അനധികൃത മത്സ്യബന്ധനം; മൂന്ന്​ ബോട്ടുകൾ പിടിച്ചെടുത്തു

ചേറ്റുവ: അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ടുകൾക്കെതിരെ കര്‍ശന നടപടിയെടുത്ത് ഫിഷറീസ്-മറൈൻ എൻഫോഴ്സ്മെന്റ് സംഘം. എറണാകുളം നോർത്ത് പറവൂർ മന്നം അയ്യാലിൽ വീട്ടിൽ ബഷീർ, മുനമ്പം പള്ളിപ്പുറം ആറുക്കാട്ടിൽ വീട്ടിൽ പ്രകാശൻ, എറണാകുളം ചെറായി തച്ചേരി വീട്ടിൽ ഷൈജു എന്നിവരുടെ ബോട്ടുകളാണ്​ പിടിച്ചെടുത്തത്.

ചേറ്റുവ ഹാർബറിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ നൽകിയ പരാതിയിൽ അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ സി. സീമയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ആഴക്കടലിലും തീരക്കടലിലും ഹാർബറുകളിലും നടത്തിയ മിന്നൽ പരിശോധനയിലാണ് ബോട്ടുകൾ പിടിച്ചെടുത്തത്.

അന്തർസംസ്ഥാന തൊഴിലാളികളെ ഉപയോഗപ്പെടുത്തി കണ്ണി വലുപ്പം കുറഞ്ഞ വല ഉപയോഗിച്ചായിരുന്നു അനധികൃത മീൻപിടിത്തം നടത്തിയിരുന്നത്. നിയമനടപടികൾ പൂർത്തിയാക്കി ബോട്ടുകളിലെ മത്സ്യം ലേലം ചെയ്ത് ലഭിച്ച 1,02,300 രൂപ സർക്കാറിലേക്ക് കണ്ടുകെട്ടി.

അനധികൃത വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയതിന് ഓരോ ബോട്ടിനും 2,50,000 രൂപ പിഴ ചുമത്തി. ഭക്ഷ്യയോഗ്യമല്ലാത്ത 5000 കിലോ മത്സ്യം ഫിഷറീസ് അധികൃതരുടെ സാന്നിധ്യത്തിൽ കടലിൽ ഒഴുക്കി.

മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആൻഡ് വിജിലൻസ് വിങ് ഉദ്യേഗസ്ഥരായ വി.എം. ഷൈബു, വി.എൻ. പ്രശാന്ത് കുമാർ, ഇ.ആർ. ഷിനിൽകുമാർ, മെക്കാനിക് ജയചന്ദ്രൻ, സീ റെസ്ക്യൂ ഗാർഡുമാരായ ഫസൽ, വിപിൻ, ഡ്രൈവർ അഷറഫ് പഴങ്ങാട്ട് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും അനധികൃത മത്സ്യ ബന്ധനം നടത്തുന്ന യാനങ്ങള്‍ക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്നും തൃശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

Tags:    
News Summary - Illegal fishing; Three boats seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-05 08:45 GMT