂടിക്കാഴ്ച

തൃശൂർ: ഇരിങ്ങാലക്കുട മാപ്രാണത്തെ വാടകവീട്ടിലെ ആ കൂടിക്കാഴ്ചയിൽ ചരിത്രവും വിപ്ലവവും നിറഞ്ഞുനിന്നു. ദിവസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ നടന്ന കൂടിക്കാഴ്ചയിൽ സംസാരം മുഴുവൻ പുന്നപ്ര- വയലാർ വിപ്ലവ നേതാവ് കുന്തക്കാരൻ പത്രോസ് എന്ന കെ.വി. പത്രോസിനെക്കുറിച്ചായി. പത്രോസിന്റെ അവസാന കാലത്തെ ഉറ്റസുഹൃത്തും ഗാനരചയിതാവുമായ മധു ആലപ്പുഴയും പത്രോസിന്റെ പേരക്കുട്ടിയും ഡി.വൈ.എഫ്.ഐ തൃശൂർ ജില്ല സെക്രട്ടറിയുമായ കെ.എസ് റോസൽ രാജും തമ്മിലായിരുന്നു വികാരനിർഭര കൂടിക്കാഴ്ച.

പ്രിയസുഹൃത്തും നേതാവുമായിരുന്ന കുന്തക്കാരൻ പത്രോസിന്റെ പേരക്കുട്ടിയെ കാണുകയെന്ന ആഗ്രഹത്തോടെ മധു ആലപ്പുഴ നടത്തിയ യാത്രയാണ് കൂടിക്കാഴ്ചക്ക് വഴിവെച്ചത്. റോസൽ രാജിനെ കാണുകയെന്ന ലക്ഷ്യത്തോടെ മധു ആലപ്പുഴ ദിവസങ്ങൾക്ക് മുമ്പ് സി.പി.എം ഓഫിസായ അഴീക്കോടൻ മന്ദിരത്തിലെത്തിയിരുന്നു. അന്ന് റോസൽ രാജ് പാർട്ടി പരിപാടികളുമായി നഗരത്തിന് പുറത്തായിരുന്നു.

സി.പി.എം ജില്ല സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ, മധു ആലപ്പുഴയെ പാർട്ടി ഓഫിസിൽ സ്വീകരിക്കുകയും റോസൽ രാജുമായി േഫാണിൽ ബന്ധപ്പെടുത്തുകയും ചെയ്തു. അപ്പോഴാണ് നിരവധി സിനിമകൾക്ക് പാട്ടുകളെഴുതിയ മധു ആലപ്പുഴയാണ് അതിഥിയെന്ന് കെ.വി. അബ്ദുൾ ഖാദർ അറിയുന്നത്. തുടർന്നാണ് വെള്ളിയാഴ്ച വൈകീട്ട് ഇരിങ്ങാലക്കുടയിലെ വാടക വീട്ടിൽ കൂടിക്കാഴ്ച നടന്നത്. കോളജ് അധ്യാപികയും കവിയുമായ മകൾ മീരക്കൊപ്പമാണ് മധു ഇരിങ്ങാലക്കുടയിൽ താമസിക്കുന്നത്. കുന്തക്കാരൻ പത്രോസിന്റെ മകൻ കെ.വി. സെൽവരാജിന്റെയും റോസക്കുട്ടിയുടെയും മകനാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ റോസൽ രാജ്.

1976ൽ പുറത്തിറങ്ങിയ ‘മിസ്സി’ എന്ന ചിത്രത്തിൽ ദേവരാജൻ മാഷ് ഈണമിട്ട പാട്ടുകൾക്ക് വരികളെഴുതി സിനിമ ജീവിതം തുടങ്ങിയ മധു ആലപ്പുഴയുടേതായി നിരവധി ഹിറ്റ് ഗാനങ്ങൾ പുറത്തുവന്നു. 1981ൽ ബാലചന്ദ്രമേനോന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘താരാട്ട്’ സിനിമക്കായി എഴുതിയ ‘പൂവിനുള്ളിൽ പൂവിരിയും പൂക്കാലം വന്നു’ എന്ന പാട്ട് ഏറെ ഹിറ്റായിരുന്നു.

ജോൺസൺ മാസ്റ്ററുമായി ചേർന്ന് ഒരുക്കിയ ‘ഇതളഴിഞ്ഞു വസന്തം ഇലമൂടി പൂവിരിഞ്ഞു’, ‘മൗനം പൊൻ‌മണിത്തംബുരുമീട്ടി’ തുടങ്ങിയവയെല്ലാം ഹിറ്റുകളിൽ ചിലത് മാത്രം. അഗ്നിക്ഷേത്രം, ഓർമക്കായി, ആരാന്റെ മുല്ല കൊച്ചുമുല്ല, വനിത പൊലീസ് , മുഖ്യമന്ത്രി, റൂബിമൈ ഡാർലിങ്, ഇത്തിരി നേരം ഒത്തിരി കാര്യം എന്നീ സിനിമകളിലെ ഗാനങ്ങൾ എഴുതിയതും മധു ആലപ്പുഴയാണ്.

Tags:    
News Summary - Madhu Alappuzha meets the grandson of Punnapra Vayalar leader KV Pathrose

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.