കുന്നംകുളം: ഇടവേളക്കുശേഷം വീണ്ടും കുന്നംകുളത്ത് കോൺഗ്രസിൽ ഗ്രൂപ് തിരിഞ്ഞ് പോരടിക്കുന്നു. പുതിയ ബ്ലോക്ക് പ്രസിഡന്റിനെ പ്രഖ്യാപിച്ചതോടെയാണ് പ്രധാന നേതാക്കൾ ഉൾപ്പെടെയുള്ള ഒരുപറ്റം പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തുവന്നത്. ഐ ഗ്രൂപ് എന്ന പേരിലാണ് ഈ വിഭാഗം പ്രതിഷേധവുമായി വന്നിട്ടുള്ളത്. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റായി നിയമിതനായ അഡ്വ. സി.ബി. രാജീവിന്റെ സ്ഥാനാരോഹണ ചടങ്ങ് ഇവർ ബഹിഷ്കരിച്ചു.
മുൻ മന്ത്രിയും കുന്നംകുളം സ്വദേശിയുമായ കെ.പി. വിശ്വനാഥന്റെ പ്രത്യേക താൽപര്യപ്രകാരം ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തേക്കെത്തിയ രാജീവിനെ അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് ജില്ല-സംസ്ഥാന ഭാരവാഹികൾക്ക് പരാതിയും നൽകിയിട്ടുണ്ട്. കെ.പി.സി.സി അധ്യക്ഷനെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധിച്ചുള്ള കരിദിനാചരണത്തിൽ കുന്നംകുളത്ത് ബ്ലോക്ക് കോൺഗ്രസ് നടത്തിയ പ്രകടനത്തിൽ പങ്കെടുക്കാതെ ഒരു വിഭാഗം നഗരത്തിൽ അതേ സമയം ഗ്രൂപ് യോഗം നടത്തിയിരുന്നു.
ഈ യോഗത്തിൽ രാജീവിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. ദീർഘകാലം ഐ ഗ്രൂപ്പിന്റെ കൈവശമുണ്ടായിരുന്ന കുന്നംകുളം ബ്ലോക്ക് പ്രസിഡൻറ് സ്ഥാനം സഹോദരിയുടെ മരുമകന് നൽകണമെന്ന മുൻ മന്ത്രി കെ.പി. വിശ്വനാഥന്റെ ആഗ്രഹമാണ് കുന്നംകുളത്തെ തർക്കങ്ങൾക്ക് തുടക്കമിട്ടത്. കെ.പി.സി.സി അംഗം ജോസഫ് ചാലശ്ശേരി, ഡി.സി.സി സെക്രട്ടറിമാർ, മണ്ഡലം പ്രസിഡന്റുമാർ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകരാണ് ഇപ്പോൾ പ്രതിഷേധം ഉയർത്തിയിട്ടുള്ളത്.
കുന്നംകുളം നൽകുന്നതിന് പകരമായി തന്റെ അധീനതയിലുള്ള പുതുക്കാടും ആമ്പല്ലൂരും വിട്ടുകൊടുക്കാമെന്ന് കെ.പി. വിശ്വനാഥൻ ഐ വിഭാഗത്തിന് ഉറപ്പ് നൽകിയിരുന്നു. കുന്നംകുളത്ത് സഹോദരിയുടെ മരുമകനെ ബ്ലോക്ക് പ്രസിഡന്റാക്കി നിയമിച്ചതിന്റെ ഉത്തരവ് പുറത്തുവന്നതോടെ വിട്ടുകൊടുത്ത പുതുക്കാടും ആമ്പല്ലൂരും നിർബന്ധമായും തന്റെ ഗ്രൂപ്പിന് തന്നെ കിട്ടണമെന്ന് കാണിച്ച് കെ.പി. വിശ്വനാഥന്റെ നേതൃത്വത്തിൽ ഗ്രൂപ് യോഗം വിളിച്ചിരുന്നു.
ഗവർണർ-മുഖ്യമന്ത്രി പോര് സംസ്ഥാനത്ത് രൂക്ഷമായ സാഹചര്യത്തിൽ ശക്തമായി പ്രതികരിക്കാത്ത സംസ്ഥാനത്തെ നിലവിലുള്ള കോൺഗ്രസ് നേതൃത്വത്തിന് ചുട്ട അടി വേണമോ എന്ന് ഫേസ് ബുക്ക് പോസ്റ്റിൽ ഇപ്പോഴത്തെ ബ്ലോക്ക് പ്രസിഡന്റ് പ്രതികരിച്ചതും പ്രവർത്തകരിൽ പ്രതിഷേധത്തിന് ഇപ്പോൾ ഇടയാക്കിയിട്ടുണ്ട്. കെ. സുധാകരൻ, വി.ഡി. സതീശൻ എന്നിവരെ പേരെടുത്ത് പറയാതെ വിമർശിച്ച വ്യക്തിയെ തന്നെ ബ്ലോക്ക് പ്രസിഡന്റായി നിയമിച്ചത് അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ഐ ഗ്രൂപ്.
ബ്ലോക്ക് പ്രസിഡന്റ് ചുമതലയേറ്റെടുക്കുന്ന പരിപാടിയുടെ നോട്ടീസിലെ പ്രധാനപ്പെട്ട വ്യക്തികൾ പോലും പങ്കെടുക്കാത്തതിന് പിന്നിൽ ഈ പ്രതിഷേധമാണെന്ന് വ്യക്തമാണ്. ബ്ലോക്കിലെ അഞ്ച് മണ്ഡലം പ്രസിഡന്റുമാരിൽ രണ്ടുപേർ മാത്രമാണ് എത്തിയത്. കുന്നംകുളത്ത് എ ഗ്രൂപ്പിന്റെ പേരിലാണ് ഒരു വിഭാഗം സി.ബി. രാജീവിനൊപ്പം നിൽക്കുന്നത്. എ ഗ്രൂപ് എന്ന പേരിൽ മറ്റൊരു വിഭാഗം മുൻ എം.എൽ.എ അനിൽ അക്കരയുടെ പേരിലും നിൽക്കുന്നുണ്ട്. ഈ വിഭാഗവും നിലവിലെ ബ്ലോക്ക് പ്രസിഡന്റിനെ അംഗീകരിക്കുന്നില്ല. കോൺഗ്രസിൽ തമ്മിൽതല്ല് ശക്തമാകുന്നതിനിടയിലാണ് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് തെരഞ്ഞെടുപ്പിന് കുന്നംകുളം ഒരുങ്ങുന്നത്. ഇതിലും ചേരിതിരിവ് രൂക്ഷമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.