ചരിഞ്ഞ തിരുവമ്പാടി കുട്ടിശങ്കരന്‍റെ കണ്ണുകൾ അടക്കാൻ ശ്രമിക്കുന്ന പാപ്പാൻ വാഴക്കുളം മണി                            -ജോൺസൺ വി. ചിറയത്ത്

ഇനി തർക്കം വേണ്ട; കൊമ്പൻ തിരുവമ്പാടി കുട്ടിശങ്കരൻ വിടവാങ്ങി

തൃശൂർ: കൊമ്പൻ തിരുവമ്പാടി കുട്ടിശങ്കരൻ (68) വിടവാങ്ങി. ഒന്നര വർഷം മുമ്പ് വനംവകുപ്പിന് കൈമാറിയിട്ടും കൊണ്ടുപോവാതെ തൃശൂരിൽ തന്നെ നിർത്തിയിരിക്കുകയായിരുന്നു. നേരത്തേ തിരുവമ്പാടി ക്ഷേത്രത്തിലെ ചടങ്ങുകളിലെ നിത്യസാന്നിധ്യമായിരുന്ന കുട്ടിശങ്കരൻ തൃശൂർ പൂരമടക്കം നിരവധി ഉത്സവങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.

യു.പിയിൽനിന്ന് 1979ലാണ് ആനയെ കേരളത്തിലെത്തിച്ചത്. 1987ലാണ് ആനപ്രേമി ചിറ്റിലപ്പിള്ളി ഡേവീസ് കുട്ടിശങ്കരനെ വാങ്ങിയത്. രണ്ടുവർഷം മുമ്പ് ഉടമ ഡേവീസിന്‍റെ മരണശേഷം ഭാര്യ ഓമനയുടെ പേരിലേക്ക് ആനയുടെ ഉടമസ്ഥാവകാശം മാറ്റി. കൊമ്പനെ ഏറ്റെടുക്കാൻ ട്രസ്റ്റുകളും ചില ക്ഷേത്രങ്ങളും തയാറായിരുന്നെങ്കിലും പരിപാലിക്കാനും കൈമാറാനും നിയമം അനുവദിക്കാത്തതിനാൽ വനം വകുപ്പിന് നൽകാൻ കുടുംബം തീരുമാനിക്കുകയായിരുന്നു.

അപേക്ഷ നൽകിയ ഉടൻ ആനയെ ഏറ്റെടുത്തതായി വനം വകുപ്പ് ഉത്തരവിറക്കി. ആരോഗ്യ പരിശോധന നടത്തി അന്നുതന്നെ ആനയെ കോടനാട് ആനകേന്ദ്രത്തിലേക്ക് കൊണ്ടുപോകേണ്ടതായിരുന്നു. ഈ സമയത്ത് ആനക്ക് മദപ്പാടായിരുന്നതിനാൽ അത് കഴിയട്ടെയെന്നായി വനംവകുപ്പ്. പിന്നീട് കോവിഡ് ആയതോടെ അതിന്‍റെ പേരിലും വൈകി. ഈ കാലയളവിൽ കൊമ്പ് മിനുക്കലും ചികിത്സയും പരിപാലനത്തിലും വനംവകുപ്പ് ശ്രദ്ധിക്കാതിരുന്നത് കുട്ടിശങ്കരനെ കൂടുതൽ അസുഖബാധിതനാക്കി.

വനംവകുപ്പ് ഏറ്റെടുത്തെങ്കിലും ഭക്ഷണവും പരിപാലനവുമടക്കം നടത്തിയിരുന്നത് ഡേവീസിന്‍റെ കുടുംബമായിരുന്നു. വിഷയം വാർത്തയായതോടെ ആനപ്രേമികളും ഉത്സവ സംഘാടകരുമടക്കം കുട്ടിശങ്കരന്‍റെ സംരക്ഷണമാവശ്യമുയർത്തി രംഗത്തെത്തിയിരുന്നു. ആന ഉടമകളുടെ നേതൃത്വത്തിൽ രൂപവത്കരിച്ച ഗണേഷ് ട്രസ്റ്റ് ആനയെ ഏറ്റെടുക്കാമെന്ന് അറിയിച്ച് രംഗത്തെത്തിയെങ്കിലും നടന്നിരുന്നില്ല.

വനംവകുപ്പിന്‍റെ കെടുകാര്യസ്ഥതയാണ് ആനയുടെ വിയോഗത്തിലേക്ക് നയിച്ചതെന്ന് ആക്ഷേപമുണ്ട്.

Kompan Thiruvambadi Kuttisankaran has left

തൃശൂര്‍: 2017 ഫെബ്രുവരി ഏഴ്... തൃശൂർ സ്വരാജ് റൗണ്ടിൽ നടുവിലാലിന് സമീപം ഉടമ ഡേവീസിന്‍റെ മൃതദേഹത്തിനരികിൽ കണ്ണീർ വാർത്തും തുമ്പിക്കൈ ചേർത്ത് പിടിച്ചും നിന്ന കൊമ്പൻ കുട്ടിശങ്കരൻ കണ്ടുനിന്നവരെ പൊട്ടിക്കരയിപ്പിച്ച കാഴ്ചയായിരുന്നു. അത്രമേൽ ആഴത്തിലുള്ളതായിരുന്നു കുട്ടിശങ്കരനും ഡേവീസും തമ്മിലെ ബന്ധം. കുറുമ്പും കുസൃതിയുമൊക്കെ പലയിടത്തും അതിരുവിട്ടിട്ടുണ്ടെങ്കിലും ഡേവീസിന്‍റെയടുത്ത് ഏറെ അനുസരണയുള്ള കുട്ടിയായിരുന്നു കുട്ടിശങ്കരൻ. സ്നേഹക്കൂടുതലുള്ളവരോട് ആ സ്നേഹം തിരിച്ചും കാണിക്കുന്ന പ്രകൃതം. ആനകളെ മക്കളെപ്പോലെ സ്നേഹിക്കുകയും ഉത്സവങ്ങള്‍ക്കായി ജീവിതം സമര്‍പ്പിക്കുകയും ചെയ്ത ഡേവീസിനരികിലേക്ക് കുട്ടിശങ്കരനും യാത്രയായി.

തിരുമ്പാടി ദേവസ്വത്തിന്‍റെയല്ലാതിരുന്നിട്ടും തലയെടുപ്പ് കണക്കെ തിരുവമ്പാടി കുട്ടിശങ്കരൻ എന്ന പേരിൽ ദേവസ്വം കുടുംബാംഗമായിട്ടായിരുന്നു കൊമ്പൻ കഴിഞ്ഞിരുന്നത്. അത് ചിറ്റിലപ്പിള്ളി ഡേവീസും തിരുവമ്പാടി ദേവസ്വവും തമ്മിലുള്ള ബന്ധം കൂടിയായിരുന്നു. തിരുവമ്പാടി ദേവസ്വം ഭരണസമിതിയില്‍ 'അംഗമല്ലാത്ത അംഗ'മായിരുന്നു ഡേവീസ് ചിറ്റിലപ്പള്ളി. തിരുവമ്പാടിയുടെ കൊമ്പന്മാരുടെ ചുമതലക്കാരൻ. 'കൃസ്ത്യാനിയുടെ ആന' ഹിന്ദു ക്ഷേത്രത്തിലെ ശീവേലിയടക്കമുള്ള നിത്യചടങ്ങുകളിലെ പ്രധാനിയായിരുന്നു. പൂരത്തിനും പ്രതിഷ്ഠ ദിനത്തിനും വേലക്കുമടക്കം എഴുന്നള്ളിപ്പുകളിലെല്ലാം നിർണായക സ്ഥാനം കുട്ടിശങ്കരനുണ്ടായിരുന്നു. 2017ൽ പൂരമെത്താനിരിക്കെ ഡേവീസ് വിടപറയുമ്പോൾ കുട്ടിശങ്കരനെ ദേവസ്വം പരിപാലിക്കാനായിരുന്നു ഉദ്ദേശിച്ചതെങ്കിലും കൈമാറ്റം സംബന്ധിച്ച നിയമപ്രശ്നമാണ് തടസ്സമായത്. ഇതോടെ പുറത്തെ എഴുന്നള്ളിപ്പിന് മാത്രമല്ല, ദൈനംദിന വ്യായാമമടക്കമുള്ള കാര്യങ്ങളും കുഴഞ്ഞു. ഇതോടെയാണ് ആനയെ ഏറ്റെടുക്കാൻ ആവശ്യപ്പെട്ട് വനംവകുപ്പിന് കുടുംബം അപേക്ഷ നൽകിയത്. അപേക്ഷയിൽ ഏറ്റെടുത്തുവെന്ന് അറിയിക്കാൻ വൈകിയില്ലെങ്കിലും പ്രായോഗികമായി നടപ്പായില്ല. കോവിഡ് ഇടവേളക്ക് ശേഷം തൃശൂർ പൂരം കെങ്കേമമായി ആഘോഷിക്കാനിരിക്കെയാണ് കുട്ടിശങ്കരന്‍റെ വിയോഗമെന്നതിന്‍റെ വേദനയിലാണ് തിരുവമ്പാടിയും ആനപ്രേമികളും.

വിവിധ ദേവസ്വങ്ങൾ, ഉത്സവ സംഘടനകൾ, ആനപ്രേമി-പൂരപ്രേമി സംഘടനകൾ, വ്യക്തികൾ തുടങ്ങിയവർ കുട്ടിശങ്കരന് അന്ത്യാഞ്ജലിയർപ്പിക്കാനെത്തി. വൈകീട്ട് നടപടിക്രമങ്ങൾ പൂർത്തിയാക്കി വനംവകുപ്പ് കോടനാട് വനത്തിൽ സംസ്കരിച്ചു.

Tags:    
News Summary - elephant Thiruvambadi Kuttisankaran died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.