ഗുരുവായൂര്‍: കാല്‍നൂറ്റാണ്ടായ ഭരണം തുടരാന്‍ എല്‍.ഡി.എഫ്, 2000ല്‍ നഷ്ടമായ അധികാരത്തില്‍ തിരിച്ചെത്തുമെന്നുള്ള ആത്മവിശ്വാസത്തോടെ യു.ഡി.എഫ്, അധികാരം പിടിക്കാനിറങ്ങിയിട്ടുള്ള എന്‍.ഡി.എ... ശക്തിതെളിയിക്കാന്‍ രംഗത്തുള്ള വെൽഫെയർ പാർട്ടി, ആം ആദ്മി, എസ്.ഡി.പി.ഐ കക്ഷികളും. 46 വാര്‍ഡുകളുള്ള ഗുരുവായൂര്‍ നഗരസഭയിലെ തെരഞ്ഞെടുപ്പ് ചിത്രം ഇതാണ്. ദേശീയപ്രാധാന്യമുള്ള ക്ഷേത്ര നഗരം എന്നതിനാല്‍ ഗുരുവായൂരിന്റെ ഭരണം പിടിക്കുക എല്ലാ മുന്നണികള്‍ക്കും അഭിമാനമാണ്. മുഴുവന്‍ സ്ഥാനാർഥികളുടെയും പട്ടിക ആദ്യം പ്രഖ്യാപിച്ചത് യു.ഡി.എഫ് ആയിരുന്നു.
അടുത്ത ദിവസം തന്നെ എല്‍.ഡി.എഫ് പട്ടികയും വന്നു. ആദ്യഘട്ടത്തില്‍ 21 പേരുടെ പട്ടിക പ്രഖ്യാപിച്ച ബി.ജെ.പിയുടെ അന്തിമപട്ടിക ഏറ്റവും ഒടുവിലാണ് പുറത്തിറക്കിയത്. അസാധ്യമായവ സാധ്യമാക്കിയ വികസന നേട്ടങ്ങളും ദേശീയ, സംസ്ഥാന തലത്തില്‍ നഗരസഭക്ക് ലഭിച്ച അംഗീകാരങ്ങളും ഉയര്‍ത്തിക്കാട്ടിയാണ് എല്‍.ഡി.എഫ് ഭരണതുടര്‍ച്ചക്ക് അങ്കത്തട്ടിലുള്ളത്. എന്നാല്‍ 25 വര്‍ഷം കൊണ്ട് നഗരത്തെ പുറകോട്ടടിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫ് തിരിച്ചുവരവിന് കച്ചകെട്ടുന്നത്.
കേന്ദ്രം നടപ്പാക്കിയ വികസനം മാത്രമേ ഗുരുവായൂരിലുള്ളൂവെന്ന അവകാശവാദമുയര്‍ത്തിയാണ് ബി.ജെ.പി പതിനെട്ടടവും പയറ്റുന്നത്. നാല് വാര്‍ഡുകളില്‍ വീതം വെല്‍ഫെയര്‍ പാര്‍ട്ടിയും ആം ആദ്മിയും രംഗത്തുണ്ട്. ഒരു വാര്‍ഡില്‍ എസ്.ഡി.പി.ഐ ഉണ്ട്. മൂന്ന് മുന്നണികള്‍ക്കും വിമത ശല്യം ഉണ്ട് എന്നതാണ് ഗുരുവായൂരിലെ പ്രത്യേകത. നിലവിലെ വൈസ് ചെയര്മാന് സി.പി.ഐയിലെ അനീഷ്മ ഷനോജ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പൂക്കോട് വെസ്റ്റില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന ലിസി ബൈജു രംഗത്തുണ്ട്.
സി.പി.ഐ മണ്ഡലം അസി. സെക്രട്ടറി കെ.കെ. ജ്യോതിരാജ് മത്സരിക്കുന്ന വാര്‍ഡ് 17ല്‍ സി.പി.ഐക്കാരന് തന്നെയായ മുന്‍ നഗരസഭ വൈസ് ചെയര്മാന് അഭിലാഷ് വി. ചന്ദ്രന് സ്വതന്ത്രനാണ്. വാര്‍ഡ് 34ല്‍ ബി.ജെ.പിയുടെ സിറ്റിങ് കൗണ്‍സിലര്‍ ജ്യോതി രവീന്ദ്രനാഥ് മത്സരിക്കുന്നയിടത്ത് ബി.ജെ.പി ജില്ല കമ്മിറ്റി അംഗമായിരുന്ന കെ.കെ. സുമേഷ്കുമാറുണ്ട്. യു.ഡി.എഫ് മുസ്ലിം ലീഗിന് നല്കിയ വാര്‍ഡ് 10ല്‍ കോണ്‍ഗ്രസിലെ പി.എസ്. രാജന് സ്വതന്ത്രനായുണ്ട്. വാര്‍ഡ് 41ല്‍ സി.പി.എമ്മിന്റെ വി. അനൂപിനെതിരെ പാര്‍ട്ടി അനുഭാവിയായ ഷിനോബ് ചട്ടിക്കല്‍ സ്വതന്ത്രനാണ്. 2020 ലെ കക്ഷിനില: ആകെ വാര്‍ഡ് -43, എല്‍.ഡി.എഫ് -28, യു.ഡി.എഫ് -12, ബി.ജെ.പി -രണ്ട്, സ്വതന്ത്ര -ഒന്ന്. ഇപ്പോഴത്തെ വാര്‍ഡുകളുടെ എണ്ണം: 46.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.