ചെറുതുരുത്തി: കൂടിയാട്ട കുലപതി കലാമണ്ഡലം ശിവൻ നമ്പൂതിരി കലാമണ്ഡലം കൂത്തമ്പലത്തിൽ ‘പാർവതീവിരഹം’ കൂടിയാട്ടം അവതരിപ്പിച്ച് മുഖത്തെഴുത്ത് അവസാനിപ്പിച്ച് അരങ്ങൊഴിഞ്ഞു. 60 വർഷത്തിലേറെ നീണ്ട കലാസപര്യക്കാണ് വിരാമമായത്. ഗുരുനാഥനും നാട്യകലാ സാർവഭൗമനുമായിരുന്ന പൈങ്കുളം രാമചാക്യാരുടെ 45ാമത് അനുസ്മരണ ദിനമായ ജൂലൈ 31നാണ് കലാമണ്ഡലം ശിവൻ നമ്പൂതിരി തീരുമാനം പ്രഖ്യാപിച്ചത്. കലാമണ്ഡലത്തിൽ കൂടിയാട്ടം സ്ഥാപനവത്കരിച്ചതിന്റെ അറുപതാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് അദ്ദേഹം കിരീടം അഴിച്ചത്.
ചാക്യാർകൂത്ത്, നങ്ങ്യാർകൂത്ത്, കഥകളി, നാടകം, സിനിമ, സീരിയൽ, ബാലെ എന്നീ രംഗങ്ങളിലും നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ചു. ഇന്ത്യയിലെ പ്രമുഖ സാംസ്കാരിക ഉത്സവങ്ങളിലും സ്ഥാപനങ്ങളിലും നിരവധി വിദേശ രാജ്യങ്ങളിലും അവതരണം നടത്തിയിട്ടുണ്ട്. അവസാന കൂടിയാട്ടം കാണാൻ നിരവധി ആളുകളാണ് കലാമണ്ഡലം കൂത്തമ്പലത്തിൽ എത്തിയത്.
പതിനഞ്ചാം വയസ്സിൽ അരങ്ങേറ്റം കുറിക്കുമ്പോൾ മുഖത്ത് ചുട്ടി കുത്തിയ കലാമണ്ഡലം രാംമോഹനൻ ആശാന്റെ അനുഗ്രഹം വാങ്ങിയാണ് കിരീടം തലയിൽ വെച്ചത്. കലാമണ്ഡലം എം.പി.എസ്. നമ്പൂതിരിയും കലാമണ്ഡലം രജിസ്ട്രാർ ഡോ. പി. രാജേഷ് കുമാർ, ചുട്ടി കലാകാരൻ കലാമണ്ഡലം സുകുമാരൻ എന്നിവരും അവസാനം വരെ വസ്ത്രാലങ്കാരത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.