ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലേക്ക് പ്രതിഷേധവുമായെത്തിയ പ്രവർത്തകരെ ഗേറ്റിന് മുന്നിൽ പൊലീസ് തടഞ്ഞപ്പോൾ
കാട്ടൂർ: മന്ത്രിയുടെ വാക്ക് പാഴ്വാക്കായതോടെ കാട്ടൂരിലെ കുടിവെള്ള മലിനീകരണത്തിനെതിരേ വീണ്ടും പ്രതിഷേധം ശക്തമായി. പ്രതിഷേധത്തിന്റെ ഭാഗമായി കുടിവെള്ള സംരക്ഷണ സമിതി തിങ്കളാഴ്ച മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് മുന്നിൽ നടത്തിയ ഉപരോധസമരത്തിനിടയിൽ പൊലീസും പ്രവർത്തകരും തമ്മിൽ ചെറിയ തോതിൽ ഉന്തും തള്ളുമുണ്ടായി. മലിനീകരണത്തിന് കാരണക്കാരായ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ രണ്ട് കമ്പനികൾക്ക് മുന്നിലേക്ക് പ്രതിഷേധവുമായെത്തിയ സ്ത്രീകളടക്കമുള്ള പ്രവർത്തകരെ ഗേറ്റിന് മുന്നിൽ പൊലീസ് തടഞ്ഞപ്പോഴാണ് നേരിയ സംഘർഷാവസ്ഥയുണ്ടായത്.
സമാധാനപരമായി സമരം നടത്തിയില്ലെങ്കിൽ കേസെടുത്ത് അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയെങ്കിലും കമ്പനികൾക്ക് മുന്നിലേക്ക് പോകണമെന്ന് സമരക്കാർ വാശി പിടിക്കുകയായിരുന്നു. പൊലീസ് ഇതിന് വഴങ്ങാതായതോടെയാണ് ഉന്തും തള്ളുമുണ്ടായത്. ഇതിനിടയിൽ നേതാക്കൾ ഇടപെട്ട് സമരക്കാരെ പിന്തിരിപ്പിച്ചു. എന്നാൽ, ഈ സമരം സൂചന മാത്രമാണെന്നും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലായെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്താനാണ് തീരുമാനമെന്നും സമരസമിതി ഭാരവാഹികൾ പറഞ്ഞു. ശാസ്ത്രസാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മണ്ഡലം മുൻ പ്രസിഡന്റ് റഷീദ് കാറളം പ്രതിഷേധം ഉദ്ഘാടനം ചെയ്തു. കുടിവെള്ള സംരക്ഷണ സമിതി പ്രസിഡന്റ് അരുൺ വൻപറമ്പിൽ അധ്യക്ഷത വഹിച്ചു.
കുടിവെള്ള പ്രശ്നം പരിഹരിക്കാൻ മന്ത്രി ആർ.ബിന്ദു നൽകിയ വാക്ക് പാലിക്കുക, മണ്ണിന്റെ വിദഗ്ധ പരിശോധന നടത്തുന്നതുവരെ കമ്പനികൾ അടച്ചിടുക എന്നീ ആവശ്യങ്ങളുന്നയിച്ച് മന്ത്രിയെ കാണാൻ വായ് മൂടിക്കെട്ടി പ്രകടനവുമായെത്തിയ കുടിവെള്ള സംരക്ഷണ സമിതി പ്രവർത്തകരെ പൊലീസ് തടഞ്ഞു.
മന്ത്രി ബിന്ദുവിനെ കാണാൻ വായ് മൂടിക്കെട്ടിയെത്തിയ പ്രവർത്തകർ റോഡിലിരുന്ന് പ്രതിഷേധിക്കുന്നു
തിങ്കളാഴ്ച പൊഞ്ഞനം മഹിള സമാജത്തിൽ ഫിറ്റ്നസ് സെന്റർ ഉദ്ഘാടനം ചെയ്യാനെത്തുമെന്നറിഞ്ഞപ്പോഴാണ് പ്രവർത്തകർ പ്ലക്കാർഡുകളുമായെത്തിയത്. മുൻകരുതലായി സമാജത്തിന്റെ നൂറു മീറ്റർ അകലെ പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. ഇതോടെ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. വൈകീട്ട് ആറരയോടെ മന്ത്രി ഉദ്ഘാടനം കഴിഞ്ഞ് മടങ്ങിയതോടെയാണ് മൂന്നു മണിക്കൂർ നീണ്ട പ്രതിഷേധം പ്രവർത്തകർ അവസാനിപ്പിച്ചത്.
മണ്ണുപരിശോധന ഫലം വരുന്നതുവരെ ആരോപണ വിധേയരായ കമ്പനികൾ അടച്ചിടാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകുമെന്ന് ഇക്കഴിഞ്ഞ സെപ്റ്റംബർ 23ന് പഞ്ചായത്ത് ഓഫിസിൽ ചേർന്ന പ്രത്യേക യോഗത്തിലാണ് മന്ത്രി ആർ. ബിന്ദു ഉറപ്പു നൽകിയത്. ഈ ആവശ്യമുന്നയിച്ച് സിഡ്കോ, വ്യവസായ വകുപ്പ് എന്നിവർക്ക് പഞ്ചായത്ത് കത്ത് നൽകിയിരുന്നു. എന്നാൽ രണ്ടാഴ്ച പിന്നിട്ടിട്ടും മന്ത്രിയുടെ വാക്ക് പ്രാവർത്തികമായില്ലയെന്നാണ് സമരക്കാരുടെ ആരോപണം.
മേഖലയിലെ കുടിവെള്ള പ്രശ്നം പഠിച്ച് ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ സെപ്റ്റംബർ 12ന് ജില്ല കലക്ടർ അർജുൻപാണ്ഡ്യൻ തദ്ദേശ സ്വയംഭരണ വകുപ്പ് ജോ. ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വിദഗ്ധ സംഘം സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകണമെന്നായിരുന്നു നിർദേശം. എന്നാൽ സന്ദർശനം നടത്തിയതല്ലാതെ റിപ്പോർട്ടിനെ കുറിച്ച് അറിയില്ലെന്നായിരുന്നു പഞ്ചായത്തധികൃതർ സമരക്കാർക്ക് നൽകിയ മറുപടി. ജനങ്ങളുടെ ആരോഗ്യ സുരക്ഷക്ക് യാതൊരു പരിഗണനയും ലഭിക്കാതായതോടെ സഹികെട്ടാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന സമരക്കാർ പ്രതിഷേധവുമായി ഇറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.