അമിത വൈദ്യുതി പ്രവാഹം മൂലം കത്തിനശിച്ച മെയിൻ സ്വിച്ച്, ഫാൻ, സ്വിച്ച് ബോർഡ്, ഫ്യൂസ്
കയ്പമംഗലം: അമിതമായി വൈദ്യുതി പ്രവഹിച്ചത് മൂലം കയ്പമംഗലത്ത് വീട്ടിലെ വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു. കെ.എസ്.ഇ.ബിയുടെ 33 കെ.വി ടവർ ലൈനിൽ കാക്കക്ക് ഷോക്കേറ്റതിനെ തുടർന്നുണ്ടായ അമിത വൈദ്യുതി പ്രവാഹത്തിലാണ് വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചത്. കയ്പമംഗലം ബോർഡ് കിഴക്ക് കണ്ടേങ്ങാട്ടിൽ സാജന്റെ വീട്ടിലാണ് നാശനഷ്ടം.
വെള്ളിയാഴ്ച രാവിലെ 8.30ഓടെയാണ് സംഭവം. സാജന്റെ വീടിനോട് ചേർന്നാണ് 33 കെ.വി ടവർ ലൈൻ കടന്നുപോകുന്നത്. ഇതിൽ കാക്കയിടിച്ച് ഷോക്കേറ്റ് വീഴുകയായിരുന്നു. ഇതോടെ അമിത വൈദ്യുത പ്രവാഹമുണ്ടാവുകയും വൈദ്യുതി മീറ്റർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തി നശിക്കുകയായിരുന്നു. ഫാൻ, മെയിൻ സ്വിച്ച്, സ്വിച്ച് ബോർഡുകൾ, ഫാൻ, വയറിങ്, മറ്റുപകരണങ്ങൾ എന്നിവ ഉൾപ്പെടെ പൂർണമായും കത്തിനശിച്ചു. സംഭവ സമയം വീടിനുള്ളിൽ ആളുകളുണ്ടായെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഉഗ്ര ശബ്ദത്തോടെയാണ് പൊട്ടിത്തെറിയുണ്ടായതെന്ന് വീട്ടുകാർ പറഞ്ഞു.
ഒരു വർഷം മുമ്പും സമാന രീതിയിൽ ഷോർട്ട് സർക്യൂട്ട് മൂലം അപകടമുണ്ടായെന്നും ഒന്നര ലക്ഷം രൂപ ചെലവാക്കിയാണ് വയറിങ് പൂർണമായും മാറ്റിയതെന്നും വീട്ടുടമ പറഞ്ഞു. തൊട്ടടുത്ത വീടുകളിലും നാശനഷ്ടമുണ്ടായിട്ടുണ്ട്. കെ.എസ്.ഇ.ബി മാനദണ്ഡങ്ങൾ പൂർണമായും പാലിക്കാതെയാണ് 33 കെ.വി ലൈൻ സ്ഥാപിച്ചിട്ടുള്ളതെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.