ആമ്പല്ലൂർ: പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി പശുക്കുട്ടിയെ കൊന്നു. പാലപ്പിള്ളി കാരികുളത്ത് തോട്ടം തൊഴിലാളികൾ താമസിക്കുന്ന പാഡികൾക്ക് സമീപമാണ് പുലിയിറങ്ങിയത്. പാഡികൾക്കരികിൽ നിന്നാണ് പശുക്കുട്ടിയെ പുലി പിടികൂടിയത്. തൊട്ടടുത്ത റബർ തോട്ടത്തിലാണ് പശുക്കുട്ടിയെ ചത്ത നിലയിൽ കണ്ടത്.
പശുക്കുട്ടിയുടെ ശരീരഭാഗങ്ങൾ പുലി ഭക്ഷിച്ച നിലയിലാണ്. ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് പ്രദേശത്ത് പുലിയിറങ്ങി പശുക്കുട്ടിയെ പിടികൂടുന്നത്. തോട്ടങ്ങളിൽ മേഞ്ഞുനടക്കുന്ന കന്നുകാലികൾ വൈകീട്ടാണ് പാഡികൾക്ക് സമീപമെത്തുന്നത്. രാത്രികളിൽ കന്നുകാലികളെ പുലി ആക്രമിക്കുന്നതും പതിവാണ്. ഇവയുടെ കൂട്ടത്തോടെയുള്ള കരച്ചിൽ കേട്ടാണ് വീട്ടുകാർ പുലിയിറങ്ങുന്നത് അറിയുന്നത്.
അടച്ചുറപ്പില്ലാത്ത ഒറ്റമുറി പാഡികളിൽ താമസിക്കുന്ന തോട്ടം തൊഴിലാളികളും ആദിവാസികളും ഏറെയുള്ള പ്രദേശത്താണ് നിരന്തരം പുലിയിറങ്ങുന്നത്. വീട്ടുകാർക്ക് ഭീതിയാൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. രണ്ടാഴ്ച മുമ്പ് കുണ്ടായി ചൊക്കന ഭാഗത്ത് റോഡ് മുറിച്ചുകടന്ന പുലിയെ അതുവഴി വന്ന കാർ യാത്രക്കാർ കണ്ടിരുന്നു. പ്രദേശത്ത് പുലിയുടെ ആക്രമണം പതിവായിട്ടും വനംവകുപ്പ് അധികൃതർ പുലിയെ പിടികൂടാൻ നടപടികൾ എടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.