യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരൻ തൃശൂർ നഗരത്തിൽ നടത്തിയ റോഡ് ഷോ
തൃശൂർ: സ്ഥാനാർഥി പ്രഖ്യാപനശേഷം ആദ്യമായി തൃശൂരിലെത്തിയ കെ. മുരളീധരന് വമ്പൻ വരവേൽപ്പ്. കോഴിക്കോടുനിന്ന് ഉച്ചയോടെ തൃശൂർ റെയിൽവേ സ്റ്റേഷനിലെത്തിയ മുരളീധരനെ താള മേളങ്ങളുടെയും മുദ്രാവാക്യങ്ങളുടെയും അകമ്പടിയോടെ വരവേറ്റു. സീറ്റ് നിലനിർത്താനും വർഗീയതയെ ഈ മണ്ണിൽനിന്ന് തുടച്ചുനീക്കാനുമുള്ള പോരാട്ടമാണ് തൃശൂരിലേത്. ലീഡർ അന്ത്യവിശ്രമം കൊള്ളുന്ന ഈ മണ്ണിൽ വർഗീയതക്ക് സ്ഥാനമില്ലെന്ന് യു.ഡി.എഫ് തെളിയിക്കും. തൃശൂർ എടുക്കാനല്ല, തൃശൂരിന്റെ ദാസനായി പ്രവർത്തിക്കാനാണ് ഇവിടെ വന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, ടി.എൻ. പ്രതാപൻ, യു.ഡി.എഫ് ചെയർമാൻ എം.പി. വിൻസെന്റ് എന്നിവർ ചേർന്ന് സ്വീകരിച്ചു. തുറന്ന വാഹനത്തിലേക്ക് ആനയിച്ചു, തുടർന്ന് നടന്ന റോഡ് ഷോ തെരഞ്ഞെടുപ്പ് ആവേശത്തിന്റെ കൊടിയേറ്റമായി. ടി.എൻ. പ്രതാപനായിരുന്നു സ്വീകരണത്തിനും റോഡ്ഷോക്കുമെല്ലാം ചുക്കാൻപിടിച്ചത്. മുരളീമന്ദിരത്തിലെത്തി അച്ഛന്റെയും അമ്മയുടെയും സ്മൃതികുടീരങ്ങളിൽ പുഷ്പാർച്ചന നടത്തി. മുരളീധരനെ ഡി.സി.സി അധ്യക്ഷൻ ജോസ് വള്ളൂർ ഷാൾ അണിയിച്ച് സ്വീകരിച്ചു.
ഒ. അബ്ദുറഹ്മാൻ കുട്ടി, പി.എ. മാധവൻ, ടി.വി. ചന്ദ്രമോഹൻ, എം.കെ. പോൾസൺ മാസ്റ്റർ, അനിൽ അക്കര, സി.എ. മുഹമ്മദ് റഷീദ്, സി.എച്ച്. റഷീദ്, സി.വി. കുര്യാക്കോസ്, പി.ആർ.എൻ. നമ്പീശൻ, എം.പി. ജോബി, സുനിൽ അന്തിക്കാട്, കെ.ബി. ശശികുമാർ, സി.സി. ശ്രീകുമാർ, ജോൺ ഡാനിയേൽ, ഐ.പി. പോൾ, സി.ഒ. ജേക്കബ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.