ശ്രീജ
ആമ്പല്ലൂര്‍: കോവിഡ് ബാധിതയായി ശ്വാസതടസ്സം നേരിട്ട് ഗുരുതരാവസ്ഥയിലായ രണ്ടര വയസ്സുകാരിക്ക് കൃത്രിമ ശ്വാസം നല്കി ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ശ്രീജക്ക് അഭിനന്ദന പ്രവാഹം. ചിറ്റിശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റിവ് നഴ്സാണ് ശ്രീജ. ഞായറാഴ്ച ചിറ്റിശ്ശേരിയിലെ വീട്ടിലിരിക്കെയാണ് സമീപവാസിയായ സ്ത്രീ തെൻറ മകളെയുമെടുത്ത് ശ്രീജയുടെ അടുത്തു വന്നത്. വളരെ അവശനിലയിലായിരുന്നു കുട്ടി. ഛര്‍ദിയെ തുടര്‍ന്ന് ബോധരഹിതയായി എന്നാണ് അവര്‍ പറഞ്ഞത്. കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാനാണ് ശ്രീജ ആദ്യം നിര്‍ദേശിച്ചത്.
തുടര്‍ന്ന് കുട്ടിയെ ശ്രീജയെ ഏല്‍പ്പിച്ച് ഫോണെടുക്കാന്‍ അയല്‍വാസി വീട്ടിലേക്ക് പോയ സമയത്ത് കുട്ടി വളരെ അവശയാവുകയും ശ്വാസതടസ്സം അനുഭവപ്പെടുകയുമായിരുന്നു. ഒട്ടും സമയം പാഴാക്കാതെ ശ്രീജ കുട്ടിക്ക് വായിലൂടെ കൃത്രിമശ്വാസം നല്കി. ശ്വാസഗതി പൂര്‍വസ്ഥിതിയിലായ കുട്ടിയെ ഉടന്‍ ഒല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുട്ടിക്ക് കോവിഡ് പോസിറ്റിവാണെന്ന് സ്ഥിരീകരിച്ചു. അവിടെനിന്ന് മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച കുഞ്ഞ് ആരോഗ്യസ്ഥിതി വീണ്ടെടുത്തു.
കുട്ടിയുടെ അമ്മയും വീട്ടുകാരും നെഗറ്റിവാണ്. എങ്കിലും ശ്രീജയും കുടുംബവും ഗാര്‍ഹിക സമ്പര്‍ക്കവിലക്കില്‍ പ്രവേശിച്ചു. ശ്വാസതടസ്സം നേരിട്ട കുട്ടിക്ക് സമയോചിതമായി കൃത്രിമ ശ്വാസം നല്‍കാനായതിനാലാണ് ജീവന് രക്ഷിക്കാനായതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കെ.കെ. രാമചന്ദ്രന് എം.എല്‍.എ, നെന്മണിക്കര പഞ്ചായത്ത് പ്രസിഡൻറ് ടി.എസ്. ബൈജു, വിവിധ സംഘടനകള്‍ എന്നിവര്‍ ശ്രീജക്ക് അഭിനന്ദനവുമായെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.