തൃശൂർ: നിലവിലെ നിയമ സംവിധാനങ്ങളുപയോഗിച്ച് ലഹരി വിൽപനയും വ്യാപനവും തടയാൻ എക്സൈസും പൊലീസും അടക്കം നടപടികൾ സ്വീകരിക്കുമ്പോൾ മനുഷ്യാവകാശ ലംഘനങ്ങൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ ആവശ്യമായ ശിപാർശകൾ സർക്കാറിന് സമർപ്പിക്കുമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ.
ചാലക്കുടി ഷീ സ്റ്റൈൽ ബ്യൂട്ടി പാർലർ ഉടമ നായരങ്ങാടി കാളിയങ്കര വീട്ടിൽ ഷീല സണ്ണി ലഹരിക്കേസിൽ അന്യായ തടങ്കൽ അനുഭവിക്കേണ്ടി വന്ന സംഭവത്തിൽ കമീഷൻ സ്വമേധയാ എടുത്ത കേസിൽ തൃശൂർ രാമനിലയത്തിൽ നടത്തിയ സിറ്റിങ്ങിലാണ് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്, അംഗം വി.കെ. ബീനാകുമാരി എന്നിവരടങ്ങിയ ഡിവഷൻ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
ലഹരി വിൽപനയിലൂടെയും മറ്റും നടക്കുന്നത് മനുഷ്യാവകാശ ലംഘനംതന്നെയാണ്. ഇതിനെ നിലവിലെ നിയമങ്ങൾ ഉപയോഗിച്ച് തടയാനാണ് നിയമപാലകർ ശ്രമിക്കുന്നത്. എന്നാൽ, സ്വതന്ത്രമായി ജീവിക്കാനുള്ള വ്യക്തികളുടെ അവകാശം ഹനിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകരുത്.
ഇതിന് ചട്ടങ്ങളുടെ അപര്യാപ്തതയും പരിശോധന സംവിധാനങ്ങളുടെ കുറവും കാരണമാകുന്നുണ്ടെങ്കിൽ ഇക്കാര്യങ്ങളിലും ശിപാർശ നൽകും. ഷീലയുടെ കേസ് അന്താരാഷ്ട്ര തലത്തിൽ പോലും ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. കേരളത്തിലെ സാഹചര്യത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാനുള്ള സാഹചര്യവും അവഗണിക്കാനാവില്ല. ഈ സാഹചര്യത്തിലാണ് സ്വമേധയാ കേസെടുത്തതെന്ന് കമീഷൻ വ്യക്തമാക്കി.
ഷീല സണ്ണിയുടെ വിശദീകരണവും കേൾക്കും. ഇതിനായി ഹാജറാകാൻ ആവശ്യപ്പെട്ട് വീണ്ടും സമൻസ് നൽകും. അവർ ഹാജറാകുന്നില്ലെങ്കിലും നടപടികളുമായി മുന്നോട്ട് പോകും. അന്യായ തടങ്കൽ അനുഭവിക്കേണ്ടി വന്നതിൽ നഷ്ടപരിഹാരം നൽകണമോയെന്ന കാര്യവും പരിഗണിക്കും.
സംഭവത്തിൽ സ്വമേധയാ കേസെടുത്ത കമീഷൻ തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവിയോടും എക്സൈസ് കമീഷണറോടും റിപ്പോർട്ട് തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അസി. എക്സൈസ് കമീഷണറും ജില്ല പൊലീസ് മേധാവിക്ക് വേണ്ടിയും പ്രാഥമിക റിപ്പോർട്ടുകൾ കമീഷന് കൈമാറി. കേസ് വീണ്ടും രണ്ടു മാസത്തിനു ശേഷം പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.