റേഷൻ ഭക്ഷ്യധാന്യ വിതരണം പൂർത്തിയായില്ല

തൃശൂർ: മാസം അവസാനിക്കാൻ ഇനി ശേഷിക്കുന്നത് ഒമ്പത് ദിവസം. എന്നാൽ തൃശൂർ താലൂക്കിൽ റേഷൻകടകളിലേക്ക് ഭക്ഷ്യധാന്യ വിതരണം ഇപ്പോഴും പൂർത്തിയായിട്ടില്ല. ഒരു മാസത്തേക്കുള്ള അരിയും സാധനങ്ങളും തൊട്ടുമുമ്പുള്ള മാസം അവസാനം തന്നെ വിതരണം ആരംഭിക്കുകയാണ് പതിവ്. ഇത് നടക്കാത്തതിനാൽ തൃശൂർ താലൂക്കിൽ ഈമാസത്തെ റേഷൻ വിതരണം തന്നെ തുടങ്ങിയത് ആറാം തീയതിയാണ്. ഇ-പോസിൽ ഒരുമാസം അവസാനിക്കുന്നതിന് പിന്നാലെ അടുത്തമാസത്തെ വിഹിതം അപ്ലോഡ് ചെയ്യാനായി ഒരു ദിവസം വൈകുന്ന പതിവുണ്ട്. നേരത്തെ മാസം അവസാനിച്ചശേഷം അടുത്തമാസം കഴിഞ്ഞമാസം വാങ്ങാത്തവർക്കായി കുറച്ചുദിവസം നൽകുന്ന പതിവ് നിർത്തലാക്കിയിട്ട് മാസങ്ങളായി. എന്നിട്ടും തൃശൂരിൽ റേഷൻ വിതരണം ആറിന് തുടങ്ങാൻ കാരണം വിതരണത്തിലെ പാളിച്ചയാണ്. സർക്കാറിന് പണം അടച്ചവർക്ക് മാത്രമേ അരിയുള്ളുവെന്ന് പറഞ്ഞാണ് റേഷൻകടകളിലേക്ക് ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്ന വാതിൽപടി വിതരണം വൈകിപ്പിക്കുന്നത്. അതേസമയം കഴിഞ്ഞ ഏഴിന് പണം അടച്ച വ്യാപാരിക്ക് 19നാണ് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തതെന്ന വിരോധാഭാസവും ഉണ്ടായിട്ടുണ്ട്.

അതേസമയം ജില്ലയിലെ ഏഴ് താലൂക്കുകളിൽ കൊടുങ്ങല്ലൂർ ഒഴികെ ഇതര താലൂക്കുകളിൽ റേഷൻ വസ്തുക്കൾ വിതരണം ചെയ്യുന്നത് ഒരാളാണ്. ബിനാമി പേരുകളിൽ വിവിധ താലൂക്കുകളിൽ ഇയാളുടെ ആളുകൾക്കാണ് ഗതാഗത കരാർ ലഭിച്ചിട്ടു=ള്ളതെന്നാണ് വ്യാപാരികളുടെ ആക്ഷേപം. അതുകൊണ്ട് തന്നെ എഫ്.സി.ഐയിൽ നിന്നും സമയത്തിന് അരി ഗോഡൗണുകളിൽ എത്തിക്കുന്നതിനും ഗോഡൗണുകളിൽ നിന്നും റേഷൻകടകളിലേക്ക് വിതരണം നടത്തുന്നതിനും അവശ്യമായ വാഹനങ്ങളുടെ കുറവുണ്ട്. അതിനാൽ താലൂക്കുകളിൽ ഏറ്റവും വലിയ താലൂക്കായ തൃശൂരിന് പലപ്പോഴും വൈകിയാണ് അരിയടക്കം ലഭിക്കുന്നത്. അതേസമയം മഴയാണ് കാര്യങ്ങൾ കുഴച്ചതെന്നാണ് താലൂക്ക് സപ്ലൈ ഓഫിസറുടെ വിശദീകരണം. എന്നാൽ ഇതര താലൂക്കുകളിൽ സമാനമായ വൈകൽ അത്രമേൽ ഇല്ലതാനും.

ജി.പി.എസ് ഘടിപ്പിച്ച് വാഹനങ്ങൾ

നിരീക്ഷണവിധേയമാക്കുന്നതോടൊപ്പം കരാർ അനുസരിച്ച വാഹനങ്ങൾ സർവിസ് നടത്തുന്നുണ്ടോ എന്ന് കൂടി പരിശോധിക്കണമെന്നാണ് റേഷൻ വ്യാപാരികളുടെ ആവശ്യം. മിന്നൽ പരിശോധന അടക്കം നടത്തി ജനത്തിന് റേഷൻ സമയബന്ധിതമായി നൽകാൻ സാഹചര്യം സർക്കാർ ഏർപ്പെടുത്തണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

സ്റ്റോക്ക് എത്തുന്നതോടെ തിരിച്ചുവെക്കാവുന്ന രീതിയിൽ നിലവിൽ റേഷൻകടകളിലുള്ള വിവിധ സ്റ്റോക്കുകളിൽ നിന്നും എടുത്ത് നൽകാൻ അനുമതി വേണമെന്നാണ് വ്യാപാരികളുടെ ആവശ്യം. എന്നാലിത് തിരിമറിക്ക് വളംവെക്കുമെന്നതിനാലാണ് അനുമതി നൽകാത്തത്. അതേസമയം ഗതാഗത കരാർ പാലിക്കുന്നത് പരിശോധിച്ച് നടപടി സ്വീകരിക്കുന്നതോടെ തീരുന്ന പ്രശ്നങ്ങൾ മാത്രമേ താലൂക്കിലുള്ളൂ.

Tags:    
News Summary - Distribution of ration food grains is not completed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.