പാ​ല​പ്പി​ള്ളി​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന ഭ​രത്, വി​ക്രം എ​ന്നീ കു​ങ്കി ആ​ന​ക​ള്‍

പാലപ്പിള്ളിയിലെ കാട്ടാനകളെ തുരത്താൻ കുങ്കി ആനകൾ വരുന്നു

ആമ്പല്ലൂര്‍: പാലപ്പിള്ളിയിൽ രൂക്ഷമായ കാട്ടാനശല്യം പരിഹരിക്കാൻ വനം വകുപ്പ് കുങ്കിയാനകളായ വിക്രമിനെയും ഭരതിനെയും എത്തിക്കും.പാലപ്പിള്ളി വനാതിർത്തിയിൽ തമ്പടിച്ച ആനക്കൂട്ടത്തെ കാട്ടിലേക്ക് കടത്തിവിടുന്നതിന് നേരത്തേ നടത്തിയ ശ്രമങ്ങൾ ഫലപ്രദമാകാത്തതിനെത്തുടർന്നാണ് കുങ്കിയാനകളെ എത്തിക്കുന്നത്.

കാടിറങ്ങുന്ന കാട്ടാനകളെ കാട്ടിലേക്ക് തുരത്താൻ പ്രത്യേകം പരിശീലനം ലഭിച്ച താണ് ഈ ആനകൾ. ബുധനാഴ്ചയോടെ കുങ്കി ആനകള്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പാലപ്പിള്ളി റേഞ്ച് ഓഫിസര്‍ പ്രേം ഷെമീര്‍ പറഞ്ഞു.മുത്തങ്ങ ആന ക്യാമ്പിൽനിന്നുള്ളവയാണ് ഈ ആനകൾ. വയനാട് മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങൾ കുറക്കാനായി ഉപയോഗിക്കുന്ന ആനകളാണിത്. കുങ്കിയാനകളെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട ഒരുക്കം പൂര്‍ത്തിയായി.

ചിമ്മിനി വനമേഖലയോട് ചേര്‍ന്നുള്ള കുട്ടന്‍ചിറയിലാണ് ആനകള്‍ക്ക് വനം വകുപ്പ് താവളമൊരുക്കിയിരിക്കുന്നത്.പാപ്പാന്മാർക്കുള്ള താമസ സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്. പാപ്പാന്മാരും സഹായികളും ആനകള്‍ക്ക് ഭക്ഷണം തയാറാക്കുന്നവരുമാണ് സംഘത്തിലുണ്ടാവുക. കാടിറങ്ങി ജനവാസ മേഖലയിലെ കാര്‍ഷിക വിളകള്‍ നശിപ്പിക്കുകയും മനുഷ്യജീവന് ഭീഷണിയാവുകയും ചെയ്യുന്ന കാട്ടാനകളുടെ ശല്യത്തിന് കുങ്കി ആനകളെത്തുന്നതോടെ അറുതിയാവുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. വരന്തരപ്പിള്ളി, മറ്റത്തൂര്‍, പുത്തൂര്‍ പഞ്ചായത്തുകളിലെ മലയോര പ്രദേശങ്ങള്‍ വര്‍ഷങ്ങളായി കാട്ടാനശല്യം അനുഭവിക്കുകയാണ്.

കാട്ടാനകള്‍ മനുഷ്യനെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തതോടെയാണ് ശാശ്വത പരിഹാരം എന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തിയത്.വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നിരവധി തവണ കാട്ടാനകളെ കാട്ടിലേക്ക് തിരികെ കയറ്റിയെങ്കിലും വീണ്ടും ആനകള്‍ കാടിറങ്ങി ജനവാസ മേഖലയില്‍ എത്തുകയായിരുന്നു. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ അനുമതിയോടെയാണ് വിക്രമിനെയും ഭരതിനെയും പാലപ്പിള്ളിയിലേക്ക് കൊണ്ടുവരുന്നത്.

വിക്രം, ഭരത് എന്നീ ആനകൾ വയനാട്ടിലെ ജനവാസ മേഖലകളിൽ ഇറങ്ങി നാശനഷ്ടങ്ങൾ വരുത്തിയതിനെ തുടർന്ന് വനം വകുപ്പ് പിടികൂടിയവയാണ്. വിക്രം മൂന്നുപേരെ കൊന്നിട്ടുമുണ്ട്. ഇവക്ക് മുത്തങ്ങ ആന ക്യാമ്പിൽ കുങ്കിയാനകളായി പരിശീലനം നൽകി. കുറുക്കൻമൂലയിൽ കടുവ ഇറങ്ങിയ വേളയിലും തിരച്ചിലിനുപയോഗിച്ചത് ഒരുകാലത്ത് അപകടകാരികളായിരുന്ന ഈ ആനകളെയാണ്. 

Tags:    
News Summary - kumki elephants come to drive away the wild elephants of Palapilli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.