നേതാവിനെ ആവശ്യമുണ്ട്; ഗുരുവായൂർ മണ്ഡലം നയിക്കാൻ

ഗുരുവായൂര്‍: പ്രസിഡന്റുമാര്‍ വാഴാത്ത ഗുരുവായൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പുതിയ നേതാവിനെ തേടുന്നു. പ്രസിഡന്റായിരുന്ന ഒ.കെ.ആര്‍. മണികണ്ഠന്‍ മൂന്നു മാസമായി അവധിയിലായതിനെ തുടര്‍ന്നാണ് മണ്ഡലം കമ്മിറ്റിയെ നയിക്കാനുള്ള 'താൽക്കാലിക' നേതാവിനെ തേടുന്നത്.

ജോഡോ യാത്രക്കാലത്ത് നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി. ഉദയന് ഡി.സി.സി താൽക്കാലിക ചുമതല നല്‍കിയെങ്കിലും സ്ഥാനത്ത് തുടരാന്‍ ഉദയന്‍ താൽപര്യം കാണിച്ചിട്ടില്ല.

ഗുരുവായൂരിലെ മുതിര്‍ന്ന നേതാക്കളുമായി രണ്ട് ദിവസം മുമ്പ് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂര്‍ ആശയവിനിമയം നടത്തിയെങ്കിലും സമവായത്തിലെത്താനായില്ല. ഇപ്പോള്‍ അവധിയിലായ മണികണ്ഠന്‍ നേരത്തേ മണ്ഡലം പ്രസിഡന്റായിരുന്നു. ജോസ് കെ. മാണിക്ക് രാജ്യസഭ എം.പി സ്ഥാനം യു.ഡി.എഫ് നല്‍കിയതില്‍ പ്രതിഷേധിച്ച് രാജിവെച്ചു.

ബാലന്‍ വാറനാട്ടായി പിന്നീട് മണ്ഡലം പ്രസിഡന്റ്. നഗരസഭ തെരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് അദ്ദേഹം രാജിവെച്ചു. വീണ്ടും മണികണ്ഠനെ പ്രസിഡന്റാക്കിയെങ്കിലും വ്യക്തിപരമായ കാരണങ്ങളാല്‍ മൂന്നുമാസത്തോളമായി അവധിയിലാണ്.

എത്രകാലത്തേക്കാണ് അവധിയെന്നും വ്യക്തമാക്കിയിട്ടില്ല. ജോഡോ യാത്രയും അനുബന്ധ പരിപാടികളുമല്ലാതെ കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളൊന്നും ഗുരുവായൂരില്‍ നടക്കാത്തതില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധത്തിലാണ്.

സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷിക വേളയില്‍ പാര്‍ട്ടി ഓഫിസില്‍ പതാക ഉയര്‍ത്തുന്ന ചടങ്ങുപോലും നടന്നില്ലെന്ന് അവര്‍ പറയുന്നു. സഹകരണ സംഘങ്ങളിലെ സ്ഥാനമാനങ്ങളെ ചൊല്ലിയുള്ള പോരിലാണ് പാര്‍ട്ടി പ്രവര്‍ത്തനം നിലച്ചിരിക്കുന്നത്.

പാര്‍ട്ടി അധികാരത്തിലുള്ള സഹകരണ സംഘങ്ങളില്‍ നടത്തുന്ന പോരാട്ട വീര്യത്തിന്റെ നൂറിലൊരംശം ജനകീയ വിഷയങ്ങളില്‍ നേതൃത്വം പ്രകടിപ്പിക്കുന്നില്ലെന്ന വിമര്‍ശനവുമുണ്ട്. 2000 ജനുവരി രണ്ടിന് കോണ്‍ഗ്രസിന് നഷ്ടപ്പെട്ട നഗരസഭ ഭരണം 22 വര്‍ഷമായിട്ടും തിരിച്ചുലഭിച്ചിട്ടില്ല. കഴിഞ്ഞ നഗരസഭ തെരഞ്ഞെടുപ്പില്‍ സ്ഥിതി കൂടുതല്‍ ദയനീയമാവുകയും ചെയ്തു.

ഗുരുവായൂരിലെ ജനകീയ വിഷയങ്ങളിലൊന്നും കോണ്‍ഗ്രസിന്റെ സ്വരം കേള്‍ക്കാനില്ലെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. പ്രധാനകക്ഷിയായ കോണ്‍ഗ്രസ് നിര്‍ജീവമായതോടെ യു.ഡി.എഫ് സംവിധാനവും നിര്‍ജീവമാണ്. നഗരസഭ പരിധിയില്‍ ഗുരുവായൂര്‍, പൂക്കോട് വെസ്റ്റ്, പൂക്കോട് ഈസ്റ്റ്, തൈക്കാട് എന്നീ മണ്ഡലം കമ്മിറ്റികളാണുള്ളത്.

Tags:    
News Summary - A leader is needed to lead the Guruvayur constituency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.