തൃശൂർ: മുപ്ലിയത്ത് അസം സ്വദേശിനി നജ്മയുടെ കണ്ണീർ തോർന്നിട്ടില്ല. കഴുത്തിനേറ്റ ഗുരുതര പരിക്കിൽ ജീവിതത്തിലേക്ക് തിരിച്ചുവന്നെങ്കിലും സഹോദരൻ വെട്ടിക്കൊലപ്പെടുത്തിയ ആറ് വയസ്സുകാരൻ മകനെ കുറിച്ചുള്ള തേങ്ങലിലാണ് ഇവർ. ആലുവയിൽ അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി മാലിന്യക്കൂമ്പാരത്തിനുള്ളിൽ ഒളിപ്പിച്ചതിന്റെ ഞെട്ടലിനിടെ ജില്ലയുടെ മനസ്സിലെത്തുന്നത് അമ്മാവൻ വെട്ടിക്കൊലപ്പെടുത്തിയ ആറ് വയസ്സുകാരന്റെ നിഷ്കളങ്ക മുഖമാണ്. ഇക്കഴിഞ്ഞ മാർച്ച് 30നാണ് ജില്ലയെ നൊമ്പരത്തിലാക്കിയ ആ സംഭവമുണ്ടായത്.
മുപ്ലിയത്ത് ഹോളോബ്രിക്സ് കമ്പനിയില്‍ പണിക്കാരനായി മാസങ്ങൾക്ക് മുമ്പ് എത്തിയതായിരുന്നു അസമുകാരായ നജ്മയുടെ കുടുംബം. നജ്മയുടെ സഹോദരന് അജ്മല്‍ ഹസറാണ് ആറ് വയസ്സുകാരൻ നാജുർ ഇസ്ലാമിനെ പ്രകോപനമൊന്നുമില്ലാതെ ആക്രമിച്ച് കൊലപ്പെടുത്തിയത്. കഴുത്തിന് വെട്ടേറ്റായിരുന്നു ആറ് വയസ്സുകാരന്റെ മരണം. കഴുത്തിനും കൈകാലുകൾക്കും വെട്ടേറ്റ നജ്മ ജീവിതത്തിലേക്ക് തിരിച്ചുവന്നെങ്കിലും ആരോഗ്യം വീണ്ടെടുത്തിട്ടില്ല. ലഹരിയും സ്വത്ത് തർക്കവുമായിരുന്നു ഇതിന് കാരണമെന്നാണ് പറയുന്നത്. അതിഥി തൊഴിലാളികളല്ല, നാട്ടുകാരായി തന്നെയായിരുന്നു നാട്ടിലുള്ളവർ ഇവരെ കരുതിയിരുന്നത്. പക്ഷേ, ജീവനെടുക്കുന്ന വിധത്തിൽ ഇവരുടെ പെരുമാറ്റം മാറുന്നത് നൊടിയിടയിലാണ്.
ജിഷ വധക്കേസിന് പിന്നാലെയായിരുന്നു അന്തർസംസ്ഥാന തൊഴിലാളികളെ കുറിച്ചുള്ള കണക്കെടുപ്പിന് സംസ്ഥാനം ഒരുങ്ങിയത്. സാമൂഹികനീതി വകുപ്പിനും തൊഴിൽ വകുപ്പിനുമെല്ലാം നിർദേശം നൽകി. പൊലീസും അരിച്ചുപെറുക്കി. പൊലീസ് പ്രദേശങ്ങൾ ചുറ്റി അന്തർസംസ്ഥാന തൊഴിലാളികളെ സ്റ്റേഷനുകളിലേക്കെത്തിച്ച് പേര് വിവരങ്ങൾ ശേഖരിച്ചുതുടങ്ങി. പക്ഷേ, ആരംഭശൂരത്വമായി അവസാനിച്ചു. പിന്നാലെ പ്രളയവും കോവിഡും എത്തിയപ്പോഴും വീണ്ടും കണക്കെടുപ്പിലേക്ക് കടന്നു. എന്നിട്ടും എങ്ങുമെത്തിയില്ല. എത്ര ഇതര സംസ്ഥാനക്കാരുണ്ടെന്നതിന് വ്യക്തമായ കണക്ക് ഇപ്പോഴുമില്ല. കഴിഞ്ഞ ദിവസം നഗരത്തിന് സമീപം വിയ്യൂരിൽ കെ.എസ്.ഇ.ബിയുടെ താൽക്കാലിക കാരാർ തൊഴിലാളികളായ തമിഴ്നാട് സ്വദേശികൾ തമ്മിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ ഒരാൾ കുത്തേറ്റ് മരിച്ച സംഭവമുണ്ടായി. ഇവരെ കുറിച്ച് മറ്റ് വിവരങ്ങളൊന്നും പൊലീസിനോ കെ.എസ്.ഇ.ബിയുടേയോ കൈവശം ഇല്ലായിരുന്നു.
ജില്ലയുടെ മുക്കിലും മൂലയിലും ഇതര സംസ്ഥാന തൊഴിലാളികളുടെ കൂട്ടത്തോടെയുള്ള താമസ കേന്ദ്രങ്ങളുണ്ട്. തൃശൂരിൽ രണ്ട് ലക്ഷത്തോളം ഇതര സംസ്ഥാനക്കാരുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ഏത് തൊഴിൽ മേഖലയെടുത്ത് നോക്കിയാലും വൻതോതിൽ ഇതര സംസ്ഥാനക്കാരുണ്ട്. കെട്ടിട നിർമാണ മേഖല മുതൽ ആഭരണ നിർമാണം, ഹോട്ടൽ, പച്ചക്കറി കൃഷി, വിൽപന കേന്ദ്രങ്ങളിൽ വരെ സജീവം. തൃശൂർ നഗരത്തിലെ ‘സൺഡേ മാർക്കറ്റ്’ ഇതര സംസ്ഥാനക്കാരുടെ കേന്ദ്രമാണ്.
വിൽപനക്കാരും വാങ്ങാനെത്തുന്നവരുമായി രാത്രിവരെയും നീളുന്നതാണ് തിരക്ക്. നിർമാണമേഖല മുതൽ കൃഷി വരെയുള്ള വിവിധ തൊഴിലിടങ്ങളിൽ എത്ര ഇതരസംസ്ഥാനക്കാരുണ്ടെന്ന് സാമൂഹിക ക്ഷേമവകുപ്പിനോ ലേബർ ഓഫിസിനോ പൊലീസിനോ ഒരു പിടിയുമില്ല. തൊഴിൽ ഉടമകൾ ഭൂരിഭാഗവും ലേബർ ഓഫിസുകളിൽ ഇവരുടെ വിവരം നൽകാനും തയാറാകുന്നില്ല. അതുകൊണ്ടുതന്നെ കുറ്റകൃത്യങ്ങളുണ്ടാകുമ്പോൾ പ്രതികളെ പിടികൂടാനും പ്രയാസമാണ്. മികച്ച കുടുംബജീവിതം നയിക്കുന്നവരും ക്രിമിനൽസംഘങ്ങളും ഒരു പോലെയുണ്ട് ഇവർക്കിടയിൽ.
കേരളത്തിലെ എ.ടി.എം അടക്കമുള്ള കവർച്ച സംഘങ്ങളിൽ പിടിയിലായവരും ഇതര സംസ്ഥാനക്കാരാണ്. ആലുവയിലെ അഞ്ച് വയസ്സുകാരിയുടെ കൊലപാതകത്തെ തുടർന്ന് വീണ്ടും ഇവർക്കായുള്ള കണക്കെടുപ്പിലേക്ക് കടക്കുമെങ്കിലും എവിടെയെത്തുമെന്നത് കണ്ടറിയേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.