എറിയാട്: അനധികൃത മത്സ്യബന്ധനം നടത്തിയ അയൽ സംസ്ഥാന ബോട്ടുകൾക്ക് ഫിഷറീസ് വകുപ്പ് 15 ലക്ഷം പിഴയിട്ടു. നിരോധിത പെലാജിക് നെറ്റ് ഉപയോഗിച്ച് ചെറുമത്സ്യങ്ങൾ പിടിക്കുകയും സ്പെഷൽ പെർമിറ്റ് ഇല്ലാതെ മത്സ്യ ബന്ധനം നടത്തുകയും ചെയ്ത രണ്ട് കർണാടക ബോട്ടുകൾക്കാണ് പിഴ ചുമത്തിയത്.
കഴിഞ്ഞ ശനിയാഴ്ചയാണ് അഴീക്കോട് ലൈറ്റ് ഹൗസ് പടിഞ്ഞാറ് ഭാഗത്തുനിന്ന് അനധികൃത മത്സ്യബന്ധനത്തിനിടെ മംഗലാപുരം സ്വദേശികളായ മുഹമ്മദ് ഇഫ്തികാർ, റിസാന മുഹമ്മദ് ഫിറോസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ബോട്ടുകൾ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ തടഞ്ഞു വെച്ച് അധികൃതർക്ക് കൈമാറിയത്.
ഫിഷറീസ് എക്സ്റ്റഷൻ ഓഫിസർ സി.കെ. മനോജിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ സ്പെഷൽ പെർമിറ്റ് ഇല്ലാതെയാണ് മത്സ്യബന്ധനം നടത്തിയതെന്ന് കണ്ടെത്തിയിരുന്നു.നിരോധിച്ച മൂന്ന് പെലാജിക് വലകളും പിടിച്ചെടുത്തു. ബോട്ടുകളിൽ നിന്നും കണ്ടുകെട്ടിയ ചെറുമത്സ്യങ്ങൾ പുറംകടലിൽ ഒഴുക്കി.
അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ കെ.പി. ഗ്രേസിയുടെ അന്വേഷണ റിപ്പോർട്ടിൽ ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ തുടർനടപടികൾ പൂർത്തീകരിച്ചു.
അഴീക്കോട് അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ സംനഗോപൻ, മെക്കാനിക്കുമാരായ പി.എസ്. കൃഷ്ണകുമാർ, ടി.യു. മനോജ്, മറൈൻ എൻഫോഴ്സ്മെന്റ് ആൻഡ് വിജിലൻസ് വിങ് ഓഫിസർമാരായ ഇ.ആർ. ഷിനിൽകുമാർ, വി.എം. ഷൈബു, വി.എൻ. പ്രശാന്ത് കുമാർ, സീ റെസ്ക്യൂ ഗാർഡുമാരായ പ്രമോദ്, സുധീഷ്, ഷിഹാബ്, വർഗ്ഗീസ് ജീഫിൻ ശ്രേയസ് എന്നിവരാണ് പ്രത്യേക സംഘത്തിൽ ഉണ്ടായിരുന്നത്. കടലിൽ നിയമലംഘനങ്ങളോ അപരിചിത യാനങ്ങളോ അപരിചിതരെയോ ശ്രദ്ധയിൽപ്പെട്ടാൽ ഫിഷറീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് തൃശൂർ ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. സി. സീമ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.